കുട്ടനാട് മണ്ഡലം; ഘടകകക്ഷികൾക്ക് നേർക്കുനേർ പോരാട്ടം
text_fieldsആലപ്പുഴ: യു.ഡി.എഫിന്‍റെയും എൽ.ഡി.എഫിന്‍റെയും എൻ.ഡി.എയുടെയും ഘടകകക്ഷികൾ പോരിനിറങ്ങുന്ന മണ്ഡലമാണ് കുട്ടനാട്. കർഷകർ തിങ്ങിപ്പാർക്കുന്ന മണ്ഡലത്തിൽ ജാതീയവോട്ടുകൾ ഏറെ നിർണായകമാണ്. ക്രൈസ്തവ വോട്ടുകളും ഈഴവ വോട്ടുകളും കൂടുതലുള്ള മണ്ഡലത്തിൽ 17 ശതമാനം നായർ വോട്ടുകളുമുണ്ട്. ഘടകകക്ഷികളിൽനിന്ന് മുന്നണികൾ സീറ്റ് തിരിച്ചെടുക്കുമെന്ന് പലതവണ പ്രഖ്യാപിക്കുമെങ്കിലും പലപ്പോഴും ഇത് നടപ്പാകാറില്ല.
ഇതിനായി എൽ.ഡി.എഫും യു.ഡി.എഫും പലകുറി നേതൃത്വത്തിന് മുന്നിൽ ആവശ്യം നിരത്താറുണ്ട്. സമൂഹമാധ്യമങ്ങളിൽ സീറ്റിനെച്ചൊല്ലിയുള്ള പോരും പ്രകടമാണ്.
നിലവിൽ യു.ഡി.എഫിലെ കേരള കോൺഗ്രസിലെ ജോസഫ് വിഭാഗവും എൽ.ഡി.എഫിലെ എൻ.സി.പിയും തമ്മിലാണ് നേർക്കുനേർ മത്സരിക്കുന്നത്. എൻ.സി.പിക്കുള്ള ജില്ലയിലെ ഏക സിറ്റിങ് സീറ്റിൽ തോമസ് കെ. തോമസ് എം.എൽ.എ ഇക്കുറിയും പോരിനിറങ്ങും. കേരള കോൺഗ്രസ് വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ റെജി ചെറിയാനാണ് യു.ഡി.എഫിനായി മത്സരിക്കുന്നത്. എൻ.സി.പിയിൽനിന്ന് രാജിവെച്ചാണ് റെജി ചെറിയാൻ കുട്ടനാടിനെ പ്രതിനിധീകരിക്കുന്നത്. എൻ.ഡി.എക്കും സ്ഥാനാർഥി നിർണയം തലവേദനയാണ്. ഘടകക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാർഥിയാവും മത്സരിക്കുക. ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, സുഭാഷ് വാസു എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഫലം ഇടതിന് അനുകൂലമാകുമ്പോൾ ലോക്സഭ അങ്കത്തിൽ യു.ഡി.എഫ് മിന്നിതിളങ്ങുമെന്നതാണ് ചരിത്രം.
