കാറുമായി റോഡിൽ ഭീകരാന്തരീക്ഷം; ആറംഗ സംഘത്തെ പിന്തുടർന്ന് പിടികൂടി
text_fieldsപിടിയിലായ യുവാക്കള്‍
അമ്പലപ്പുഴ: പൊലീസ് ജീപ്പിൽ ഉള്‍പ്പെടെ വിവിധ വാഹനങ്ങളില്‍ ഇടിപ്പിച്ചശേഷം സിനിമ മോഡലില്‍ കടക്കാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. CH 01AB 7629 എന്ന രജിസ്റ്റർ നമ്പരിലുള്ള ഇന്നോവ കാറാണ് നാട്ടുകാരുടെ സഹായത്തോടെ പുന്നപ്ര, അമ്പലപ്പുഴ പൊലീസ് ചേര്‍ന്ന് പിടികൂടിയത്.
കാറിലുണ്ടായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ ആലിൻകടവ് പുന്നമൂട്ടിൽ അഖിൽ (26), ദിലീപ് ഭവനത്തിൽ സഞ്ജയ് (25), പ്രവീൺ നിവാസിൽ പ്രവീൺ (25), ഓച്ചിറ ചങ്ങംകുളങ്ങര ഗൗരി ഭവനിൽ ആദർശ് (23), ഷിയാസ് മൻസിലിൽ നിയാസ് (22), കാട്ടിൽകടവ് തറയിൽവീട്ടിൽ സൂരജ് (21) എന്നിവരെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. സുഹൃത്തുകളായ ഇവർ, സഞ്ജയിയെ വിദേശത്തേക്ക് യാത്രയാക്കാൻ നെടുമ്പാശ്ശേരിയിലേക്ക് പോകുകയായിരുന്നു. വലിയഴീക്കൽ പാലം കടന്ന് തീരദേശ റോഡുവഴി എത്തിയ ഇവർ സഞ്ചരിച്ച വാഹനം എതിരെ വന്ന മാരുതി കാറിൽ തട്ടി മാരുതിയുടെ ഒരു വശത്തെ കണ്ണാടി തകർന്നു.
ഇതിനുള്ള നഷ്ടപരിഹാരം നൽകി യാത്ര തുടർന്നതായി പൊലീസ് പറഞ്ഞു. യാത്രക്കിടെ സ്കൂട്ടറിൽ തട്ടിയെങ്കിലും നിർത്താതെ പോയതായി നാട്ടുകാർ പറയുന്നു. ഇതിനിടെ സമീപത്തെ കടയിൽ നിർത്തി കുടിവെള്ളം വാങ്ങുന്നതിനിടെ നാട്ടുകാരുമായി വാക്കേറ്റമുണ്ടായി.
നാട്ടുകാരെ ഭീഷണിപ്പെടുത്തിയും അസഭ്യവും പറഞ്ഞശേഷം വേഗത്തിൽ വാഹനമോടിച്ചുപോയ ഇവരുടെ പിന്നാലെ പല്ലന സ്വദേശികളായ ഒരു സംഘം നാട്ടുകാർ കാറിലും ഇരുചക്ര വാഹനങ്ങളിലുമായി പിൻതുടർന്നു. വിവരമറിഞ്ഞ് അമ്പലപ്പുഴയിൽ വാഹനം തടയാൻ നിന്ന പൊലീസിനെ വെട്ടിച്ച് ഇന്നോവ കാർ മുന്നോട്ടുപാഞ്ഞു. ഇതിനിടെ പൊലീസ് ജീപ്പിന്റെ വശത്തെ കണ്ണാടി, ബമ്പർ എന്നിവ തകർത്തു.
അമിതവേഗത്തിൽ മുമ്പോട്ടുപാഞ്ഞ കാർ, കാക്കാഴം റെയിൽവേ മേൽപാലത്തിന്റെ വലത് ഫുട്പാത്തിൽ ഇടിച്ചുകയറി കാറിന്റെ വലതുവശം പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ചു. പിന്നീടും കിലോമീറ്ററുകൾ മുന്നോട്ട് ഓടിയ കാർ ദേശlയപാതയില്‍ പുന്നപ്രയില്‍ നിന്നും കിഴക്കോട്ട് പോയി കളരി ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വഴിയറിയാതെ നിർത്തി. പൊട്ടിയ ടയര്‍ പൂര്‍ണമായും തേഞ്ഞുതീര്‍ന്നിരുന്നു.
വിവരമറിഞ്ഞ് പുന്നപ്ര പൊലീസും സ്ഥലത്തെത്തി. കാറിൽനിന്ന് ഓടി രക്ഷപെട്ട് സമീപത്തെ പുരയിടങ്ങളില്‍ ഒളിച്ച യുവാക്കളിൽ മൂന്നു പേരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മറ്റ് മൂന്നുപേരെ പിന്തുടര്ന്നെത്തിയ അമ്പലപ്പുഴ പൊലീസും പിടികൂടി. വാഹനത്തില്‍ എന്തൊ ലായനി നിറച്ച കുപ്പി ഉണ്ടായിരുന്നതായി പറയുന്നു.
അഖിലാണ് കാർ ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവാക്കൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനുൾപ്പടെ കേസെടുത്തു. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.