കുമരകം ബോട്ട് ദുരന്തത്തിന് 23 വർഷം
text_fieldsമുഹമ്മ: 29 പേരുടെ ജീവൻ കവർന്ന കുമരകം ബോട്ട് ദുരന്തത്തിന് ഞായറാഴ്ച 23 വർഷം. മുഹമ്മയിൽനിന്ന് രാവിലെ 5.45ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്കു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പർ ബോട്ടാണ് അപകടത്തിൽപെട്ടത്. കുമരകം ജെട്ടിയിൽ എത്തുന്നതിന് ഒരു കിലോമീറ്റർ മുമ്പാണ് അപകടം സംഭവിച്ചത്. പി.എസ്.സി ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ എഴുതാൻ പോയ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാർഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും.
രണ്ടുപതിറ്റാണ്ട് പിന്നിട്ടിട്ടും അപകടത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമീഷന്റെ നിർദേശങ്ങൾ പലതും ജലരേഖയായി തുടരുന്നു. ഇന്നും സർവിസ് നടത്തുന്നത് കാലപ്പഴക്കം ചെന്ന ബോട്ടുകളാണ്. മൂന്ന് ബോട്ടുകൾ എങ്കിലും വേണ്ട സ്ഥാനത്താണ് ഇപ്പോൾ രണ്ടെണ്ണമാണ് സർവിസ് നടത്തുന്നത്. തണ്ണീർമുക്കം ബണ്ട് വഴി സഞ്ചരിക്കുന്നതിനേക്കാൾ സമയക്കുറവും നഷ്ടവും ഒഴിവാക്കാമെന്നത് കൊണ്ടും ഇരുചക്ര വാഹനങ്ങളടക്കം കയറ്റാമെന്നതുമാണ് യാത്രക്കാർ ബോട്ട് സർവിസിനെ ഏറെ ആശ്രയിച്ചിരുന്നത്.
നടുക്കായലിൽ കാലാവസ്ഥ പ്രതികൂലമായാൽ ബോട്ടുകൾ കേടാകുന്നതും കായലിലെ മൺതിട്ടകളിൽ ഇടിച്ച് ദിശതെറ്റി നിയന്ത്രണംവിടുന്നതും സാധാരണയാണ്. മൺതിട്ടകൾ കൃത്യമായ ഇടവേളകളിൽ നീക്കംചെയ്യാത്തതാണ് കാരണം. ഇതിന് പരിഹാരമായി കായലിന്റെ നടുക്ക് എമർജൻസി ബോട്ട് ജെട്ടി വേണമെന്ന ആവശ്യത്തിനും ഇനിയും നടപടിയായിട്ടില്ല.