ഇരട്ട ചങ്കിലെ മനുഷ്യത്വം
text_fieldsആശ വർക്കമാരുടെ സമരത്തെ അവഗണിക്കുന്ന സർക്കാർ ശൈലി കെ.കെ. രമയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അതിന്റെ വേദന അവരുടെ വാക്കുകളുടെ മൂർച്ചയിലുണ്ടായി. കർഷക തൊഴിലാളികളുടെ കൂലി വർധനവിന് സമരംചെയ്ത പാർട്ടിയല്ലേ നിങ്ങൾ? തൊഴിലാളിവർഗ പാർട്ടിയല്ലേ നിങ്ങൾ? മെയ്ദിനം ആചരിക്കുന്ന പാർട്ടിയല്ലേ? എന്നിട്ടും തൊഴിലാളി സമരത്തെ കണ്ടില്ലെന്ന് നടിച്ച് പരിഹസിക്കുകയാണോ? ഇരട്ട ചങ്കുണ്ടായാൽ മാത്രം പോരാ, ആ ചങ്കിലിത്തിരി മനുഷ്യത്വം കൂടി വേണം.
എങ്കിലേ തൊഴിലാളികളുടെ ജീവിത സമരത്തിൽ ഇടപെടാനാകൂ. ധനാഭ്യർഥന ചർച്ചയിൽ രമയുടെ വാക്കുകൾ ഭരണപക്ഷത്തിന് വല്ലാതെ കൊണ്ടു. ഉടൻ വന്നു കെ.യു. ജനിഷ് കുമാറിന്റെ മറുപടി. ‘ഇരട്ട ചങ്ക് മാത്രമല്ല, മനുഷ്യത്വമുള്ള ഹൃദയമുവുമുണ്ടായതുകൊണ്ടാണ് കോവിഡ് വന്നപ്പോൾ ഐസൊലേഷൻ വാർഡുണ്ടാക്കിയതും നാട്ടിലാകെ താൽക്കാലിക ആശുപത്രികൾ തുടങ്ങി ചികിത്സയൊരുക്കിയതും’. തൊഴിലാളികൾക്ക് ഒപ്പം നിൽക്കുന്ന പ്രസ്ഥാനവും സർക്കാറും ആയതുകൊണ്ടാണ് ആശ വർക്കർമാർ ഇന്നും പ്രവർത്തിക്കുന്നത്. പ്രസംഗത്തിലല്ല, പ്രവൃത്തിയിലാണ് ഞങ്ങളുടെ തൊഴിലാളി സ്നേഹം എന്നായി അദ്ദേഹം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കഴിഞ്ഞദിവസത്തെ പ്രസംഗം പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന പഴഞ്ചൊല്ലു പോലെയാണ് കെ. ശാന്തകുമാരിക്ക് തോന്നിയത്. എ.കെ.ജി. സെന്റർ ക്ലിഫ് ഹൗസിന്റെ പാൻട്രി ഹൗസ് ആണോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. യു.ഡി.എഫിന്റെ കാലത്ത് ഇന്ദിര ഭവൻ ക്ലിഫ് ഹൗസിന്റെ അടുക്കളയായിരുന്നോ എന്ന് ശാന്തകുമാരി തിരിച്ച് ചോദിച്ചു. പോളിറ്റ് ബ്യൂറോയിൽ പട്ടികജാതിക്കാരുണ്ടോ എന്നതിന് ഉത്തരം ഏഴ് തവണ എം.പിയായ ഡോ. രാമചന്ദ്ര ഡോമിന്റെ പേര് ഗൂഗിളിൽ തിരയാനും.
