തദ്ദേശ തെരഞ്ഞെടുപ്പ്; കാസർകോട് പിടിക്കാൻ കടുത്ത പോരാട്ടം
text_fieldsകാസർകോട്: പ്രചാരണം ഫിനിഷിങ് പോയന്റിലേക്ക് കടക്കുമ്പോൾ കടുത്ത പോരാട്ടത്തിന്റെ മുനയിലാണ് കാസർകോട് ജില്ല. പ്രധാനമായും ജില്ല പഞ്ചായത്ത് ഭരണം പിടിക്കാനാണ് രൂക്ഷമായ പോരാട്ടം നടക്കുന്നത്. 18 ജില്ല ഡിവിഷനുകളിൽ ആർക്കും ഉറപ്പിക്കാനാവാത്ത രണ്ട് ഡിവിഷനുകളിൽ നടക്കുന്ന തീപാറും മത്സരമാണ് ജില്ലയുടെ വിധി നിശ്ചയിക്കുന്നത്. ഒരു സ്വതന്ത്രന്റെ പിന്തുണ കൊണ്ടു മാത്രം കഴിഞ്ഞ തവണ ജില്ല പഞ്ചായത്ത് ഭരിച്ച എൽ.ഡി.എഫിനെ ഈ ആശങ്ക പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും പിന്തുടരുന്നുണ്ട്.
ഏറ്റവും വാശിയേറിയ മത്സരം കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ച പുത്തിഗെ ഡിവിഷനിലാണ്. ത്രികോണ മത്സരമാണ് പുത്തിഗെയിൽ. ആരും ജയിക്കാമെന്ന സ്ഥിതി. മറ്റൊരു ഡിവിഷൻ ദേലംപാടിയാണ്. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് രൂക്ഷപേര്. നേരിയ ഭൂരിപക്ഷത്തിൽ കഴിഞ്ഞതവണ യു.ഡി.എഫ് ജയിച്ച ദേലംപാടി തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് ശക്തമായ പരിശ്രമത്തിലാണ്. ഈ രണ്ട് ഡിവിഷനുകളിലെ വിധിയാണ് ജില്ല പഞ്ചായത്തിന്റെ ഭാഗധേയം നിശ്ചയിക്കുക.
എൽ.ഡി.എഫിന്റെ ഉറച്ച സീറ്റെന്ന് കരുതിയ ചെറുവത്തൂരിലും യു.ഡി.എഫിന്റേതെന്ന് കരുതിയ വോർക്കാടിയിലും മത്സരം കടുത്തതും ജില്ല പഞ്ചായത്ത് വിധി പ്രവചനാതീതമാക്കുന്നു. 38 ഗ്രാമ പഞ്ചായത്തുകളിൽ യു.ഡി.എഫിന് 15ഉം എൽ.ഡി.എഫിന് 19ഉം ബി.ജെ.പിക്ക് മൂന്നും സ്വതന്ത്ര കക്ഷിക്ക് ഒന്നും എന്ന നിലയിലാണ് കഴിഞ്ഞ തവണത്തെ കക്ഷിനില. ഇത്തവണ ഈ നിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ല.
15 പഞ്ചായത്തുകളിൽ ശക്തമായ പോരാട്ടമുണ്ട്. അതിൽ അഞ്ചിടങ്ങളിൽ ത്രികോണ മത്സരമാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ കാര്യമായ മത്സരങ്ങളില്ല. ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ നാല് എൽ.ഡി.എഫിനും രണ്ട് യു.ഡി.എഫിനും ലഭിക്കും. മൂന്ന് നഗരസഭകളിൽ കാഞ്ഞങ്ങാട് കടുത്ത മത്സരമാണ്. കാസർകോട് യു.ഡി.എഫിനും നീലേശ്വരം എൽ.ഡി.എഫിനും ലഭിക്കും.


