ഓപറേഷൻ ഡി-ഹണ്ടിൽ ഇതുവരെ പിടിയിലായത് 529 പേർ
text_fieldsആലപ്പുഴ: ലഹരി വ്യാപനം തടയാൻ ലക്ഷ്യമിട്ട് ജില്ല പൊലീസ് നാർകോട്ടിക് സെൽ ആരംഭിച്ച ഓപറേഷൻ ഡി-ഹണ്ട് സ്പെഷൽ ഡ്രൈവിൽ ഇതുവരെ പിടിയിലായത് 529 പേർ. 12.66 കിലോ കഞ്ചാവും 362 കഞ്ചാവ് ബീഡിയും 179.3 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. 92.06 ഗ്രാം ഹെറോയിൻ, 75 പാക്കറ്റ് ഹാൻസ്, നാല് കഞ്ചാവ് മിഠായി എന്നിവയും പിടിച്ചു. 55 ദിവസംകൊണ്ടാണ് ഇത്രയും പേരെ പിടികൂടിയത്.
ലഹരികേസുകളും കുറ്റകൃത്യങ്ങളും വ്യാപകമായതോടെ ഫെബ്രുവരി 22നാണ് സ്പെഷൽ ഡ്രൈവ് ആരംഭിച്ചത്. ഒരുമാസത്തേക്ക് തുടങ്ങിയ ഡ്രൈവ് നീട്ടുകയായിരുന്നു. ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്സ് സ്പെഷൽ ആക്ഷൻ ഫോഴ്സ്) നടത്തിയ 4710 പരിശോധനയിലൂടെയാണ് ലഹരി സംഘങ്ങളും വസ്തുക്കളും പിടികൂടിയത്. ലഹരി കുറ്റവാളികൾക്കായി റെയ്ഡിനിറങ്ങിയ സംഘം മയക്കുമരുന്ന് ഉപയോഗം, വിൽപന, കടത്തൽ എന്നിവയിലായി 497 കേസടുത്തു. ചെറിയ അളവിൽ ലഹരിവസ്തുക്കൾ കൈവശംവെച്ചതിന് 123 കേസും ഇടത്തരം അളവിൽ എട്ടുകേസും വാണിജ്യ അളവിൽ നാല് കേസുമെടുത്തു.
നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് ആക്ട് (എൻ.ഡി.പി.എസ്) നിയമ പ്രകാരമാണ് 362 കേസ്. അന്തർസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങൾ, ലഹരി ഉപയോഗിക്കാനും കൈമാറാനും സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളെല്ലാം ഡാൻസാഫ് നിരീക്ഷണത്തിലാണ്. ഏപ്രിലിൽ ഇതുവരെ ഡി-ഹണ്ടിൽ 81 പേർ ലഹരിയുമായി പിടിയിലായി. 1313 പരിശോധനയിലായി 73 കേസാണ് എടുത്തത്. ചെറിയ അളവിൽ ലഹരി കൈകാര്യം ചെയ്തതിന് 15നും ഇടത്തരം, വാണിജ്യ അളവുകൾക്ക് രണ്ട് വീതവും കേസുകളുമെടുത്തു. എൻ.ഡി.പി.എസ് നിയമപ്രകാരമാണ് 54 കേസ്. 125.52 ഗ്രാം എം.ഡി.എം.എയും 1730.833 ഗ്രാം കഞ്ചാവും നാല് കഞ്ചാവ് മിഠായിയും പിടികൂടി.
ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനിലും പ്രത്യേകം ലഹരി വിരുദ്ധ സ്ക്വാഡ് രൂപവത്കരിച്ചാണ് പരിശോധന നടക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും സംശയാസ്പദമായ പ്രവർത്തനം ഉടൻ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. ജില്ല പൊലീസ് ഹെൽപ് ലൈൻ: 9497990040. ഡിവൈ.എസ്.പി നാർകോട്ടിക് സെൽ: 9497931517.
ഹൈബ്രിഡ് കഞ്ചാവ് കേസ്: കച്ചവടം നടത്തിയത് തസ്ലീമ
ആലപ്പുഴ: രണ്ടുകോടി വിലവരുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായവരിൽ തസ്ലീമയാണ് കഞ്ചാവ് വിൽപനയുടെ ചുമതല നിർവഹിച്ചിരുന്നതെന്ന് അന്വേഷണ സംഘം. ഇവരുടെ ഭർത്താവ് സുൽത്താൻ അക്ബർ അലിക്ക് കേരളത്തിൽ വലിയ ബന്ധങ്ങളുള്ളതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. സംഭവത്തിൽ കൊച്ചി കേന്ദ്രീകരിച്ച് കൂടുതൽ അറസ്റ്റിലേക്ക് എക്സൈസ് കടന്നേക്കും. ശനിയാഴ്ച അറസ്റ്റിലായ സിനിമ താരം ഷൈൻ ടോം ചാക്കോക്ക് തസ്ലിമയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. പ്രധാന പ്രതികളായ എണ്ണൂർ സത്യവാണിമുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലിയും (43) ഭാര്യ തസ്ലിമ സുൽത്താനയും (ക്രിസ്റ്റീന -41) ചെന്നൈയിൽനിന്ന് കഞ്ചാവുമായി എറണാകുളത്ത് എത്തിയതുമുതലുള്ള കാര്യങ്ങളാണ് ഇതുവരെ അന്വേഷിച്ചത്. തസ്ലീമ മാത്രമാണ് ഇടപാടുകാരെ കണ്ടിരുന്നത്.
കൊച്ചിയിൽ ഇവർ എത്തിയതായി സംശയിക്കുന്ന ഇടങ്ങളിൽ പരിശോധന നടത്തിയ എക്സൈസ് പരമാവധി സി.സി ടി.വി ദൃശ്യങ്ങളും ശേഖരിച്ചു. മൂന്ന് പ്രതികളെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. സുൽത്താൻ അക്ബർ അലി, ആലപ്പുഴയിൽ തസ്ലീമയോടൊപ്പം പിടിയിലായ കെ. ഫിറോസ് തുടങ്ങിയവർ തിരുവനന്തപുരം സെൻട്രൽ ജയിലിലും തസ്ലീമ മാവേലിക്കര വനിത ജയിലിലും റിമാൻഡിലാണ്. തിരുവനന്തപുരത്തെ ഫോറന്സിക് സയന്സ് ലബോറട്ടറിയിൽ പരിശോധനക്ക് അയച്ച ഫോൺ വിവരങ്ങൾ കൂടി ഉപയോഗിച്ചാകും ചോദ്യംചെയ്യൽ.