തദ്ദേശം: വോട്ടുകൂടുതൽ ഇടതിന്; കരുത്ത് കാട്ടി യു.ഡി.എഫ്
തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതുകോട്ടകളിൽ വിള്ളലുണ്ടാക്കി യു.ഡി.എഫ് കരുത്തുകാട്ടി. നിയമസഭ തെഞ്ഞെടുപ്പ് വരുമ്പോൾ ഇടതുകോട്ടയിൽ ഇത് ചോർന്നുപോകുമോയെന്ന ആശങ്കയുണ്ട്. തദ്ദേശത്തിൽ ഇടതുമുന്നണിയിലെ പ്രധാനകക്ഷികളായ സി.പി.എമ്മും സി.പി.ഐയും പലപഞ്ചായത്തുകളിൽ പരസ്പരം മത്സരിച്ചതാണ് തിരിച്ചടിക്ക് പ്രധാനകാരണം. ഇതിനൊപ്പം സി.പി.എമ്മിലെ വിഭാഗീയതയും എൽ.ഡി.എഫിന് സീറ്റ് നഷ്ടമുണ്ടാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൂടുതൽ പഞ്ചായത്തുകളിൽ വിജയം നേടി. 13 പഞ്ചായത്തിൽ എഴിടത്ത് യു.ഡി.എഫും നാലിടത്ത് എൽ.ഡി.എഫും ഒരിടത്ത് എൻ.ഡി.എയുമാണ് ഭരിക്കുന്നത്. വീയരപുരത്ത് യു.ഡി.എഫിനാണ് ഭൂരിപക്ഷമെങ്കിലും പട്ടികജാതി വനിത സംവരണമായതിനാൽ പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിനാണ്. തദ്ദേശം വോട്ടുകണക്കിൽ ഇടതുമുന്നണിയാണ് മുന്നിൽ. എൽ.ഡി.എഫ്-48,824, യു.ഡി.എഫ്-45,760, എൻ.ഡി.എ-22,409 എന്നിങ്ങനെയാണ് കണക്ക്.
മണ്ഡലചരിത്രം
പ്രകൃതി ഇണങ്ങിയാല്‍ നൂറുമേനി, പിണങ്ങിയാല്‍ മടവീഴ്ചയോടെ സർവവും വെള്ളത്തിലാക്കും, ഇതാണ് കുട്ടനാടിന്റെ പ്രകൃതം. തകഴി മണ്ഡലം വിഭജിച്ചാണ് കുട്ടനാട് രൂപവത്കരിച്ചത്. 1965ൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ കേരളകോൺഗ്രസിലെ തോമസ് ജോൺ ആണ് വിജയിച്ചത്. 1967ൽ സ്വതന്ത്രനായി മത്സരിച്ച കെ.കെ.കെ. പിള്ളയാണ് കുട്ടനാട് പിന്നീട് നീന്തികടന്നത്. 1970 മുതൽ 77 വരെ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഉമ്മൻ തലവടിയാണ് വിജയിച്ചത്. 1977ൽ കേരള കോൺഗ്രസിലെ ഈപ്പൻ കണ്ടകുടി പ്രതിനിധിയായി. 1980-82 കാലത്ത് കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ ഉമ്മൻ മാത്യൂ വിജയിച്ചു കയറി. പിന്നീട് 26 വർഷം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ കെ.സി. ജോസഫ് മണ്ഡലം അടക്കിവാണു.2006 ഡി.ഐ.സി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച തോമസ് ചാണ്ടി മണ്ഡലത്തിലെ കോൺഗ്രസ് സാന്നിധ്യത്തിന്‍റെ അടയാളമായി. കെ. കരുണാകരന്‍ നേതൃത്വം നല്‍കിയ ഡി.ഐ.സിയിലൂടെയാണ് തോമസ് ചാണ്ടി മണ്ഡലം പിടിച്ചെടുത്തത്. എന്നാൽ, പിന്നീട് കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് പോയപ്പോള്‍ കൂടെ പോരാതെ തോമസ് ചാണ്ടി എന്‍.സി.പിയിലേക്ക് പോയി. 2011ൽ തോമസ് ചാണ്ടി എൻ.സി.പിയിലൂടെ ഇടതുപക്ഷത്തേക്ക് വിജയമെത്തിച്ചു. 2016ൽ വിജയിച്ചതോടെ പിണറായി വിജയൻ മന്ത്രിസഭയിൽ തോമസ് ചാണ്ടി കുട്ടനാടിന്‍റെ മന്ത്രിയുമായി. 2017ൽ കായൽകൈയേറ്റ വിവാദവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ചു. 2019ൽ തോമസ് ചാണ്ടി മരിച്ചതോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയെങ്കിലും കോവിഡുകാരണം ഉപേക്ഷിച്ചു. 2021 സഹോദരൻ തോമസ് കെ. തോമസ് നിയോഗം ഏറ്റെടുത്ത് വിജയം കൂടെകൂട്ടി.
