ട്വന്‍റി 20ക്ക് തിരിച്ചടി; ഇടറിവീണ് ബി.ഡി.ജെ.എസ്
text_fieldsകൊച്ചി: അതിര് കടന്ന അവകാശവാദങ്ങളും അമിത ആത്മവിശ്വാസവുമായി തദ്ദേശ തെഞ്ഞെടുപ്പിനെ നേരിട്ട ട്വൻറി 20ക്കും എൻ.ഡി.എ ഘടക കക്ഷിയായ ബി.ഡി.ജെ.എസിനും കനത്ത തിരിച്ചടി. കൊട്ടിഘോഷിച്ച പ്രകടനമൊന്നും കാഴ്ചവെക്കാനാകാതെ പോയ ഇവർ രാഷ്ട്രീയമായ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലായി. കിഴക്കമ്പലം, മഴുവന്നൂർ, ഐക്കരനാട്, പുത്തൻകുരിശ്, പൂതൃക്ക, തിരുവാണിയൂർ, കുന്നത്തുനാട് പഞ്ചായത്തുകളിലാണ് ട്വന്‍റി 20 മത്സരിച്ചത്. ഇതിൽ ഐക്കരനാട് 16ൽ 16 സീറ്റും നിലനിർത്തി ഭരണത്തുടർച്ച നേടി. എന്നാൽ, കുന്നത്തുനാടും മഴുവന്നൂരും യു.ഡി.എഫ് തിരിച്ചുപിടിച്ചു. ആദ്യമായി മത്സരിച്ച തിരുവാണിയൂരിൽ ഒമ്പത് വാർഡിൽ വിജയിച്ചെങ്കിലും ഭരണം പിടിക്കാനായില്ല. പാർട്ടിയുടെ തട്ടകമായ കിഴക്കമ്പലത്ത് ഭരണം നിലനിർത്തിയെങ്കിലും ഏഴ് സീറ്റുകൾ നഷ്ടമായി.
കിഴക്കമ്പലം, മഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാട് എന്നിവിടങ്ങളിൽ നിലവിൽ ട്വന്‍റി 20യായിരുന്നു ഭരണത്തിൽ. കൊച്ചി കോർപറേഷനിൽ 76 ഡിവിഷനിൽ 55 ഇടത്തും സ്ഥാനാർഥികളെ നിർത്തിയെങ്കിലും ഒരിടത്തും ജയിക്കാനായില്ല. കോർപറേഷനിൽ ആകെ 9300ഓളം വോട്ടാണ് നേടിയത്. ജില്ലാ പഞ്ചായത്ത് കോലഞ്ചേരി ഡിവിഷൻ ട്വന്‍റി 20യിൽ നിന്ന് യു.ഡി.എഫ് തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ വടവുകോട് ബ്ലോക്കിൽ അഞ്ച് വാർഡുകളിൽ ജയിച്ച് പ്രസിഡന്‍റ് സ്ഥാനം നേടിയ ട്വന്‍റി 20 ഇക്കുറി നാലിൽ ഒതുങ്ങി. തൃക്കാക്കര നഗരസഭയിൽ 25 സീറ്റിൽ മത്സരിച്ചെങ്കിലും ഒരിടത്ത് മാത്രമാണ് ജയിച്ചത്. 17 സീറ്റിലും മത്സരിച്ച വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ രണ്ടിടത്ത് മാത്രമാണ് വിജയം. ഇടുക്കി ജില്ലയിൽ തൊടുപുഴയിലെ മണക്കാട് പഞ്ചായത്തില്‍ ഒരു സീറ്റിൽ ട്വന്‍റി 20 വിജയിച്ചു.
ബി.ഡി.ജെ.എസിന് മത്സരിച്ച ഒരിടത്തും കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. വിവിധ ജില്ലകളിൽ ജില്ലാ, ഗ്രാമ പഞ്ചായത്തുകളിലും കോർപറേഷനുകളിലുമായി നിരവധി സീറ്റുകളിൽ മത്സരിച്ചെങ്കിലും നാല് പഞ്ചായത്ത് വാർഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലും മാത്രമാണ് വിജയിച്ചത്. കൊച്ചി കോർപറേഷനിൽ 13 ഡിവിഷനിൽ മത്സരിച്ചെങ്കിലും ഒരിടത്തും നേട്ടമുണ്ടായില്ല. കോഴിക്കോട് കോർപറേഷനിൽ കൊമ്മേരി വാർഡിൽ മത്സരിച്ച ബി.ഡി.ജെ.എസ് സ്ഥാനാർഥിക്ക് 258 വോട്ടാണ് ലഭിച്ചത്. ഇടുക്കി ജില്ലയിൽ ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലായി 21 ഇടത്തും പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ നാലിടത്തും മത്സരിച്ചെങ്കിലും പ്രകടനം ദയനീയമായി. എൻ.ഡി.എ 50 സീറ്റ് നേടിയ തിരുവനന്തപുരം കോർപറേഷനിൽ പോലും മത്സരിച്ച രണ്ട് സീറ്റിലും ബി.ഡി.ജെ.എസ് തോറ്റു.


