തദ്ദേശ പോരാട്ടത്തിൽ അമ്പലപ്പുഴ വലത്തോട്ട് ചാഞ്ഞു
text_fieldsഅമ്പലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വലതിന് അനുകൂലം. നഗരസഭയിലെ 27 വാർഡുകളും പുന്നപ്ര വടക്ക്-തെക്ക്, അമ്പലപ്പുഴ വടക്ക്-തെക്ക്, പുറക്കാട് പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് നിയോജകമണ്ഡലം. നിലവിൽ നഗരസഭയിലെ നിയോജകമണ്ഡലത്തിൽപ്പെട്ട 27 വാർഡുകളിൽ 20 ഉം എൽ.ഡി.എഫിനായിരുന്നു. കൂടാതെ യു.ഡി.എഫിന് മൂന്നും എൻ.ഡി.എക്ക് രണ്ടും എസ്.ഡി.പി.ഐ, പി.ഡി.പി എന്നിവക്ക് ഒരോന്നുമായിരുന്നു.
ഇത്തവണ എൽ.ഡി.എഫിന്റെ സീറ്റ് 20 ൽനിന്നും 10 ആയി കുറഞ്ഞപ്പോൾ യു.ഡി.എഫിന്റെ നില മൂന്നിൽ നിന്ന് 10 ലേക്ക് ഉയർന്നു. എൻ.ഡി.എ രണ്ടിൽ നിന്നും നാലിലേക്ക് നില മെച്ചപ്പെടുത്തുകയും ചെയ്തു. എസ്.ഡി.പി.ഐക്കും പി.ഡി.പിക്കും സീറ്റ് നിലനിർത്താനും കഴിഞ്ഞു. എൽ.ഡി.എഫ് പിൻബലത്തിൽ എൻ.സി.പിക്ക് ഒരു സീറ്റും ലഭിച്ചു.
ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തിലും ഫലം എൽ.ഡി.എഫിനെ നിരാശയിലാക്കുന്നതാണ്. പുന്നപ്ര വടക്ക്-തെക്ക്, അമ്പലപ്പുഴ വടക്ക്-തെക്ക്, പുറക്കാട് പഞ്ചായത്തുകളിലെ 85 വാർഡുകളിൽ 51 ഉം എൽ.ഡി.എഫിന് സ്വന്തമായിരുന്നു. ഇത്തവണ 94 വാർഡുകളായി ഉയർന്നപ്പോൾ എൽ.ഡി.എഫിന് 37 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. യു.ഡി.എഫിന് 12 സീറ്റായിരുന്നത് 31 ലേക്ക് ഉയർത്താൻ കഴിഞ്ഞു.
എൻ.ഡി.എക്ക് ആകട്ടെ 12 സീറ്റിൽ നിന്നും 18 ലേക്ക് നില മെച്ചപ്പെടുത്താനും കഴിഞ്ഞു. കഴിഞ്ഞ തവണ അമ്പലപ്പുഴ തെക്കിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാതിരുന്ന യു.ഡി.എഫ് ഇത്തവണ അഞ്ച് സീറ്റ് നേടിയതും എൽ.ഡി.എഫ് സ്വന്തമാക്കിയിരുന്ന അഞ്ച് പഞ്ചായത്തുകളിൽ രണ്ടെണ്ണത്തിൽ ഭരണം യു.ഡി.എഫിന് പിടിക്കാനും കഴിഞ്ഞു. കൂടാതെ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണവും യു.ഡി.എഫ് പിടിച്ചെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് മാറിയും മറിഞ്ഞും എൽ.ഡി.എഫും യു.ഡി.എഫും ഭരിച്ചിട്ടുണ്ടെങ്കിലും എൻ.ഡി.എക്ക് ആദ്യമായി ഒരു സീറ്റിൽ വിജയിക്കാനും കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ തെക്കിൽ ആറ് സീറ്റുകൾ ഉണ്ടായിരുന്ന എൻ.ഡി.എക്ക് ഇത്തവണ നാല് സീറ്റുകളിൽ തൃപ്തിപ്പെടേണ്ടിയും വന്നു.


