കണ്ണൂരിൽ ഇടതാധിപത്യം
text_fieldsകണ്ണൂർ: പേരിനൊരു മത്സരം പോലുമില്ലാതെ 14 വാർഡുകളിലെ ഉജ്ജ്വല വിജയവുമായാണ് കണ്ണൂരിൽ ഇടതാധിപത്യത്തിന്റെ തുടക്കം. ആന്തൂർ നഗരസഭയിൽ അഞ്ചും കണ്ണപുരം, മലപ്പട്ടം ഗ്രാമപഞ്ചായത്തുകളിൽ ആറും മൂന്നും വാർഡുകളിലാണ് ഈ ജയം. എന്നാൽ, കഴിഞ്ഞ തവണ 18 പേർ ജയിച്ചിടത്ത് 14 ആക്കാൻ കഴിഞ്ഞെന്ന ആശ്വാസമാണ് യു.ഡി.എഫിന്. സംസ്ഥാനത്ത് യു.ഡി.എഫ് ഭരിക്കുന്ന ഏക കോർപറേഷൻ കണ്ണൂർ എന്നതാണ് ഇടതിനുള്ള ഏക സങ്കടവും. കോർപറേഷൻ ഒഴികെ ജില്ല പഞ്ചായത്ത്, നഗരസഭകൾ, ബ്ലോക്കുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയിലെല്ലാം ഇടത് മേധാവിത്വമാണ്. ഒരു നഗരസഭയിലും 10 ഗ്രാമപഞ്ചായത്തുകളിലും രണ്ട് ബ്ലോക്കിലും പ്രതിപക്ഷമില്ലാതെയാണ് ഇടത് ഭരണം.
കണ്ണൂർ ജില്ല
ജില്ല പഞ്ചായത്ത്- ഡിവിഷൻ 25- സ്ഥാനാർഥികൾ 93
കോർപറേഷൻ-വാർഡുകൾ 56-സ്ഥാനാർഥികൾ 208
നഗരസഭ (9)-വാർഡ് 333- സ്ഥാനാർഥികൾ 891
കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് 35, എൽ.ഡി.എഫ് 19, ബി.ജെ.പി 1 എന്നിങ്ങനെയാണ് കക്ഷിനില. എൽ.ഡി.എഫ് ഭരിക്കുന്ന ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫ് 17, യു.ഡി.എഫ് 7 എന്നിങ്ങനെയുമാണ്. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിൽ 57 ഇടത്തും എൽ.ഡി.എഫാണ്. 14 എണ്ണം യു.ഡി.എഫ്. ഒമ്പത് നഗരസഭകളിൽ ആറും എൽ.ഡി.എഫിന്റേത്. മൂന്ന് എണ്ണമാണ് യു.ഡി.എഫിനുള്ളത്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 10 ഉം എൽ.ഡി.എഫിന്റേത്. യു.ഡി.എഫ് ഒന്ന്.
ആധിപത്യം തുടരുമ്പോഴും ഇടതിന് വിമതശല്യമുണ്ട്. പാർട്ടി കോട്ടകളായ പയ്യന്നൂരിലും ചെറുകുന്നിലും മുൻ ബ്രാഞ്ച് സെക്രട്ടറിമാരാണ് വിമതർ. സി.പി.എം ജില്ല സെക്രട്ടറിയുടെ നാടായ മുണ്ടേരി പഞ്ചായത്തിൽ മുൻ ലോക്കൽ സെക്രട്ടറിയുടെ ഭാര്യയും വിമത സ്ഥാനാർഥിയാണ്. കണ്ണൂർ കോർപറേഷൻ താളികാവിലെ വിമതനെ അവസാനനിമിഷം പിൻവലിപ്പിച്ചെങ്കിലും അസ്വാരസ്യങ്ങൾ തീർന്നില്ല. കോർപറേഷൻ ഭരിക്കുന്ന യു.ഡി.എഫിനും വിമതശല്യമുണ്ട്. ജില്ലയിൽ വിമതർ ഏറെയുള്ളതും യു.ഡി.എഫിനാണ്. കണ്ണൂരിൽ ഒരിടത്തും ബി.ജെ.പി നിലവിൽ ഒരു തദ്ദേശസ്ഥാപനവും കണ്ണൂരിൽ ഇല്ല.


