തദ്ദേശ തെരഞ്ഞെടുപ്പ്; പതിവ് ചിത്രവുമായി കാസർകോട്
text_fieldsകാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം പതിവിൽ കവിഞ്ഞ് വ്യത്യസ്തമൊന്നുമല്ല കാസർകോട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ വിമതരുടെ സാന്നിധ്യം പ്രകടമാണെങ്കിലും ഒന്നും നിർണായകമല്ല. ജില്ല പഞ്ചായത്തിലെ 18 ഡിവിഷനുകളിലേക്കുള്ള മത്സരചിത്രം പഴയപോലെ കടുത്തതാണ്. യു.ഡി.എഫും എൽ.ഡി.എഫും മാറിമാറി ഭരിച്ചുവരുന്ന ജില്ല പഞ്ചായത്തിൽ അതിനുള്ള അടവുകളും തന്ത്രങ്ങളുമാണ് ഇത്തവണയും പയറ്റുന്നത്. എൽ.ഡി.എഫിൽ സി.പി.എം 10, സി.പി.ഐ മൂന്ന്, ഐ.എൻ.എൽ രണ്ട്, കേരള കോൺഗ്രസ്, ആർ.ജെ.ഡി., എൻ.സി.പി.എസ് എന്നീ പാർട്ടികൾ ഓരോ സീറ്റിൽ വീതം മത്സരിക്കുന്നു. യു.ഡി.എഫിൽ മുസ്ലിം ലീഗ് ഒമ്പത് സീറ്റിലും കോൺഗ്രസ് ഏഴ്, ആർ.എസ്.പി, സി.എം.പി ഒന്ന് ബി.ജെ.പി 18 എന്നിങ്ങനെയാണ് മത്സരം.
കുഞ്ചത്തൂർ, കുമ്പള, സിവിൽ സ്റ്റേഷൻ, ചെങ്കള, ഉദുമ, ചിറ്റാരിക്കാൽ, വോർക്കാടി എന്നീ ഏഴ് സീറ്റുകൾ യു.ഡി.എഫിനും കയ്യൂർ, പിലിക്കോട്, ചെറുവത്തൂർ, മടിക്കൈ, കുറ്റിക്കോൽ, പെരിയ, ബേക്കൽ, കള്ളാർ എന്നീ എട്ട് സീറ്റുകൾ എൽ.ഡി.എഫും ഉറപ്പിച്ചു. ബദിയടുക്ക ബി.ജെ.പിക്ക് സാധ്യത കൽപിക്കുന്നു. പുത്തിഗെയിലെ ശക്തമായ ത്രികോണ മത്സരവും ദേലംപാടിയിലെ എൽ.ഡി.എഫ് -യു.ഡി.എഫ് വാശിയേറിയ മത്സരവും ജില്ല പഞ്ചായത്തിന്റെ വിധി നിർണയിക്കും. കന്നട മേഖലയിലെ ഡിവിഷനുകളിൽ ത്രികോണ മത്സരമാണ്.
ആറ് ബ്ലോക്ക് പഞ്ചായത്തുകളാണുള്ളത്. മഞ്ചേശ്വരം, കാസർകോട് ബ്ലോക്കുകളിൽ യു.ഡി.എഫും ബി.ജെ.പിയും നേർക്കുനേരെയാണ്. മഞ്ചേശ്വരത്ത് കഴിഞ്ഞതവണ 15ൽ ആറ് സീറ്റാണ് ബി.ജെ.പി നേടിയത്. കാസർകോട് ബ്ലോക്കിൽ എൽ.ഡി.എഫിന് ഒരു സീറ്റുപോലൂം ലഭിച്ചില്ല. കാറടുക്ക ബ്ലോക്കിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം. നഗരസഭകളിൽ കാസർകോട് യു.ഡി.എഫും ബി.ജെ.പിയും തമ്മിലും നീലേശ്വരത്തും കാഞ്ഞങ്ങാടും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. 38 ഗ്രാമപഞ്ചായത്തുകളിൽ 15 ഇടത്ത് ത്രികോണ മത്സരമാണ്.
കാസർകോട് ജില്ല
ജില്ല പഞ്ചായത്ത്
ഡിവിഷൻ -18
സ്ഥാനാർഥികൾ -62
ബ്ലോക്ക് പഞ്ചായത്തുകൾ (6)
ഡിവിഷനുകൾ -92
സ്ഥാനാർഥികൾ -293
നഗരസഭകൾ (3)
വാർഡുകൾ -120
സ്ഥാനാർഥികൾ -383
ഗ്രാമപഞ്ചായത്ത് (38)
വാർഡുകൾ -725
സ്ഥാനാർഥികൾ -2167


