ജില്ലാ കോടതിപ്പാലത്തിന് പകരം താൽകാലിക ബെയ്ലി പാലം നിർമിക്കണം
text_fieldsആലപ്പുഴ കോടതിപ്പാലം പൊളിച്ചയിടം. ഇതിന് പടിഞ്ഞാറ് ഭാഗത്താണ് ബെയിലിപാലം നിർമിക്കണമെന്ന ആവശ്യമുയരുന്നത്
ആലപ്പുഴ: ജില്ലാ കോടതിപ്പാലം നിർമാണം നീളവെ വാടക്കനാലിന് കുറുകെ ബെയ്ലി പാലം നിർമിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഇരു കരകളെയും ബന്ധിപ്പിച്ചുള്ള ബെയ്‌ലി മോഡൽ താത്കാലിക നടപ്പാലം വേണമെന്നാണ് ആവശ്യം. വൈ.എം.സി.എ ജങ്ഷൻ മുതൽ വാടക്കനാലിന്‍റെ തെക്കേ കരയിലൂടെ (വി.സി.എസ്.ബി റോഡിൽ) പൊലീസ് ഔട്‌പോസ്റ്റിന് സമീപത്ത് കൂടി പ്രൈവറ്റ് ബസുകൾക്ക് പോകാൻ വൺ വേ സൗകര്യം ഒരുക്കണമെന്നും ആവശ്യമുയരുന്നു.
വാടക്കനാലിന്റെ തെക്കേക്കരയിൽ ഔട്ട് പോസ്റ്റ്- കോടതിപ്പാലം റോഡിൽ ചെറിയ വാഹനങ്ങൾക്കും കാൽനടക്കാർക്കും പോകാനാകുംവിധം സൗകര്യമൊരുക്കണമെന്ന ആവശ്യവുമുയരുന്നു. മുല്ലക്കൽ ചിറപ്പ്, ക്രിസ്മസ്, ശബരിമല മണ്ഡലകാലം എന്നിവ പ്രമാണിച്ച് മുല്ലക്കലും പരിസരത്തും വൻ തിരക്കാണ് ഉണ്ടാകുക. ഈ സമയത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനാണ് ബെയ്ലി നടപ്പാലവും പുതിയ വൺവേ റോഡും തുറക്കണമെന്ന് ആവശ്യമുയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യാപാരികളും നാട്ടുകാരും ഒപ്പിട്ട നിവേദനം കലക്ടർക്ക് നൽകി.
ആലപ്പുഴ നഗരത്തിലേക്ക് വൻ ജനാവലി എത്തുന്ന മുല്ലയ്ക്കൽ - കിടങ്ങാംപറമ്പ് ചിറപ്പുത്സവത്തിന് രണ്ട് മാസം മാത്രമാണുള്ളത്. ചിറപ്പിനോടനുബന്ധിച്ച് പൊതുനിരത്തുകൾ ലേലം ചെയ്ത് ലക്ഷങ്ങളാണ് ആലപ്പുഴ നഗരസഭയ്ക്ക് വരുമാനമായി ലഭിക്കുക. അതിലൊരു വിഹിതം ഉപയോഗിച്ചാൽ രണ്ടു താത്കാലിക നടപ്പാലം നിർമിക്കാൻ സാധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. നടപ്പാലം വന്നില്ലെങ്കിൽ ചിറപ്പ്, ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളുടെ പൊലിമ നഷ്ടപ്പെടും.
മുല്ലയ്ക്കൽ മുതൽ കിടങ്ങാംപറമ്പ് വരെയുള്ള കച്ചവടത്തെയും സാരമായി ബാധിക്കും. വിനോദസഞ്ചാര മേഖലക്കും തിരിച്ചടിയാകും. നഗരകേന്ദ്രത്തിലെ തിരക്കേറിയ പ്രധാന ജങ്ഷൻ ഇത്രയും കാലം അടച്ചിട്ടിട്ടും നിർമാണത്തിന് വേഗതയില്ല. ഇത് പൊതുജനങ്ങളുടെയും മുല്ലക്കൽ, ജില്ല കോടതി മുതലായ നഗര പരിസരങ്ങളിലെ വ്യാപാരികളുടെയും ജീവിതം വഴിമുട്ടിച്ചിരിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആധുനിക സാങ്കേതികവിദ്യകൾ നിലവിലുള്ള ഈ കാലത്ത് നഗരകേന്ദ്രത്തിൽ ഇത്രയധികം റോഡുകൾ അടച്ചുകെട്ടുന്നതിലൂടെ അശാസ്ത്രീയ ആസൂത്രണമാണ് വെളിപ്പെടുന്നത്. സാങ്കേതികവിദ്യയും പ്ലാനിങ്ങും ഉപയോഗിച്ച് പൊതുജനങ്ങൾക്ക്, കുറഞ്ഞ അസൗകര്യങ്ങൾ മാത്രം ഉണ്ടാകുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യേണ്ടതിന് പകരം കൂടുതൽ ദുരിതം സൃഷ്ടിക്കുന്ന രീതിയിലാണ് നിർമാണം നടക്കുന്നത്.
അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ പോലും കൃത്യസമയത്ത്, ആശുപത്രികളിൽ എത്താൻ കഴിയാത്ത അവസ്ഥയാണ്. വഴിതിരിച്ചുവിട്ട റൂട്ടുകളിൽ, യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്തതിനാൽ യാത്രാ സമയം വളരെയധികം കൂടുകയും വിദ്യാർഥികൾക്കും ജീവനക്കാർക്കും കനത്ത ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.


