ചുവപ്പ് മങ്ങി; നേട്ടംകൊയ്ത് യു.ഡി.എഫും ബി.ജെ.പിയും
text_fieldsപാലക്കാട്: 2020ൽ കെട്ടിപ്പൊക്കിയ പാലക്കാട്ടെ ചുവപ്പുകോട്ടക്ക് വിള്ളൽ വീഴ്ത്തി തദ്ദേശ ജനവിധി. ജില്ല പഞ്ചായത്ത്, േബ്ലാക്ക്, നഗരസഭ, പഞ്ചായത്ത് ഫലം പുറത്തുവന്നപ്പോൾ എൽ.ഡി.എഫിന് കനത്ത തിരിച്ചടി. നേട്ടം കൊയ്തത് യു.ഡി.എഫും ബി.ജെ.പിയും. ഹാട്രിക് വിജയം പ്രതീക്ഷിച്ച പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്ക് നിരാശ. വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിൽ അവർക്ക് എത്താനായില്ല. യു.ഡി.എഫ്, എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി.ൽ പട്ടാമ്പി, ചിറ്റൂർ തത്തമംഗലം നഗരസഭകൾ ഇടതിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. നഗരസഭകളിൽ ബി.ജെ.പി നില മെച്ചപ്പെടുത്തി. പാലക്കാട്ടെ ചരിത്രത്തിലാദ്യമായി രണ്ടു പഞ്ചായത്തുകൾ ബി.ജെ.പി കൈപ്പിടിയിലൊതുക്കി. ജില്ല പഞ്ചായത്ത് ഡിവിഷനിൽ എൽ.ഡി.എഫ് കുത്തകയിൽ വിള്ളലുണ്ടാക്കാൻ കഴിഞ്ഞു.
എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടില്ലെങ്കിലും 19 സീറ്റുകൊണ്ട് തൃപ്തിയടയേണ്ടി വന്നു. ഹാട്രിക് ഭരണം പ്രതീക്ഷിച്ച പാലക്കാട് നഗരസഭയിൽ കേവല ഭൂരിപക്ഷമായ 27 സീറ്റിലെത്താതെ 25 വാർഡുകളിൽ വിജയിച്ച് ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 12 സീറ്റിൽ നിന്ന് അഞ്ച് സീറ്റ് വർധിച്ച് 17ൽ യു.ഡി.എഫും ആറ് സീറ്റിൽനിന്ന് എട്ട് സീറ്റിലേക്ക് കുതിച്ച് എൽ.ഡി.എഫും നേട്ടം കൊയ്തു. എൽ.ഡി.എഫ് പിന്തുണച്ച യു.ഡി.എഫ് വിമതരടക്കം മൂന്ന് സ്വതന്ത്രസ്ഥാനാർഥികൾ വിജയിച്ചു. കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പി നേടിയെങ്കിലും ഭരണം തുലാസ്സിലാണ്.
ജില്ലയിലെ േബ്ലാക്ക് പഞ്ചായത്തുകളിലും സി.പി.എമ്മിന്റെ അടിത്തറയിളകി. 183ൽനിന്ന് 200 സീറ്റുകളായി േബ്ലാക്ക് പഞ്ചായത്ത് സീറ്റുകൾ വർധിച്ചപ്പോൾ എൽ.ഡി.എഫ് സീറ്റുകൾ 146ൽ നിന്ന് 116 സീറ്റുകളായി. മാത്രമല്ല നിലവിൽ ഭരണത്തിലുണ്ടായിരുന്ന മണ്ണാർക്കാടിനും പട്ടാമ്പിക്കും പുറമെ അട്ടപ്പാടിയും യു.ഡി.എഫ് പിടിച്ചെടുത്തു.


