സിംഹ സഫാരി പാർക്ക് തുറക്കാൻ ശ്രമം സജീവം
text_fieldsതാഴു വീണ സിംഹ സഫാരി പാര്‍ക്ക്
കാട്ടാക്കട: 1984ൽ തുടങ്ങി 2022ൽ പൂട്ടിയ നെയ്യാര്‍ഡാമിലെ സിംഹ സഫാരി പാർക്ക് തുറക്കാനുള്ള ശ്രമം വീണ്ടും സജീവം. നെയ്യാർ ഡാം വന്യജീവി സങ്കേതത്തിന് കീഴിൽ പാർക്ക് തുറക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സി.കെ. ഹരീന്ദ്രൻ എം.എൽ.എ കേന്ദ്ര വനംമന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് വിഷയം പരിശോധിക്കാനും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാമെന്നും ഉറപ്പു ലഭിച്ചതോടെയാണ് പ്രതീക്ഷ വീണ്ടും സജീവമാകുന്നത്.
തൃശൂർ മൃഗശാലയിൽനിന്നെത്തിച്ച നാല് സിംഹങ്ങളുമായി നെയ്യാർഡാമിലെ മരക്കുന്നം ദ്വീപിൽ തുടങ്ങിയ പാർക്ക് ദേശീയ സൂ അതോറിറ്റി ലൈസൻസ് പുതുക്കി നൽകാത്തതിനാലാണ് അടച്ചുപൂട്ടേണ്ടി വന്നതെന്നതാണ് അധികൃതരുടെ വിശദീകരണം. സൂ അതോറിറ്റിയുടെ നിബന്ധനപ്രകാരം വലിയ മാംസഭുക്കുകളുടെ സഫാരി നടത്തുന്നതിന് പാർക്കിന് കുറഞ്ഞ വിസ്തീർണം 20 ഹെക്ടർ എങ്കിലും വേണം. നിലവിലെ പാർക്കിന് നാല് ഹെക്ടർ വിസ്തൃതിയേയുള്ളൂ. അതാണ് അടച്ചു പൂട്ടുന്നതിന് പ്രധാന കാരണമായി മാറിയത്. സൂ അതോറിറ്റിയുടെ നിബന്ധനയും വംശ വര്‍ധനവ് തടയാനായി സിംഹങ്ങളെ വന്ധ്യംകരിച്ചതും ഉണ്ടായിരുന്ന സിംഹങ്ങൾ ചത്തതും പാര്‍ക്ക് പൂട്ടുന്നതിലേക്ക് നയിച്ചു.
നെയ്യാര്‍ഡാം പാർക്കിലേക്ക് വീണ്ടും സിംഹങ്ങളെ കൊണ്ടുവരുവാനും പാർക്ക് തുറക്കാനും പലതവണ സംസ്ഥാന വനംവകുപ്പ് ഇടപെടൽ നടത്തിയെങ്കിലും കേന്ദ്ര മൃഗശാല അതോറിറ്റിയുടെ നിബന്ധനകൾ കാരണം ശ്രമം വിജയിച്ചില്ല. ഇത് പുനഃപരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിനാണ് അനുകൂല സമീപനം പ്രതീക്ഷിക്കുന്നത്.