Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവ. ആശുപത്രികൾ,...

ഗവ. ആശുപത്രികൾ, കിടക്കകൾ; തെക്കും വടക്കും ഭീമമായ അന്തരം

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

മലപ്പുറം: ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികൾ, രോഗികൾക്കുള്ള കിടക്കകൾ എന്നിവയുടെ എണ്ണത്തിൽ തെക്കും വടക്കും തമ്മിൽ ഭീമമായ അന്തരം. ആരോഗ്യവകുപ്പ് പുറത്തുവിട്ട സർക്കാർ ആശുപത്രികളുടെ പട്ടികയിലാണ് ഈ വിവരങ്ങളുള്ളത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ ഒമ്പത് ജനറൽ ആശുപത്രികളുള്ളപ്പോൾ തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ഏഴ് ജനറൽ ആശുപത്രികൾ മാത്രം. തെക്കൻ ജില്ലകളിലെ ജനറൽ ആശുപത്രികളിൽ 4432 കിടക്കകൾ ഉള്ളപ്പോൾ തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ ജനറൽ ആശുപത്രികളിൽ ആകെയുള്ളത് 2510 കിടക്കകൾ മാത്രം.

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ തെക്കും വടക്കും അഞ്ച് വീതം ഉണ്ടെങ്കിലും കിടക്കകളുടെ എണ്ണത്തിൽ വലിയ അന്തരമുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ വുമൺ ആൻഡ് ചൈൽഡ് ആശുപത്രികളിൽ 1141 കിടക്കകളുള്ളപ്പോൾ വടക്കൻ ജില്ലകളിലുള്ള ആശുപത്രികളിലെ കിടക്കകളുടെ എണ്ണം 780 മാത്രം. തൃശൂരിലും വയനാട്ടിലും ഒരു വുമൺ ആൻഡ് ചൈൽഡ് ആശുപത്രി പോലുമില്ല.

സംസ്ഥാനത്ത് ആകെയുള്ള 88 താലൂക്ക് ആശുപത്രികളിൽ 45 എണ്ണം തെക്കൻ ജില്ലകളിലാണ്. ഇവയിൽ ആകെ 5117 കിടക്കകളുള്ളപ്പോൾ വടക്കൻ ജില്ലകളിലെ 43 താലൂക്ക് ആശുപത്രികളിൽ ആകെയുള്ളത് 3624 കിടക്കകൾ. കമ്യൂണിറ്റി ഹെൽത്ത് സെൻററുകളുടെയും (സി.എച്ച്.സി) ഇവിടുത്തെ കിടക്കകളുടെയും എണ്ണത്തിലും അന്തരം നിലനിൽക്കുന്നു.

തെക്കൻ ജില്ലകളിൽ 122 സി.എച്ച്.സികളും ഇവയിൽ 3419 കിടക്കകളും ഉള്ളപ്പോൾ വടക്ക് 104 സി.എച്ച്.സികളിലായി 2874 കിടക്കകളേയുള്ളു. തിരുവനന്തപുരം ജില്ലയിൽ വിവിധ സർക്കാർ ആതുരാലയങ്ങളിലായി 4718ഉം കൊല്ലത്ത് 2320ഉം ആലപ്പുഴയിൽ 3424ഉം ഏറണാകുളത്ത് 4518ഉം കിടക്കകൾ ഉള്ളപ്പോൾ മലപ്പുറം ജില്ലയിൽ 2604ഉം പാലക്കാട് 2773ഉം കോഴിക്കോട് 2825ഉം കണ്ണൂരിൽ 2948ഉം കിടക്കകളേയുള്ളു. ഏറ്റവും കുറവ് ആതുരാലയങ്ങളുള്ള രണ്ട് ജില്ലകൾ വടക്കാണ്. വയനാട് 45ഉം കാസർകോട് 59ഉം ആതുരാലയങ്ങളേയുള്ളു. രോഗികൾക്കുള്ള കിടക്കകളുടെ എണ്ണത്തിലും ഈ ജില്ലകൾ ഏറെ പിന്നിലാണ്. വയനാട് 1367ഉം കാസർകോട് 1639ഉം കിടക്കകളേയുള്ളു.

Show Full Article
TAGS:Government hospital healthcare Government of Kerala Public Health Latest News 
News Summary - List of government hospitals published big gap between south and north
Next Story