സോണൽ താലൂക്ക് ലാൻഡ് ബോർഡുകൾ പിരിച്ചുവിടുന്നതാണ് നല്ലതെന്ന് നിയമവിദഗ്ധർ
text_fieldsകെ. രാജൻ
തൃശൂർ: സോണൽ താലൂക്ക് ലാൻഡ് ബോർഡുകൾ (ടി.എൽ.ബികൾ) പിരിച്ചുവിടുന്നതാണ് നല്ലതെന്ന് നിയമവിദഗ്ധർ. 1963ലെ ഭൂപരിഷ്കരണ നിയമപ്രകാരം മിച്ചഭൂമി കേസ് കാര്യക്ഷമമായി നടത്തുന്നതിനാണ് സോണൽ ലാൻഡ് ബോർഡുകൾ രൂപീകരിച്ചത്. എന്നാൽ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ സോണൽ ലാൻഡ് ബോർഡിന് കഴിഞ്ഞില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുച്ചഭൂമി കേസിൽ 11 ശതമാനം മാത്രമാണ് തീർപ്പ് കൽപ്പിക്കാൻ കഴിഞ്ഞത്.
ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 100 പ്രകാരമാണ് ഓരോ താലൂക്കിലും താലൂക്ക് ലാൻഡ് ബോർഡ് (ടി.എൽ.ബി) രൂപീകരിച്ചത്. സിവിൽ കോടതിക്ക് സമാനമായ അധികാരമാണ് സ്ഥാപനമാണ് താലൂക്ക് ലാൻഡ് ബോർഡുകൾ. ഇതിനെ സംയോജിപ്പിച്ച് 2022 ഒക്ടോബർ 11നാണ് നാല് സോണൽ ലാൻഡ് ബോർഡുകൾ രൂപീകരിക്കാൻ തീരുമാനിച്ചു. ഡെപ്യൂട്ടി കലക്ടർമാരെ ചെയർമാൻമാരാക്കി നാല് താൽകാലിക സൂപ്പർ ന്യൂമററി തസ്തിക സൃഷ്ട്രിച്ചു. കോട്ടയം, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിങ്ങനെയാണ് സോണൽ ബോർഡുകൾ. കോട്ടയത്ത് - 34, തൃശൂർ- 20, മലപ്പുറം- 10, കണ്ണൂർ-12 എന്നിങ്ങനെ ടി.എൽ.ബികൾ സോണലിന് കീഴിലായി.
സംസ്ഥാനത്ത് നാല് താലൂക്ക് ലാൻഡ് ബോർഡ് മതിയെന്നാണ് സർക്കാർ തീരുമാനിച്ചത്. അതോടെ വില്ലേജ് ഓഫിസ് മുതൽ സർക്കാർ തലം വരെ താലൂക്ക് ലാൻഡ് ബോർഡുകൾ വരെ വ്യാപിച്ച് കിടന്ന ഭൂപരിഷ്കരണ നിയമം നാലു പേരിലായി ഒതുക്കി. മിച്ച ഭൂമി ഏറ്റെടുക്കുന്നതിൽ ഇത് സർക്കാറിന് തിരിച്ചടിയായി. പഴയ താലൂക്ക് ലാൻഡ് ബോർഡുകൾ പുനഃസ്ഥാപിക്കുകയാണ് നല്ലത്. നിയമപ്രകാരം ഇളവ് കൊടുത്ത ഭൂമിയാണ് പലയിടത്തും നഷ്ടപ്പെടുന്നത്. അട്ടപ്പാടിയിൽ മൂപ്പിൽ നായരുടെ ഭൂമി വിൽപ്പനയിലും സോണൽ ലാൻഡ് ബോർഡ് നടപടി സ്വീകരിച്ചിട്ടില്ല.
സോണൽ ലാൻഡ് ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമായി അല്ലെന്നാണ് വിലയിരുത്തൽ. ഏതാണ്ട് 11 ശതമാനം സീലിങ് കേസുകൾ മാത്രമേ അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ. വളരെ മോശമായ പ്രവർത്തനമാണ് സോണൽ ലാൻഡ് ബോർഡുകൾ നടത്തുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. രണ്ടായിരത്തോളം സീലിങ് കേസുകൾ തീർപ്പ് കൽപ്പിക്കാതെ കിടപ്പാണ്. ഒരോ മാസവും പുതിയ കേസുകൾ വരികയും ചെയ്യുന്നു.
പഴയ താലൂക്ക് ലാൻഡ് ബോർഡ് സംവിധാനം കുറേക്കൂടി കാര്യക്ഷമമായിരുന്നു എന്നാണ് വിലയിരുത്തൽ. പുതിയ പരിഷ്കാര പ്രകാരം കോട്ടയം, തൃശൂർ, മലപ്പുറം, കണ്ണൂർ സോണൽ ലാൻഡ് ബോർഡുകളാണ് രൂപീകരിച്ചത്. സോൺ സംവിധാനം നിലവിൽ വരുമ്പോൾ 1955 സീലിംഗ് കേസുകളാണ് ഉണ്ടായിരുന്നത്. പിന്നീട് 75 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ 2010 കേസുകളാണ് ഉണ്ടായിരുന്നത്. 231 കേസുകൾ മാത്രമേ 2024 ആഗസ്റ്റ് വരെ തീർപ്പ് കൽപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
1799 കേസുകളും തീർപ്പു കൽപ്പിക്കാതെ കിടപ്പാണ്. താലൂക്ക് ലാൻഡ് ബോർഡുകളുടെ പ്രവർത്തനം നിലച്ചതോടെ പല കേസുകളും എടുക്കുന്നതു പോലുമില്ല. വില്ലേജ് തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് ഭൂപരിഷ്കരണ നിയമത്തെക്കുറിച്ച് പോലും അറിവില്ലാത്ത അവസ്ഥ വന്നിരിക്കുന്നു. സോണൽ സംവിധാനം രൂപീകരിച്ചതിന് ശേഷം മിച്ചഭൂമി ഏറ്റെടുക്കുന്നത് മന്ദഗതിയിലായി. സോണൽ ലാൻഡ് ബോർഡ് രൂപീകരണം സർക്കാരിന്‍റെ മണ്ടൻ തീരുമാനമായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അടുത്ത കാലത്ത് അട്ടപ്പാടി ട്രൈബൽ താലൂക്കിൽ മണ്ണാർക്കാട് മൂപ്പിൽ നായരുടെ അവകാശികൾ 575 ഏക്കർ ഭൂമിയാണ് വിൽപ്പന നടത്തിയത്. ഈ ഭൂമിക്ക് കൈവശാവകാശ സാക്ഷ്യപത്രം കോട്ടത്തറ വില്ലേജ് ഓഫിസർ നൽകിയത് നിയമത്തിൽ അറിവില്ലാത്തതു കൊണ്ടാണ്. അട്ടപ്പാടിയിൽ കേസെടുക്കേണ്ടത് തൃശൂർ സോണൽ ലാൻഡ് ബോർഡ് ആണ്. കേസെടുത്തു വരുമ്പോഴേക്കും ഭൂമി മറിച്ച് വിൽപന നടന്നിരിക്കും. പിന്നെ കോടതി കയറി നടക്കേണ്ടി വരും.