ഷർഷാദിന് പിന്നിലും സി.പി.എമ്മിലെ കണ്ണൂർ നേതാക്കളുടെ പോര്?
text_fieldsകണ്ണൂർ: സി.പി.എമ്മിന് തലവേദന സൃഷ്ടിച്ച മാഹി സ്വദേശി ഷർഷാദിന്റെ കത്ത് വിവാദത്തിന് പിന്നിലും കണ്ണൂരിലെ നേതാക്കളുടെ പോരെന്ന് സൂചന. സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ മുതിർന്ന അംഗത്തിനെതിരെ മറ്റൊരു മുതിർന്ന അംഗം ഉന്നയിച്ച സ്വത്ത് സമ്പാദന ആരോപണത്തിന്റെ തുടർച്ചയാണ് കത്തിലൂടെ പാർട്ടിക്കകത്ത് പുകയുന്നത്.
അനധികൃത സ്വത്ത് സമ്പാദനമെന്ന വിഷയത്തിൽ കേന്ദ്രകമ്മിറ്റിയംഗമായ മുതിർന്ന നേതാവിനെതിരെ രണ്ടുവർഷം മുമ്പ് നൽകിയ പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന് കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ പരാതിക്കാരൻ ഉന്നയിച്ചിരുന്നു. 2022 അവസാനം നൽകിയ പരാതിയിൽ ഒരു നടപടിയുമില്ലെങ്കിൽ മറ്റ് വഴികൾ സ്വീകരിക്കേണ്ടിവരുമെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു.
അടുത്ത രണ്ട് സംസ്ഥാന സമിതി യോഗങ്ങൾക്ക് മുമ്പേ വിഷയത്തിൽ പരിഹാരമുണ്ടാകുമെന്ന് യോഗത്തിൽ സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദൻ പരാതിക്കാരന് ഉറപ്പുനൽകി. സംസ്ഥാന സമിതിയിൽ നൽകിയ ഈ ഉറപ്പിന് പിന്നാലെയാണ് മുതിർന്ന നേതാവിന്റെ കാർമികത്വത്തിൽ ആരോപണങ്ങുടെ കുന്തമുന എം.വി. ഗോവിന്ദനിലേക്ക് വീണ്ടും തിരിച്ചുവെച്ചത്.
പയ്യന്നൂരിലെ ജ്യോത്സ്യനെ കാണാൻ മാസങ്ങൾക്ക് മുമ്പ് എം.വി. ഗോവിന്ദൻ പോയതിന്റെ ദൃശ്യം പുറത്തുവിട്ടായിരുന്നു ആദ്യ പ്രഹരം. ദിവസങ്ങൾക്കകം വിഷയം കെട്ടടങ്ങിയെങ്കിലും എം.വി. ഗോവിന്ദനുള്ള കൃത്യമായ മുന്നറിയിപ്പായിരുന്നു അത്. ഇതിനു പിന്നാലെയാണ് ഷർഷാദിന്റെ കത്ത് ആയുധമാക്കുന്നത്. ലണ്ടനിലെ വ്യവസായി രാജേഷ് കൃഷ്ണക്കെതിരെ ഷർഷാദ് പി.ബി അംഗം അശോക് ധാവ്ളെക്ക് നൽകിയ കത്താണ് പുറത്തുവന്നത്.
ഈ ചോർച്ചയിൽ നേതാക്കളുടെ കുടിപ്പകയുമായി വലിയ ബന്ധമൊന്നുമില്ല. എന്നാൽ, കത്ത് ചോർച്ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിന്നീട് ജനറൽ സെക്രട്ടറിക്ക് പരാതി നൽകുമ്പോഴേക്കും ചില ഇടപെടലുകൾ നടന്നുവെന്നാണ് വിവരം. എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് വഴിയാണ് കത്ത് ചോർന്നതെന്ന് ഷർഷാദ് കൃത്യമായി പറയുമ്പോൾ ഇടപെടലുകൾ വ്യക്തം.