‘ക്ഷേമക്കോട്ട’ തകർക്കുമോ ‘സ്വർണക്കൊള്ള’
text_fieldsതിരുവനന്തപുരം: 3600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ ക്ഷേമ പെൻഷനെത്തിത്തുടങ്ങിയ നവംബർ 20, തദ്ദേശപ്പോരിനായി കളത്തിലിറങ്ങിയ സി.പി.എമ്മിന് ശുഭപ്രതീക്ഷയുടേതായിരുന്നു. എന്നാൽ ഇതേ നവംബർ 20 ആകസ്മികവും യാദൃശ്ചികവുമായി യു.ഡി.എഫിനും രാഷ്ട്രീയ രാശിയായി. ശബരിമല സ്വർണക്കൊള്ളയിൽ സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എ. പത്മകുമാർ അറസ്റ്റിലായത് ക്ഷേമപെൻഷൻ വിതരണമാരംഭിച്ച് പ്രചാരണത്തട്ടിൽ സി.പി.എം മേൽകൈ നേടാനുറച്ച അതേ ദിവസമാണ്.
ഫലത്തിൽ നാട്ടങ്കത്തിന് ചിത്രം തെളിഞ്ഞ് രാഷ്ട്രീയപ്പോരിന്റെ പാരമ്യതയിലേക്ക് പ്രചാരണരംഗം ചുവടുമാറുമ്പോൾ ക്ഷേമ പെൻഷൻ കൊണ്ട് സ്വർണക്കൊള്ളയിലെ കനലുകൾ കെട്ടടങ്ങുമോ അതോ ശബരിമല വിവാദം ക്ഷേമാനൂകൂല്യങ്ങളുടെ തടയും മതിലും മറികടന്ന് ആളിക്കത്തുമോ എന്നതാണ് മുന്നണികൾ ഉറ്റുനോക്കുന്നത്.
ശബരിമല വിവാദങ്ങളിൽ സി.പി.എമ്മിലേക്ക് നീളുന്ന അന്വേഷണ മുനയും പത്മകുമാറിന്റെയടക്കം അറസ്റ്റും യു.ഡി.എഫ് ആയുധമാക്കുമ്പോൾ മറുഭാഗത്ത് ക്ഷേമപെൻഷന്റെയും വികസനത്തുടർച്ചയുടെയും കവചം തീർത്താണ് ഇടതുമുന്നണിയുടെ ചെറുത്തുനിൽപ്പ്. മുഖ്യമന്ത്രിയെ മുൻനിർത്തി സംസ്ഥാന വ്യാപകമായി വിപുലമായ കൺവെൻഷൻ ശൃംഖലക്കാണ് സി.പി.എം ലക്ഷ്യമിടുന്നത്.
തലസ്ഥാനത്തായിരുന്നു മുഖ്യമന്ത്രിയുടെ പര്യടനത്തുടക്കം. വികസനവും കൈവരിച്ച നേട്ടങ്ങളുമെല്ലാം എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി, പക്ഷേ വിവാദ വിഷയങ്ങൾ പരാമർശിക്കാനോ കടുത്ത രാഷ്ട്രീയ കടന്നാക്രമണങ്ങൾക്കോ തയാറായില്ലെന്നത് ശ്രദ്ധേയം. സി.പി.എമ്മിനെതിരെ മാസപ്പടി വിവാദം കത്തി നിന്ന കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസ്-ബി.ജെ.പി ബന്ധം ആരോപിച്ച് തിരിച്ചടിക്കാനും എതിരാളികളെ പ്രതിരോധത്തിലാക്കാനും മുഖ്യമന്ത്രി ശ്രമിച്ചിരുന്നു.
മറുഭാഗത്താകട്ടെ, സർക്കാറിനെതിരെ ഭരണപ്പിഴവുകളും പാളിച്ചകളും അക്കമിട്ട് കുറ്റപത്രം തയാറാക്കിയാണ് പ്രതിപക്ഷം പ്രചാരണക്കളത്തിൽ ചുവടുറപ്പിക്കുന്നത്. ഘടകകക്ഷി നേതാക്കളെയെല്ലാം അണിനിരത്തി എൽ.ഡി.എഫ് പ്രകടന പത്രിക പ്രഖ്യാപിച്ചതിന് പിന്നാലെ സമാനമാതൃകയിൽ ഘടകകക്ഷി നേതാക്കളുടെയെല്ലാം സാന്നിധ്യത്തിലായിരുന്നു യു.ഡി.എഫ് കുറ്റപത്രത്തിന്റെയും പ്രകാശനം.
സി.പി.എം പറയുന്ന വികസനം പൊള്ളയാണെന്ന് സ്ഥാപിക്കുന്നതിനൊപ്പം ചികിത്സാപ്പിഴവുകളും മരുന്നുക്ഷാമവുമടക്കം ജനകീയ വിഷയങ്ങളുടെ ആവനാഴിയുമാണ് യു.ഡി.എഫ് കളത്തിലുള്ളത്. അടിസ്ഥാന വിഷയങ്ങളിലൂന്നിയുള്ള എൽ.ഡി.എഫ് പ്രകടനപത്രികയാകട്ടെ, അതിദാരിദ്ര്യമുക്തമാക്കിയ സംസ്ഥാനത്തെ കേവല ദാരിദ്ര്യമുക്ത കേരളമാക്കി മാറ്റുമെന്നും 20 ലക്ഷം വനിതകൾക്ക് തൊഴിൽ ഉറപ്പുനൽകുമെന്നുമുള്ള വാഗ്ദാനങ്ങളാണ് മുന്നോട്ടുവെക്കുന്നത്.
എല്ലാവര്ക്കും വീട്, ഭക്ഷണം, ചികിത്സ, വിദ്യാഭ്യാസം, തൊഴില്, കുടിവെള്ളം എന്നിവ ഉറപ്പ് നല്കുന്ന പ്രകടന പത്രിക 24 മുഖ്യ മേഖലകളിലെ സമഗ്രമാറ്റത്തിനുള്ള പദ്ധതികളാണ് പ്രഖ്യാപനത്തിലുള്ളത്. ഒപ്പം സംസ്ഥാന വിഷയങ്ങൾക്ക് മുഖം കൊടുക്കാതെ ക്ഷേമത്തിലൂന്നി പ്രചാരണം പരമാവധി പ്രാദേശികമാക്കുകയാണ് സി.പി.എം.


