അമ്പലപ്പുഴക്കാർക്ക് ആശ്രയം സ്വകാര്യ ആര്.ഒ പ്ലാന്റുകൾ
text_fieldsഅമ്പലപ്പുഴ: കുടിവെള്ളത്തിന്റെ പേരില്‍ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലുള്ളവര്‍ക്ക് പരിഭവങ്ങള്‍ ഏറെയാണ്. വിഷയത്തില്‍ ജനപ്രതിനിധികളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ക്ക് കുലുക്കമില്ല. പ്രതിപക്ഷം ജനങ്ങളെ കൂട്ടി പഞ്ചായത്തുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം തീര്‍ക്കുന്നു. ഭരണപക്ഷം ജനപ്രതിനിധികളെയും കൂട്ടി ജല അതോറിറ്റിക്ക് മുന്നില്‍ കുത്തിയിരിക്കുന്നു. എന്നിട്ടും പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല.
ആലപ്പുഴ നഗരസഭയിലെ 27 വാര്‍ഡുകളും പുന്നപ്ര വടക്ക്-തെക്ക്, അമ്പലപ്പുഴ വടക്ക്-തെക്ക്, പുറക്കാട് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ പല വാര്‍ഡുകളിലും സമ്പൂര്‍ണ കുടിവെള്ള പദ്ധതി നടപ്പായിട്ടില്ല. എങ്കിലും പൊതുടാപ്പുകള്‍ പലതും നീക്കം ചെയ്തു. ഇതോടെ നാവ് വരണ്ട നാട്ടുകാര്‍ക്ക് ആശ്രയം സ്വകാര്യ ആര്.ഒ പ്ലാന്റുകളാണ്. പുന്നപ്ര തെക്ക് പഞ്ചായത്തിൽ മാത്രം അപേക്ഷ നൽകി മാസങ്ങളായി കാത്തിരിക്കുന്നത് 220ഓളം കുടുംബങ്ങളാണ്.
നഗരസഭയിലും സമീപത്തെ മറ്റ് പഞ്ചായത്തുകളിലും ഒട്ടും കുറവല്ല. പുതുതായി അപേക്ഷ നൽകിയവർ ഇതിലേറെയാണ്. പുതിയ കണക്ഷൻ നൽകാൻ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും ജോലി തുടങ്ങാൻ കരാറുകാർ വൈകിക്കുന്നതാണ് ഇതിന് കാരണം. കരാർ എടുത്ത് ജോലി പൂർത്തിയാക്കിയ വകയിൽ ലക്ഷങ്ങൾ കിട്ടാനുണ്ടെന്നാണ് പല കരാറുകാർക്കും പറയാനുള്ളത്. എന്നു കിട്ടുമെന്ന് ഒരു ഉറപ്പും നൽകാത്തതാണ് പുതിയ കരാർ ജോലി തുടങ്ങാൻ വൈകുന്നതെന്നാണ് പലർക്കും പറയാനുള്ളത്.
പൊട്ടിയൊലിച്ച് കുടിവെള്ള പൈപ്പ്
അമ്പലപ്പുഴ: കുടിക്കാൻ വെള്ളം കിട്ടാനില്ലെങ്കിലും പലയിടങ്ങളിലും പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നതാണ് മണ്ഡലത്തിലെ മറ്റൊരു വിഷയം. ദേശീയപാതയിൽ പലയിടങ്ങളിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുമ്പോഴും പരിഹരിക്കാന്‍ നടപടികളാകുന്നില്ല. ഉൾനാടൻ മേഖലകളിലാണ് കുടിവെള്ളം ക്ഷാമം രൂക്ഷം. വീടുകളിലെ അത്യാവശ്യങ്ങൾക്കായി ആർ.ഒ പ്ലാന്റുകളിലെ വെള്ളമാണ് പലരും ഉപയോഗിക്കുന്നത്.
ദേശീയപാതയിലെ അറ്റകുറ്റപ്പണിയുടെ പേരിൽ കുടിവെള്ള വിതരണം നിർത്തിവെക്കുമ്പോഴും ദിവസങ്ങള്‍ കഴിഞ്ഞാലും വെള്ളം പാഴാകുകയാണ്. പലയിടങ്ങളിലും ദേശീയപാതയോരത്ത് പൈപ്പ് ലൈൻ പൊട്ടി വെള്ളം സമീപത്തെ കടകളിലും വീടുകളിലും ഒഴുകിയെത്തിയിരുന്നു. നാട്ടുകാർ പരാതിപ്പെട്ടെങ്കിലും ദിവസങ്ങൾക്ക് ശേഷമാണ് പരിഹാഹാരമായത്. ദേശീയപാതയിലേത് പ്രധാന പൈപ്പ് ലൈനായതിനാൽ ഉൾനാടൻ പ്രദേശങ്ങളിലേക്കുള്ള വിതരണത്തെയാണ് ബാധിക്കുന്നത്.
ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി മണ്ണ് മാറ്റുന്നതിനിടെ പൊട്ടിയ പൈപ്പില്‍നിന്ന് ഒഴുകുന്ന വെള്ളം
കുറച്ചുദിവസമായി പുന്നപ്ര തെക്ക്-വടക്ക്, അമ്പലപ്പുഴ തെക്ക്-വടക്ക്, പുറക്കാട് പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം നേരിടുകയാണ്. കിഴക്കൻ മേഖലകളിലാണ് ക്ഷാമം അധികവും നേരിടുന്നത്. ദേശീയപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി തകരാറിലാകുന്ന കുടിവെള്ള പൈപ്പ് ലൈനുകൾ കരാർ കമ്പനിയുടെ നേതൃത്വത്തിൽ പരിഹരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. തകരാറിലാകുന്ന പൈപ്പ് ലൈനുകൾ പലയിടങ്ങളിലും അടച്ചുവെക്കുകയാണ് ചെയ്യുന്നത്.
ഇതാണ് പ്രദേശത്തെ കുടിവെള്ള വിതരണത്തെ ബാധിക്കുന്നത്. ദേശീയപാതയിലെ പൈപ്പ് ലൈനുകൾ പൂർണമായും നീക്കി ഗുണനിലവാരമുള്ള പുതിയവ സ്ഥാപിച്ചശേഷം ദേശീയപാത നിർമാണം നടത്തുകയാണ് വേണ്ടതെന്ന അഭിപ്രായം ശക്തമാണ്. അല്ലാത്ത പക്ഷം ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കിയശേഷം വീണ്ടും കുത്തിപ്പൊളിക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.