ജില്ലയിലെ അഞ്ച് പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരം
text_fieldsദേവഹരിതം വിഭാഗത്തിൽ പുരസ്കാരം നേടിയ പുന്നപ്ര മാർ ഗ്രിഗോറിയസ് പള്ളിയിലെ പച്ചത്തുരുത്ത്
ആലപ്പുഴ: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സ്ഥാപിച്ച പച്ചത്തുരുത്തുകളിൽ മികച്ചവയെ കണ്ടെത്താനുള്ള സ്ക്രീനിങ് തിരുവനന്തപുരത്ത് പൂർത്തിയായപ്പോള്‍ ജില്ലയിലെ അഞ്ച് പച്ചത്തുരുത്തുകൾക്ക് പുരസ്കാരം. തദ്ദേശ സ്വയംഭരണതലം, വിദ്യാലയം, ദേവഹരിതം, മറ്റ് സ്ഥാപനതലം എന്നീ വിഭാഗങ്ങളിലായാണ് ജില്ലയിലെ വിവിധ പച്ചത്തുരുത്തുകൾ നേട്ടം സ്വന്തമാക്കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ മാവേലിക്കര-താമരക്കുളം (കോട്ടക്കാട്ട്ശ്ശേരി ആറാം വാർഡിൽ ലെപ്രസി സാനറ്റോറിയത്തിലെ പ്രദർശനത്തോട്ടം), ഭരണിക്കാവ് (വില്ലേജ് ഓഫിസ് പച്ചത്തുരുത്ത്) എന്നിവ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി. വിദ്യാഭ്യാസ വിഭാഗത്തിൽ ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിലെ ജവഹർ നവോദയ വിദ്യാലയവും ദേവഹരിതം വിഭാഗത്തിൽ പുന്നപ്ര മാർ ഗ്രിഗോറിയസ് പള്ളിയും എന്നിവയുമാണ് പുരസ്കാരത്തിന് അര്‍ഹമായത്. മറ്റ് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ആലപ്പുഴ കെ.എസ്.ഡി.പിക്ക് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
പുരസ്കാര വിതരണം ചൊവ്വാഴ്ച തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെമ്പാടും സ്ഥാപിച്ച 1272.89 ഏക്കറിലെ 4030 പച്ചത്തുരുത്തുകളുടെ വിലയിരുത്തലാണ് സംസ്ഥാനതലത്തിൽ പൂർത്തിയായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാനതലത്തിൽ മികച്ച അഞ്ച് പുരസ്കാരവും മറ്റുള്ളവക്ക് സംസ്ഥാനതലത്തിൽ മൂന്ന് പുരസ്കാരവുമാണ് നൽകുന്നത്.