സി.പി.എം. സമ്മേളനത്തെ വിമർശിക്കുന്ന കോൺഗ്രസിന് ഒരു ബൂത്ത് സമ്മേളനം നടത്താൻ ആരോഗ്യമുണ്ടോ എന്ന് ടി.ഐ. മധുസൂദനൻ വെല്ലുവിളിച്ചു. തെരഞ്ഞെടുക്കപ്പെട്ട ബൂത്ത് പ്രസിഡന്റിന്റെ ഒരു പേരെങ്കിലും പറയാമോയെന്ന് അദ്ദേഹവും. വെള്ളക്കടലാസിൽ എഴുതി ഒരു കെ.പി.സി.സി. പ്രസിഡന്റിനെ തെരഞ്ഞെടുക്കാമോ എന്ന് ജനീഷ്കുമാറും ചോദിച്ചു. പക്ഷേ എം.വിൻസെന്റ് അതിൽ വീണില്ല. ഒരു പാനൽ അവതരിപ്പിക്കുക, എല്ലാവരും കൈയടിച്ചു പാസാക്കുക, ചിലർ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോവുക എന്നതിലൊന്നും തങ്ങൾ വിശ്വസിക്കുന്നില്ലത്രെ. ഹാട്രിക് പരാജയം സ്വപ്നത്തിൽപോലും സങ്കിൽപ്പിക്കാൻ കഴിയാത്ത പ്രതിപക്ഷത്തിന്റെ മരണവെപ്രാളമാണ് സഭക്കകത്തും പുറത്തും മുരളി പെരുനെല്ലി കണ്ടത്.
രോഗിയായി മെഡിക്കൽ കോളജുകളിൽ ചെന്നാൽ ഡെഡ്ബോഡിയായി പുറത്തുപോകുന്ന സ്ഥിതിയാണെന്ന് സനീഷ് കുമാർ ജോസഫ്. ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരും മരുന്നുമില്ല. പരിശോധനാഫലം കിട്ടാൻ 10 ദിവസം കാക്കണം. ജനങ്ങളുടെ ആവശ്യം ഉന്നയിച്ചാൽ മന്ത്രിയുടേത് നിഷേധാത്മക നിലപാട്, കോവിഡ് കാലത്ത് ആസൂത്രിത കൊള്ള, അഴിമതിയും സ്വജനപക്ഷപാതവും, സ്വന്തം ഓഫിസിൽപോലും മന്ത്രിക്ക് നിയന്ത്രണമില്ല തുടങ്ങി ആരോഗ്യ വകുപ്പിനെതിരെ കടുത്ത വിമർശനമായിരുന്നു സനീഷ് കുമാറിന്. ആരോഗ്യ വകുപ്പിനെ വികൃതമായി ചിത്രീകരിക്കാനുള്ള ശ്രമമായി കണ്ട ഭരണപക്ഷം ആരോഗ്യ വകുപ്പിനെ പ്രശംസകൊണ്ട് മൂടി. യു.ഡി.എഫ്. കാലത്ത് ആരോഗ്യ രംഗം കാട്ടാന മേഞ്ഞ കരിമ്പിൻകാട് പോലെയായിരുന്നുവെന്നായി മധുസൂദനൻ.
മലയാളി മലയാളിയാകണമെങ്കിൽ യാത്ര (കെ.എസ്.ആർ.ടി.സിയിൽ) ചെയ്യണമെന്ന സിനിമ സംഭാഷണം പരാമർശിച്ച പ്രഫ. എൻ. ജയരാജ്, യാത്രയുടെ പശ്ചാത്തലം പുതിയ ചിന്തകളും കാഴ്ചപ്പാടുകളുമുള്ള കാലത്തിലേക്ക് മാറുകണൈന്ന് സ്വപ്നം കണ്ടു. കടൽ മണൽ ഖനനത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത സി.കെ. ആശ അവയവദാനം നൽകുന്നവരുടെ സംസ്കാരത്തിന് സർക്കാർ ആദരവ് നൽകണമെന്ന നിർദേശം മുന്നോട്ടുവെച്ചു. ആറ് വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചകൾക്ക് മന്ത്രിമാർ മറുപടി നൽകി.