അടിമുടി യു.ഡി.എഫ്; ജില്ല പഞ്ചായത്തിലെ ആകെയുള്ള 33 ഡിവിഷനുകളും യു.ഡി.എഫ് തൂത്തുവാരി
text_fieldsമലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗം തദ്ദേശത്തിൽ കൊടുങ്കാറ്റായി. യു.ഡി.എഫ് അശ്വമേധത്തിൽ എൽ.ഡി.എഫ് കുത്തക പഞ്ചായത്തുകൾ കടപുഴകി. േബ്ലാക്ക് പഞ്ചായത്തുകളിലും ഇടതിന് വൻ തിരിച്ചടി നേരിട്ടു. ജില്ല പഞ്ചായത്തിലെ ആകെയുള്ള 33 ഡിവിഷനുകളും യു.ഡി.എഫ് തൂത്തുവാരി. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ മികച്ച വിജയത്തെ വെല്ലുന്ന വൻ മുന്നേറ്റമാണ് പ്രകടമായത്. ചരിത്രത്തിൽ ആദ്യമായാണ് യു.ഡി.എഫ് 90ലധികം ഗ്രാമപഞ്ചായത്തുകളിൽ അധികാരം പിടിക്കുന്നത്. ജില്ലയിൽ ആകെയുള്ള 122 തദ്ദേശ സ്ഥാപനങ്ങളിൽ 118ഉം യു.ഡി.എഫ് ഭരണത്തിലായി.
2020ൽ ആകെയുള്ള 94 ഗ്രാമപഞ്ചായത്തുകളിൽ 70 ഇടത്താണ് യു.ഡി.എഫ് ഭരണം ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ 24 പഞ്ചായത്തുകൾ ഭരിച്ച എൽ.ഡി.എഫ്, ഇക്കുറി മൂന്നിടത്തേക്ക് ചുരുങ്ങി. ഇടത് എം.എൽ.എമാരുള്ള പൊന്നാനി, തവനൂർ, താനൂർ മണ്ഡലങ്ങളിലെ ഉറച്ച എൽ.ഡി.എഫ് പഞ്ചായത്തുകൾപോലും വലത്തോട്ട് ചാഞ്ഞു. അതേസമയം, പൊന്മുണ്ടത്ത് ലീഗിനെതിരെ മത്സരിച്ച സി.പി.എം-കോൺഗ്രസ് ജനകീയ മുന്നണിക്കാണ് വിജയം.
ജില്ലയിൽ ആകെയുള്ള 15 േബ്ലാക്ക് പഞ്ചായത്തുകളിൽ 14ഉം യു.ഡി.എഫ് സ്വന്തമാക്കി. പൊന്നാനി േബ്ലാക്കിൽ ഇരുമുന്നണികളും സീറ്റുകൾ തുല്യമായി പങ്കിട്ടു. കഴിഞ്ഞ തവണ പൊന്നാനിക്ക് പുറമെ, പെരുമ്പടപ്പ്, തിരൂർ േബ്ലാക്കുകൾ എൽ.ഡി.എഫിന് ഒപ്പമായിരുന്നു. മലപ്പുറത്തെ ആറ് േബ്ലാക്ക് പഞ്ചായത്തുകളിൽ ഇത്തവണ യു.ഡി.എഫ് ഭരണസമിതിക്ക് പ്രതിപക്ഷമില്ല. 12 നഗരസഭകളിൽ പൊന്നാനിയിൽ മാത്രമാണ് ഇടത് ഭരണം. മൂന്നു പതിറ്റാണ്ട് സി.പി.എം കുത്തകയായിരുന്ന പെരിന്തൽമണ്ണയിൽ അട്ടിമറിജയം നേടിയ യു.ഡി.എഫ് നിലമ്പൂരും തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ പത്തിടത്ത് ജയിച്ച എസ്.ഡി.പി.ഐക്ക് പകുതി സീറ്റുകളേ നേടാനായുള്ളൂ. വെൽഫെയർ പാർട്ടി മൂന്ന് േബ്ലാക്ക് ഡിവിഷനുകളിലടക്കം 32 ഇടത്ത് വിജയം നേടി.


