പതാക കണ്ട് രാജ്യം മുതൽ അതിന്റെ തലസ്ഥാനം വരെ പറയുന്ന ഒരു ആറു വയസ്സുകാരൻ
text_fieldsഹമ്മദ് മാതാപിതാക്കൾക്കൊപ്പം
മണ്ണഞ്ചേരി: പതാക കാണിച്ചാൽ രാജ്യത്തിന്റെ പേര് പറയും. തലസ്ഥാനവും എയർലൈൻസിന്റെ പേരും മനഃപാഠം. മണ്ണഞ്ചേരി കുന്നപ്പള്ളി പുള്ളനാട്ടുവെളിയിൽ നൗഫൽ നൗഷാദിന്റെയും തസ്ലിമയുടെയും മകനായ ഹമ്മദ് ഈസയാണ് ഓർമശക്തിയുടെയും കഠിനാധ്വാനത്തിന്റെയും കാര്യത്തിൽ ശ്രദ്ധേയനാകുന്നത്. ആറുവയസ്സിനുള്ളിൽ 101 രാജ്യങ്ങളുടെ പതാകയും പേരും തലസ്ഥാനവും ഹൃദ്യസ്ഥമാക്കി. 60ഓളം രാജ്യങ്ങളുടെ എയർലൈൻസിന്റെ പതാക കാണിച്ചാൽ എയർലൈൻപേരുകളും പറയും. ഏഷ്യൻ രാജ്യങ്ങൾ, യൂറോപ്, ആഫ്രിക്കൻ രാജ്യങ്ങളായ ഉഗാണ്ട, സിംബാബ, ജമൈക്ക, ലാറ്റിൻ അമേരിക്കൻ, കിഴക്കൻ യൂറോപ്പ്, സൈപറസ്, ഗ്വാട്ടമാല, പപ്പുയ, ന്യൂകുനിയ, ലാവോസ്, സ്നേഗൾ, ഉഗാണ്ട, ഫിജി, ടർക്കുമെനിസ്ഥാൻ, താൻസനിയ, കെനിയ, ഇക്കഡോർ, സ്ലോവൊക്കിയ, ബൊളീവിയ, മസെഡോണിയ, വെനിസ്വല ജമൈക്ക, മാൾട്ട, കൊളംബിയ കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളും അതിന്റെ തലസ്ഥാനവും പതാകകളും ഇവന് സ്വന്തം.
ട്രാവൽ ടൂറിസം രംഗത്ത് ഇൻസൈറ്റ് വൊയാജെസ് എന്ന ട്രാവൽ കമ്പനി നടത്തുന്ന നൗഫൽ നൗഷാദ് വിസ, ടിക്കറ്റ് ഉൾപ്പടെയുള്ള ജോലികൾ ചെയ്യുമ്പോൾ ഹമ്മദ് നോക്കിയിരിക്കും. ചെറുപ്പം മുതൽ അവ താൽപര്യത്തോടെ ശ്രദ്ധിക്കാൻ തുടങ്ങി. പിതാവിൽനിന്ന് കാര്യങ്ങൾ ചോദിച്ച് അറിഞ്ഞു. മകന്റെ താൽപര്യം മനസ്സിലാക്കിയ മാതാപിതാക്കൾ കൂടുതൽ കാര്യങ്ങൾ ക്രമത്തോടെ പകർന്നു നൽകി. അങ്ങനെയാണ് ഇവ സ്വായത്തമാക്കിയത്.
പൊന്നാട് അൽഹിദായ പബ്ലിക് സ്കൂളിലെ യു.കെ.ജി വിദ്യാർഥിയായ ഹമ്മദ് സ്കൂൾ കോൺവെക്കേഷൻ പരിപാടിയിൽ ആലപ്പുഴ ഡിവൈ.എസ്.പി മധു ബാബുവിന്റെയും സ്കൂൾ ചെയർമാൻ എ. മുഹമ്മദ് കുഞ്ഞിന്റെയും മാനേജർ മുഹമ്മദ് ആസിഫ് അലിയുടെയും പി.ടി.എയുടെയും അധ്യാപകരുടെയും സഹപാഠികളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും സാന്നിധ്യത്തിൽ ഈ കഴിവ് ഭംഗിയായി അവതരിപ്പിച്ചു. ഏഷ്യ ബുക്സ് ഓഫ് റെക്കോഡിൽ അവതരണം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ. ഗ്ലോബിൽ നോക്കി വ്യത്യസ്ത രാജ്യങ്ങളുടെ പേര് പഠിക്കാനും അതിനെക്കുറിച്ച് മനസ്സിലാക്കാനും താൽപര്യം കാണിക്കുന്ന ഹമ്മദിന് സഞ്ചാരമാണ് ഏറെ ഇഷ്ടം. പൈലറ്റ് ആകാനാണ് ആഗ്രഹം.