കടലിൽ അനധികൃത മത്സ്യബന്ധനം; പുറംതിരിഞ്ഞ് ഫിഷറീസ് വകുപ്പ്
text_fieldsതീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് പിടിച്ച കണവ
തോട്ടപ്പള്ളിയില്‍ ഫിഷറീസ് വകുപ്പ് ലേലം ചെയ്യുന്നു
അമ്പലപ്പുഴ: നിരോധിതമായ തീവ്രതയേറിയ ലൈറ്റും ഡബിൾ നെറ്റും ഉപയോഗിച്ച് മത്സ്യബന്ധനം തുടരുമ്പോൾ കണ്ടില്ലെന്ന് നടിച്ച് ഫിഷറീസ് വകുപ്പ്. കഴിഞ്ഞ ദിവസമാണ് നിരോധിത മത്സ്യബന്ധന രീതിയിൽ പിടികൂടിയ കണവയുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വള്ളം തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചത്. വിവരം തോട്ടപ്പള്ളി ഫിഷറീസ് എ.ഡി ഓഫിസിൽ അറിയിച്ചെങ്കിലും മണിക്കