പരിശോധനയുടെ പേരിൽ ബൈക്കിന് പിന്നിൽ പൊലീസ് ജീപ്പ് ഇടിപ്പിച്ചെന്ന് പരാതി
text_fieldsഅപകടത്തില്‍ പരിക്കേറ്റ തൗഫീക്ക്, ആഷിക്ക്
അമ്പലപ്പുഴ: പരിശോധനയുടെ പേരിൽ ബൈക്കിന് പിന്നിൽ പൊലീസ് ജീപ്പ് ഇടിപ്പിച്ചെന്ന് പരാതി. പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് കടന്നെന്നും ആക്ഷേപം. ദേശീയ പാതയിൽ തോട്ടപ്പള്ളി സ്പിൽവെ പാലത്തിന് വടക്ക് ഭാഗത്ത് കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. വണ്ടാനം വൃക്ഷ വിലാസം ഷാജി-ജസീല ദമ്പതികളുടെ മകൻ ആഷിക്ക് (18), സുഹൃത്ത് തൗഫീക്ക് എന്നിവർ ഹരിപ്പാട് നിന്ന് ഐസ് ക്രീം കച്ചവടത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ തോട്ടപ്പള്ളി ഭാഗത്തു വെച്ച് പൊലീസ് ജീപ്പ് ബൈക്കിന് പിന്നിലിടിക്കുകയായിരുന്നു. മറ്റേതോ കേസിലെ പ്രതികളെ അന്വേഷിച്ചിറങ്ങിയ പൊലീസ് തെറ്റിദ്ധാരണയുടെ പേരിലാണ് ഇവരെ പിടികൂടിയത്.
ബൈക്ക് യാത്രക്കാരെയും വാഹനവും പരിശോധിച്ച ശേഷം പൊലീസ് കടന്നു കളഞ്ഞു. ജീപ്പിടിച്ച് പരിക്കേറ്റ നിലയിലായിട്ടും ഇരുവരെയും ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയാറായില്ല. പിന്നീട് ആഷിക്ക് വിളിച്ചറിയിച്ച ശേഷം ബന്ധുക്കളും സുഹൃത്തുക്കളുമെത്തി ഇവരെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു. അമ്പലപ്പുഴ പൊലീസിന്റെ വാഹനമാണ് ഇടിച്ചതെന്ന് സൂചനയുണ്ട്.


