കുടിക്കാന്‍ ഒരിറ്റ് വെള്ളമില്ല; പാഴാക്കുന്നതിന് കണക്കില്ല
text_fieldsപുന്നപ്ര കുറവന്തോടിന് സമീപം പ്രധാന പൈപ്പ്ലൈന് പൊട്ടി വെള്ളം പാഴാകുന്നു
അമ്പലപ്പുഴ: കുടിക്കാൻ ഒരിറ്റ് വെളളം കിട്ടാനില്ലാതെ ജനം നെട്ടോട്ടമോടുമ്പോൾ പലയിടങ്ങളിലും പൈപ്പ്ലൈൻ പൊട്ടി വെള്ളം പാഴാകുന്നു. ദേശീയപാതയിൽ പലയിടങ്ങളിലെയും കാഴ്ച കണ്ട് ജനം പ്രതിഷേധത്തിലാണ്. ഒരാഴ്ചയിലേറെയായി അമ്പലപ്പുഴ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലെയും വിവിധ മേഖലകളിൽ കുടിവെളളം കിട്ടാനില്ല. പ്രത്യേകിച്ച് ഉൾനാടൻ മേഖലകളിലാണ് കുടിവെളള ക്ഷാമം രൂക്ഷമായിരിക്കുന്നത്. വീടുകളിലെ ആവശ്യങ്ങൾക്കായി ആർ.ഒ പ്ലാന്റുകളിലെ വെളളമാണ് പലരും ഉപയോഗിക്കുന്നത്.
ദേശീയപാതയിലെ അറ്റകുറ്റപ്പണികളുടെ പേരിലാണ് കുടിവെള്ളവിതരണം നിർത്തിവെച്ചിട്ടുള്ളത്. എന്നാല്‍ പലയിടങ്ങളിലും പൈപ്പ് ലൈൻ പൊട്ടി വെളളം പാഴാകുന്നത് നിത്യസംഭവമാണ്. അറ്റകുറ്റപ്പണിയുടെ ഭാഗമായി വിവിധ വാര്‍ഡുകളില്‍ ഒരു ദിവസം കുടിവെള്ളവിതരണം നിര്‍ത്തിവെക്കുമെന്നാണ് വാട്ടര്‍ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും പലയിടങ്ങളിലും കുടിവെള്ള വിതരണം ആരംഭിച്ചിട്ടില്ല. കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയൊലിക്കുകയാണ്.
കഴിഞ്ഞ ദിവസം പുന്നപ്ര മിൽമക്ക് സമീപം ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെളളം സമീപത്തെ കടകളിലും വീടുകളിലും ഒഴുകിയെത്തി. നാട്ടുകാർ പരാതിപ്പെട്ടെങ്കിലും ദിവസങ്ങൾക്ക് ശേഷമാണ് പരിഹാരമായത്. ഇതേ സംഭവം മറ്റ് ചിലയിടങ്ങളിൽ ഉണ്ടായപ്പോഴും പരിഹരിക്കാൻ കാലതാമസം നേരിട്ടു. ദേശീയപാതയിലേത് പ്രധാന പൈപ്പ് ലൈനായതിനാൽ ഉൾനാടൻ പ്രദേശങ്ങളിലേക്കുള്ള വിതരണത്തെയാണ് ബാധിക്കുന്നത്.
ഞായറാഴ്ച രാവിലെ മുതൽ ദേശീയപാതയിൽ കുവൻതോട് ജംങ്ഷനിൽ പ്രധാന പൈപ്പ് ലൈൻ പൊട്ടിയതോടെ സമീപത്തെ പുരയിടങ്ങളിലേക്ക് ശക്തമായ വെള്ളപ്പാച്ചിലുണ്ടായി. നാട്ടുകാർ പലതവണ പരാതി അറിയിച്ചെങ്കിലും അവധിയായതിനാൽ അറ്റകുറ്റപ്പണി വൈകുമെന്ന മറുപടിയാണ് വാട്ടർ അതോറിറ്റി അധികൃതരിൽ നിന്നും ലഭിച്ചതത്രെ. കുറച്ചു ദിവസമായി പുന്നപ്ര തെക്ക്-വടക്ക്, അമ്പലപ്പുഴ തെക്ക്-വടക്ക്, പുറക്കാട് പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കുടിവെളളക്ഷാമം നേരിടുകയാണ്. കിഴക്കൻ മേഖലകളിലാണ് ക്ഷാമം അധികവും നേരിടുന്നത്.
ദേശീയപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി തകരാറിലാകുന്ന കുടിവെള്ള പൈപ്പ് ലൈനുകൾ കരാർ കമ്പനിയുടെ നേതൃത്വത്തിൽ പരിഹരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. തകരാറിലാകുന്ന പൈപ്പ് ലൈനുകൾ പലയിടങ്ങളിലും അടച്ചുവെക്കുകയാണ് ചെയ്യുന്നത്.
ഇത് പ്രദേശത്തെ കുടിവെള്ളവിതരണത്തെ ബാധിക്കാറുണ്ട്. കൂടാതെ ദേശീയപാതയിലെ പൈപ്പ്ലൈനുകൾ പൂർണമായും നീക്കി ഗുണനിലവാരമുള്ള പുതിയ പൈപ്പുലൈനുകൾ സ്ഥാപിച്ചശേഷം ദേശീയപാത നിർമാണം നടത്തുകയാണ് വേണ്ടതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അല്ലാത്ത പക്ഷം ദേശിയപാത നിര്‍മാണം പൂര്‍ത്തിയശേഷം പൈപ്പ് ലൈനില്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ കുടിവെള്ള വിതരണം നിര്‍ത്തിവെക്കേണ്ട അവസ്ഥ ഉണ്ടാകും.
നിര്‍ജീവമായി ജലജീവൻ പദ്ധതി
അമ്പലപ്പുഴ: മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ഇനിയും ജലജീവൻ പദ്ധതിയിൽ കുടിവെളളം കിട്ടാത്ത നിരവധി കുടുംബങ്ങളുണ്ട്. നഗര പ്രദേശങ്ങളിലും വിവിധ പഞ്ചായത്തുകളിലുമായി ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് ഇനിയും കുടിവെളളം കിട്ടാനുള്ളത്. പുന്നപ്രതെക്ക് പഞ്ചായത്തിൽ മാത്രം അപേക്ഷ നൽകി മാസങ്ങളായി കാത്തിരിക്കുന്നത് 220 ഓളം കുടുംബങ്ങളാണ്. സമീപത്തെ മറ്റ് പഞ്ചായത്തുകളിലും കുടിവെള്ളം കിട്ടാത്തവര്‍ ഒട്ടും കുറവല്ല.
പുതിയതായി അപേക്ഷ നൽകിയവർ ഇതിലേറെയാണ്. കണക്ഷൻ നൽകുന്നതിനായി ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും കരാറുകാർ ജോലി തുടങ്ങാത്തതാണ് ഇതിന് കാരണം. കരാർ എടുത്ത് ജോലി പൂർത്തിയാക്കിയ വകയിൽ ലക്ഷങ്ങൾ കിട്ടാനുണ്ടെന്നാണ് പല കരാറുകാർക്കും പറയാനുള്ളത്. എന്നു കിട്ടുമെന്ന് ഒരു ഉറപ്പും നൽകാത്തതാണ് പുതിയ കരാർ ജോലി തുടങ്ങാൻ വൈകുന്നതെന്നാണ് പല കരാറുകാര്‍ക്കും പറയാനുള്ളത്.