ബാക്കിപത്രത്തിൽ ആകെയൊരു റോഡ്, അതും ഗഡ്കരിയുടേത്
text_fieldsസർക്കാറിന്റെ ബാലൻസ് ഷീറ്റിൽ ആകെയൊരു റോഡ് മാത്രമാണ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കാണാനായത്. അതിന്റെ നേട്ടം സർക്കാറിന് നൽകാതെ, ഗഡ്കരിക്കാണ് അദ്ദേഹം വകവച്ചുകൊടുക്കുന്നത്. അത് ഞങ്ങളുടേതാണെന്ന് ഇടതുപക്ഷം പറയുന്നത് എട്ടുകാലി മമ്മൂഞ്ഞ് പരിപാടി മാത്രം. പറയുന്നതൊക്കെ കേട്ടാൽ ഈ റോഡ് കാസർകോട് തുടങ്ങി തിരുവനന്തപുരത്ത് നിൽക്കുമെന്ന് തോന്നും. പക്ഷേ, നിൽക്കുന്നില്ലല്ലോ. കാസർകോട് കഴിഞ്ഞ് മംഗലാപുരത്തേക്ക് പോകുന്നില്ലേ?
വികസന നേട്ടമായി ഇടതുപക്ഷം ഉയർത്തുന്ന ദേശീയപാത വികസനത്തെ കുഞ്ഞാലിക്കുട്ടി ചോദ്യം ചെയ്തപ്പോൾ സമ്മതിച്ചുകൊടുക്കാൻ ഭരണപക്ഷ ബെഞ്ചുകൾ സന്നദ്ധമായില്ല. പിണറായി വിജയന്റെ നിശ്ചയദാർഢ്യം കൊണ്ടാണ് ദേശീയപാത നടപ്പായതെന്നായി വി.കെ. പ്രശാന്ത്. യു.ഡി.എഫ് കാലത്ത് ഓഫിസ് അടച്ചുപോയതൊക്കെ വിവരിച്ചു. ക്രഡിറ്റ് ബി.ജെ.പിക്ക് നൽകാനാണ് ശ്രമമെന്നും അംഗീകരിക്കാനാവില്ലെന്നും പ്രശാന്തിന്റെ നിലപാടിന് എച്ച്. സലാമും പിന്തുണ നൽകി.
ധനവിനിയോഗ ചർച്ചയിലും മൂന്നാം പിണറായി സർക്കാറെന്ന അവകാശവാദങ്ങൾ തുടർച്ചയായി ഇടത് അംഗങ്ങൾ ഉയർത്തുന്നുണ്ടായിരുന്നു. അതിനെ ചോദ്യം ചെയ്യാൻ യു.ഡി.എഫ് നിരയും രംഗത്തെത്തി. ഇന്ന് തെരഞ്ഞെടുപ്പ് നടത്തിയാൽ യു.ഡി.എഫ് 100 സീറ്റുമായി അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല. അധികാരത്തിൽ തിരിച്ചുവരാൻ പ്രവർത്തന മികവൊന്നും ഇടതിൽ കുഞ്ഞാലിക്കുട്ടിയും കാണുന്നില്ല. ബി.ജെ.പി വോട്ടിലൂടെ രക്ഷപ്പെടാമെന്നാണ് ഇടതിന്റെ മോഹം.
മുനമ്പം തീർക്കാത്തത് പോലും അതുകൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ നേട്ടക്കണക്കുകൾ നിരത്തിയ ടി. സിദ്ദീഖ് പിന്നെ എങ്ങനെ പിണറായി മൂന്നാമതും വരുമെന്ന ചോദ്യമുയർത്തി. തിരുവഞ്ചൂർ രാധാകൃഷ്ണനും വിട്ടില്ല. നിങ്ങൾ മൂന്നാം തവണ ഊണ് കഴിക്കാൻ ഇലയിട്ട് ഇരിക്കുകയാണ്. മല്ലയുദ്ധത്തിന് പോയ ഗുസ്തിക്കാരൻ പറഞ്ഞത് ബി പ്ലാൻ ഉണ്ടെന്നാണ്. മൂന്നാം പ്രാവശ്യം തോറ്റപ്പോൾ ഇറങ്ങി ഓടി. അതായിരുന്നു ബി പ്ലാൻ. യു.ഡി.എഫ് നൂറിലധികം സീറ്റോടെ വരും.
മിസ്റ്റർ ചീഫ് മിനിസ്റ്റർ, മിസ്റ്റർ പ്രഭാകരൻ, മിസ്റ്റർ ഫിനാൻസ് മിനിസ്റ്റർ എന്നൊക്കെയാണ് ചെന്നിത്തല പ്രസംഗത്തിൽ തുടർച്ചയായി വിളിക്കുന്നത് മുഖ്യമന്ത്രി സ്ഥാനാർഥി മത്സരത്തിൽ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് വിളിക്കുന്നവർക്ക് മുൻഗണനയുണ്ടെന്ന് ധരിച്ചായിരിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുംഗൽ പരിഹസിച്ചു. കഴിഞ്ഞ തവണ കൈമോശം വന്ന പ്രതിപക്ഷ നേതാവ് സ്ഥാനം തിരിച്ചുപിടിക്കാൻ ഈ മത്സര ബുദ്ധി ഉപകാരപ്പെടുമെന്ന് ചെന്നിത്തലയെ ആശ്വസിപ്പിക്കുകയും ചെയ്തു.
എൽ.ഡി.എഫ് ഭാഗത്തെ എല്ലാ അംഗങ്ങളുടെയും സീറ്റ് സുരക്ഷിതമാണെന്നും നിങ്ങൾ സ്വന്തം സീറ്റ് സുരക്ഷിതമാക്കിയാൽ മതിയെന്നും വി.കെ. പ്രശാന്ത്. ഭരണത്തുടർച്ചയുടെ കാര്യത്തിൽ ഞങ്ങൾക്ക് തർക്കമില്ല. ഉള്ള 40 ഉം കൂടി ഒലിച്ചുപോകാതെ നോക്കിയാൽ മതി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിരുന്നില്ലേ?. തുടർന്ന് വന്ന തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ തോറ്റില്ലേ? ആ കണക്ക് വെച്ചാണ് നോക്കുന്നതെങ്കിൽ മഴകാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഭരണം നോക്കി ഇരിക്കാനേ നിങ്ങൾക്ക് വിധിയുള്ളൂവെന്ന് എച്ച്. സലാം.
ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് കെ.പി. മോഹനനും സംശയമില്ല. തുടർഭരണത്തിലേക്കാണ് പോകുന്നതെന്നും വികസന നേട്ടം മുഖവിലക്കെടുത്ത് എല്ലാ വിഭാഗവും സർക്കാറിറിനെ പിന്തുണക്കുമെന്നും കെ.വി. സുമേഷ്. ഉദിച്ചുയരുന്ന സൂര്യനെ പഴമുറം കൊണ്ട് തടുക്കാൻ ശ്രമിക്കുന്നതുപോലെയാണ് പ്രതിപക്ഷ നീക്കത്തെ എ. പ്രഭാകരൻ വിലയിരുത്തിയത്.