വികസനത്തിന്‍റെ നേർക്കാഴ്ചയായി എ.സി റോഡ്
752 കോടി മുടക്കി നവീകരിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് തന്നെയാണ് കുട്ടനാട് മണ്ഡലത്തിന്‍റെ വികസന കാഴ്ച. റോഡിന്‍റെ ഉയരം വർധിപ്പിച്ചും സ്ഥിരമായി വെള്ളംകയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ മേൽപാലം നിർമിച്ചും 14 മീറ്റർ വീതിയിൽ അഞ്ചരവർഷമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. കിടങ്ങറ, നെടുമുടി, മുട്ടാർ, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ നാല് വലിയ പാലങ്ങളും ഒന്നാംകര, മങ്കൊമ്പ്, ജ്യോതി, നസ്രത്ത് ജങ്ഷൻ, പണ്ടാരക്കുളം എന്നിവിടങ്ങളിൽ അഞ്ച് മേൽപാലങ്ങളും തീർത്തു. 24.17 കിലോമീറ്റർ ദൂരത്തിൽ വഴിവിളക്ക് സ്ഥാപിക്കൽ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
13 പഞ്ചായത്തുകളെ കോർത്തിണക്കി 615 കോടി രൂപയുടെ സമഗ്രകുട്ടനാട് കുടിവെള്ളപദ്ധതിയും അവസാനഘട്ടത്തിലാണ്. കുട്ടനാട്ടിലെ വിവിധ റോഡുകൾ, പാലങ്ങൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ വികസനത്തിന് 2858 കോടിയാണ് വിനിയോഗിച്ചത്. പുളിങ്കുന്ന് താലൂക്ക് ആശുപത്രി സമുച്ചയ നിർമാണത്തിന് 149 കോടിയുടെ പദ്ധതിയുമുണ്ട്. പാടശേഖരങ്ങളുടെ പുറം ബണ്ടുകളുടെ നിർമാണത്തിന് 124.45 കോടി അനുമതി ലഭിച്ചു. ഇതിൽ 31 പ്രവൃത്തികൾ പൂർത്തിയായി. 81 കോടിയുടെ നിർമാണം പുരോഗമിക്കുകയാണ്.
യാഥാർഥ്യമാകാതെ ശുദ്ധജലപദ്ധതി
ആലപ്പുഴ: ഒന്നാംപിണറായി സർക്കാറിന്‍റെ കാലത്ത് പ്രഖ്യാപിച്ച കുട്ടനാട് ശുദ്ധജല പദ്ധതി ഇനിയും യാഥാർഥ്യമായില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. 2020ലെ ബജറ്റിലാണ് 219 കോടിയുടെ കുടിവെള്ള പദ്ധതിക്ക് അനുമതി നൽകിയത്. 2018 മഹാപ്രളയത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നെതർലാൻഡ് സന്ദർശിച്ചശേഷം അതേമാതൃകയിൽ കുട്ടനാടിനെ വീണ്ടെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല. രണ്ടാംകുട്ടനാട് പാക്കേജിനായി പ്രഖ്യാപിച്ച 2447 കോടിയുടെ ഉത്തരവ് ഇനിയും ഇറങ്ങിയിട്ടില്ല. ഡി.പി.ആറുമില്ല. നോഡൽ ഓഫിസറെയും നിയമിച്ചിട്ടില്ല.
2020ൽ തോട്ടപ്പള്ളി സ്പിൽവേ നവീകരണത്തിന് പ്രഖ്യാപിച്ച പദ്ധതി പ്രവർത്തനം തുടങ്ങാതെ ഷട്ടറുകൾ തുരുമ്പെടുത്ത് നശിച്ചു. ഇതിലൂടെ ഉപ്പുവെള്ളം കയറി കുട്ടനാട്ടിൽ നെൽകൃഷി വ്യാപകമായി നശിച്ചു. നെല്ല് സംഭരിക്കുന്നതിന് ഏർപ്പെടുത്തിയ പി.ആർ.എസ് അവസാനിപ്പിച്ച് 48 മണിക്കൂറിനുള്ളിൽ കർഷകന്‍റെ അക്കൗണ്ടിൽ തുക ലഭിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.


