ചെല്ലാനത്ത് ചെമ്മീൻ ചാകര
text_fieldsചെമ്മീൻ കുട്ടകളിലാക്കി ചെല്ലാനം ഹാർബറിൽ എത്തിച്ചപ്പോൾ
തുറവൂർ: ഇടവേളക്കുശേഷം ശേഷം ചെല്ലാനം മിനി ഫിഷിങ് ഹാർബറിൽ വീണ്ടും ചെമ്മീൻ ചാകര. മൂന്നാഴ്ചയായി കടലിൽ പോകുന്ന ഒട്ടുമിക്ക വള്ളങ്ങൾക്കും നല്ല രീതിയിൽ നത്തോലി ലഭിക്കുന്നുണ്ടായിരുന്നു. വെളളിയാഴ്ച മീനുകളുടെ വലിയ കോളാണ് ലഭിച്ചത്. ഇതിനു പുറകെയാണ് ചെമ്മീൻ ചാകര.
വലിയ തോതിൽ കരിക്കാടി ചെമ്മീൻ കിട്ടിയത് തൊഴിലാളികൾക്ക് ഏറെ ആശ്വാസമായി. ഒരു കിലോ നത്തോലി 15 മുതൽ 30 രൂപ നിരക്കിലാണ് ഹാർബറിൽ വിറ്റുപോകുന്നത്. ഒരു കിലോ ചെമ്മീന് 130 രൂപ വരെ ലഭിക്കുന്നുണ്ട്. അർത്തുങ്കൽ മുതൽ ചെല്ലാനം വരെ നൂറുകണക്കിന് തൊഴിലാളികളാണ് ഇവിടെ വള്ളം അടുപ്പിക്കുന്നത്.
രാവിലെ മുതൽ മത്സ്യം ലഭിക്കുന്ന ഹാർബർ ആണിത്. പകൽ മുഴുവൻ പലതരം മത്സ്യയിനങ്ങൾ വെള്ളിയാഴ്ച വൈകിട്ട് വരെ വള്ളങ്ങളിൽ എത്തുന്നുണ്ടായിരുന്നു. പോയ വർഷങ്ങളെ അപേക്ഷിച്ചു മത്സ്യലഭ്യത കൂടിയിട്ടുണ്ടെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. മഴക്കാലം തുടങ്ങിയതു മുതൽ തരക്കേടില്ലാത്ത രീതിയിൽ മത്സ്യം ലഭിക്കുന്നുണ്ട്. ചില മത്സ്യത്തിന് മതിയായ വില ലഭിക്കുന്നില്ല. ഹാർബറിൽ വില നിശ്ചയിക്കുന്ന സംവിധാനം ഏർപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം.
രണ്ടാഴ്ച മുമ്പാണ് ചെല്ലാനം തീരക്കടലിൽ നത്തോലി ചാകര എത്തിയത്. മൺസൂൺ സമയത്ത് വൻ തോതിൽ ലഭിക്കുന്ന മത്സ്യമാണിതെങ്കിലും കുറച്ചു കാലമായി ലഭ്യത തീരെ കുറവായിരുന്നു. ഇക്കുറി നത്തോലി ചാകര മത്സ്യമേഖലയ്ക്ക് ഉണർവുണ്ടാക്കിയിട്ടുണ്ട്. ടൺ കണക്കിന് നത്തോലിയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഹാർബറുകളിൽ എത്തിയത്.