പതിവ് തെറ്റിക്കാതെ ബേക്കർ സാഹിബ്
text_fieldsകെ.എ. ബേക്കർ കായംകുളം നഗരസഭ 25ാം വാർഡിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ബൂത്തിൽ മകൻ മുബാറിക്കിനൊപ്പം എത്തി വോട്ടുചെയ്യുന്നു
കായംകുളം: നൂറ്റാണ്ട് നിറവിലെ ഓർമകൾ പേറുന്ന സ്വതന്ത്ര്യസമര സേനാനി ബേക്കർ സാഹിബ് 104ാം വയസ്സിലും സമ്മതിദാനവകാശം രേഖപ്പെടുത്തി. നഗരസഭ 25ാം വാർഡിൽ ഒന്നാം നമ്പർ പോളിങ് സ്റ്റേഷനായ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ബൂത്തിലാണ് ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കൂടിയായ കെ.എ. ബേക്കർ വോട്ട് ചെയ്തത്. ത്യാഗങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യം നഷ്ടമാകുന്നതിന്റെ സങ്കടവും പേറിയാണ് ഇത്തവണയും ഈ വയോധികൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായത്.
പഴയകാലത്തെ തെരഞ്ഞടുപ്പ് അനുഭവങ്ങളാണ് കായംകുളം പെരിങ്ങാല പടിപ്പുരക്കൽ കാസിയാർ കുഞ്ഞിന്റെയും മൈമൂനയുടെയും മകനായ ബേക്കറിന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്. കായംകുളം ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥിയായിരിക്കെയാണ് സ്വാതന്ത്ര്യസമര വഴിയിലേക്ക് ബേക്കർ ഇറങ്ങുന്നത്. 1938ൽ സിക്സ്ത് ഫോറം വിദ്യാർഥിയായിരിക്കെ 16ാം വയസ്സിലാണ് സമരത്തിൽ ആകൃഷ്ടനാകുന്നത്. 1945ലും 1947ലും അറസ്റ്റിലാകുകയും രണ്ട് തവണയായി 12 മാസം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
പത്ത് വർഷത്തോളം കായംകുളം മുസ്ലിം ജമാഅത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. മോട്ടോർ തൊഴിലാളി യൂനിയൻ, ഹോട്ടൽ തൊഴിലാളി യൂനിയൻ, റസ്റ്റോറന്റ് അസോസിയേഷൻ, എഗ് ഡീലേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. ഇപ്പോൾ ചേരാവള്ളിയിലെ സൗഹൃദം വീട്ടിലാണ് താമസം.


