മദ്യപാനം ചോദ്യംചെയ്ത വിമുക്തഭടനും സഹോദരനും ക്രൂരമര്‍ദനം
text_fieldsപരിക്കേറ്റ ഗണേഷ് കുമാര്‍, സഹോദരന് ഹരികുമാര്‍
അമ്പലപ്പുഴ: വീടിന് സമീപത്തെ പരസ്യമദ്യപാനം ചോദ്യം ചെയ്ത വിമുക്തഭടനും സഹോദരനായ ബി.ജെ.പി മുൻ പഞ്ചായത്ത് അംഗത്തിനും ക്രൂരമർദനം.
മർദിച്ച ശേഷം അക്രമിസംഘം മാലയും മൊബൈൽ ഫോണും അപഹരിച്ചു. അക്രമിസംഘത്തിൽ പെൺകുട്ടിയും. കഴിഞ്ഞ ദിവസം രാത്രി 11ഓടെ കരുമാടിയിലായിരുന്നു സംഭവം. വിമുക്ത ഭടൻ കൂടിയായ തകഴി പഞ്ചായത്ത് രണ്ടാം വാർഡിൽ വിപഞ്ചികയിൽ ഹരികുമാർ (44) സഹോദരനും ബി.ജെ.പി മുൻ പഞ്ചായത്ത് അംഗവും കൂടിയായ ഹരി നിവാസിൽ ഗണേഷ് കുമാർ (39) എന്നിവർക്കാണ് മർദനമേറ്റത്.
മർദിച്ച ശേഷം ഗണേഷ് കുമാറിന്റെ ഒന്നര പവന്റെ മാലയും മൊബൈൽ ഫോണും അക്രമിസംഘം കവർന്നു. ഗണേഷ് കുമാറും സഹോദരൻ ഹരികുമാറും കാറിൽ കുടുംബസമേതം ആലപ്പുഴയിൽ പോയി മടങ്ങിവരുമ്പോൾ വീടിന് സമീപത്ത് നാലുപേർ റോഡിൽ ഇരുന്ന് മദ്യപിക്കുന്നത് കാണുന്നത്. മദ്യപസംഘത്തോടൊപ്പം പെൺകുട്ടിയും ഉണ്ടായിരുന്നു. കാർ വീട്ടിലിട്ട ശേഷം തിരികെ വന്ന് മദ്യപിക്കുന്നത് ചോദ്യംചെയ്തതോടെ ഇവർ ആക്രമിക്കുകയായിരുന്നു.
കരിങ്കൽ ഉപയോഗിച്ച് ഇരുവരുടെയും തലക്കും മുഖത്തും ക്രൂരമായി ഇടിക്കുകയും ഗണേശിന്റെ മാല പൊട്ടിച്ച് എടുത്ത ശേഷം മൊബൈൽ ഫോണും പിടിച്ചു വാങ്ങുകയായിരുന്നു. തകഴി പടഹാരം ഭാഗത്ത് നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള പൂമംഗലം വീട്ടിൽ അനന്തു, പടഹാരം പതാലിൽ വീട്ടിൽ അർജുൻ, ഇയാളുടെ സഹോദരി അശ്വതി, എല്ലോറയിൽ വിഷ്ണു എന്നിവരാണ് ആക്രമിച്ചത്. പ്രദേശത്ത് കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് വിൽപനയുടെ പ്രധാന കണ്ണിയാണ് അനന്ദുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.