വീട് വൃത്തിഹീനം; മാതാവിനൊപ്പം കഴിഞ്ഞ കുട്ടിയെ ഏറ്റെടുത്തു
text_fieldsമാതാവിനൊപ്പം കഴിഞ്ഞ 10 വയസുകാരൻ താമസിച്ചിരുന്ന വീട് വൃത്തിഹീനമായ നിലയിൽ കണ്ടെത്തിയപ്പോൾ
ആലപ്പുഴ: വീട്ടിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ അമ്മക്കൊപ്പം താമസിച്ച 10 വയസുകാരനായ കുട്ടിയെ ചൈൽഡ് ലൈനും പൊലീസും ഇടപെട്ട് ശിശു സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നടപടി. വിഷയത്തിൽ ഇടപെട്ട പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും മാതാവുമായി സംസാരിച്ചശേഷമാണ് പഠനത്തിൽ മിടുക്കനായ കുട്ടിയെ മാറ്റിയത്.
പുറത്തുനിന്ന് വാങ്ങുന്ന ആഹാരങ്ങളാണ് കൂടുതലായും ഇരുവരും കഴിച്ചിരുന്നത്. ഇതിന്‍റെ കവറുകളും അവശിഷ്ടങ്ങളും അടുക്കളയിലടക്കം നിറഞ്ഞിരുന്നു. മുറികളും വൃത്തിഹീനമായിരുന്നു. മാതാവിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നു.
ആലപ്പുഴ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവ് പ്രകാരം ജില്ല ശിശു സംരക്ഷണ യൂനിറ്റിന്റെ നേതൃത്വത്തിലാണ് കുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചത്. റെസ്ക്യൂ ഓഫിസർ കെ.എസ്. സംഗീത, ഔട്ട് റീച്ച് വർക്കർ എ.എസ്. അനഘ, ചൈൽഡ് ഹെൽപ്ലൈൻ കേസ് വർക്കർ ജൈനമ്മ, പൊലീസുകാർ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.


