മത്സ്യത്തൊഴിലാളികള്‍ക്ക് സന്തോഷത്തിര; പൊന്തുവള്ളങ്ങളില്‍ വലിയ മത്തി
text_fieldsപൊന്തുവള്ളങ്ങളില്‍ കിട്ടിയ വലിയ മത്തിയുമായി പാതയോരത്ത് കച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍
അമ്പലപ്പുഴ: അപ്രതീക്ഷിതമായി കിട്ടിയ വലിയ മത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സന്തോഷക്കടലായി. അപ്രതീക്ഷിതമായുണ്ടായ മഴയും കടലിലെ ന്യൂനമർദവും തീരപ്രദേശത്തെ ദിവസങ്ങളായി വറുതിയിലാക്കിയിരുന്നു. ഇതിനിടെയാണ് പൊന്തുവള്ളങ്ങളില്‍ പോയവര്‍ക്ക് മത്തി കിട്ടിയത്. രാവിലെ തന്നെ കിട്ടിയ മീനുമായി പാതയോരങ്ങളില്‍ കച്ചവടം പൊടിപൊടിച്ചു. ഏറെക്കാലത്തിന് ശേഷമാണ് ഇത്തരം മത്തി കിട്ടുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
കിലോ 300 രൂപക്കാണ് മത്തി വിറ്റത്. ഇത്തരം മത്തി കച്ചവടക്കാരില്‍നിന്ന് വാങ്ങണമെങ്കില്‍ 500 രൂപയെങ്കിലും കൊടുക്കേണ്ടിവരുമെന്ന് ആവശ്യക്കാര്‍ പറഞ്ഞു. പൊന്തുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തിയവര്‍ക്ക് 5000 രൂപവരെ മീൻ വിൽപന നടത്തി കിട്ടി. എന്നാല്‍, തോട്ടപ്പള്ളിയില്‍നിന്ന് പോയ വള്ളങ്ങള്‍ക്ക് നിരാശയായിരുന്നു.
ചില വള്ളങ്ങളില്‍ നല്ല മത്തിയും കരിച്ചാളയും ചെറിയ അയലയും കിട്ടി. ഭൂരിപക്ഷം വള്ളക്കാര്‍ക്കും തൊഴിലാളികൾക്കും വീട്ടാവശ്യത്തിനുള്ള മീന്‍ പോലും കിട്ടിയിട്ടില്ല. കിട്ടിയ മീനിന് മതിയായ വിലയും ലഭിച്ചില്ല. വലിയ മത്തിക്കും അയലക്കും 200 രൂപയാണ് കിലോക്ക് കിട്ടിയത്.
കരിച്ചാളക്ക് 30 രൂപയാണ് ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇന്ധത്തിന് ചെലവായ തുക പോലും കിട്ടാതെ നിരാശയോടെയാണ് പലരും വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ട്രോളിങ് നിരോധന കാലയളവിലും ചെറുവള്ളങ്ങൾക്ക് പ്രതീക്ഷക്കൊത്ത് മത്സ്യം ലഭിച്ചിരുന്നില്ല. ഭൂരിഭാഗം ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും തന്നെയാണ് തിരിച്ചടിയായത്.


