തീവ്ര ലൈറ്റുകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം; വള്ളങ്ങൾ പിടികൂടി മത്സ്യത്തൊഴിലാളികള്‍
text_fieldsതോട്ടപ്പള്ളി പടിഞ്ഞാറ് തീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്നതിനിടെ കണവയുമായി പിടികൂടിയ വള്ളം
അമ്പലപ്പുഴ: തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടികൂടി. തോട്ടപ്പള്ളി തീരത്തുനിന്ന് 15 കിലോമീറ്ററോളം പടിഞ്ഞാറ് കടലില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശികളെയാണ് വിവരമറിഞ്ഞെത്തിയ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടികൂടിയത് കണവ നിറച്ച വള്ളവുമായി ഇവരെ തോട്ടപ്പള്ളി ഹാര്‍ബറില്‍ എത്തിച്ചു. തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യങ്ങളെ ആകര്‍ഷിച്ച് കൂട്ടത്തോടെ പിടികൂടുന്ന രീതിയാണിത്.
വള്ളത്തിന്റെ ചുറ്റിലും തീവ്രതയേറിയ പ്രത്യേകതരം നിറത്തിലുള്ള ലൈറ്റുകള്‍ കടലില്‍ രണ്ട് മീറ്ററോളം താഴ്ചയില്‍ ഇടും. ലൈറ്റ് ആകര്‍ഷിച്ച് കണവപോലുള്ള മീനുകള്‍ വള്ളത്തിന് ചുറ്റും എത്തും. ഇവയെ കൂട്ടത്തോടെ പിടികൂടുകയാണ് ചെയ്യുന്നത്. ഈ വെളിച്ചത്തില്‍ മറ്റ് മീനുകള്‍ തീരംവിട്ട് പോകുകയും ചെയ്യും. ഇങ്ങനെ മത്സ്യസമ്പത്ത് കുറയാനിടയാക്കുന്നതിനാല് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വെറും കൈയോടെയാണ് തീരത്തെത്തുന്നത്.
ലൈറ്റിട്ട് മീന്‍ പിടിച്ച വള്ളങ്ങളില്‍ പലര്‍ക്കും ഒരുലക്ഷം രൂപയുടെ വരെ കണവ ലഭിച്ചിരുന്നു. ഒരു കിലോ കണവക്ക് 650 രൂപയാണ് തോട്ടപ്പള്ളി ഹാര്‍ബറിലെ വില. കടലില്‍ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകര്‍ഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്ന മത്സ്യബന്ധനം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിരോധിച്ചതാണ്.
12 വാട്സിന് താഴെ വെളിച്ച സംവിധാനം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി 3200 വാട്ട് ലൈറ്റ് ഉപയോഗിച്ചാണ് അനധികൃത മീന്‍പിടിത്തം. ഇത്തരം ലൈറ്റുകള്‍ക്ക് 60,000 രൂപയോളം വിലവരും. അനധികൃത മത്സ്യബന്ധനം നടത്തുന്ന വിവരം ഫിഷറീസ് അസി. ഡയറക്ടര്‍ ഓഫിസില്‍ മത്സ്യത്തൊഴിലാളികള്‍ അറിയിച്ചെങ്കിലും വേണ്ട നടപടി സ്വീകരിച്ചില്ല. തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ സംഘടിച്ച് പിടികൂടി വള്ളവുമായി തോട്ടപ്പള്ളി ഹാര്‍ബറില്‍ എത്തിച്ചത്.
പ്രാദേശികതലത്തിലെ ചില വ്യക്തികൾ അവരുടെ ബിനാമിയുടെ പേരിൽ വള്ളങ്ങൾക്ക് തോട്ടപ്പള്ളി എ.ഡി ഓഫിസില്‍നിന്നും കേരള രജിസ്ട്രേഷൻ തരപ്പെടുത്തി എടുക്കും. തുടര്‍ന്ന് ഇതരസംസ്ഥാനത്തെ തൊഴിലാളികളെ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ജോലി ചെയ്ത് വരുന്ന തൊഴിലാളികളുടെ വിശദ വിവരങ്ങൾ പോലും ശേഖരിക്കാറില്ലെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.
അധികൃതരുടെ ഒത്താശയോടെയാണ് ഇത്തരത്തില്‍ മത്സ്യബന്ധനം നടക്കുന്നതെന്ന ആരോപണവും ശക്തമാണ്. അനധികൃത മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങളുടെ വിവരം നൽകിയാലും അധികൃതർ അവ പിടികൂടാത്തത് അത്തരം വള്ളക്കാരും പരമ്പരാഗത തൊഴിലാളികളും തമ്മിൽ സംഘർഷത്തിനും കാരണമാകുകയാണ്.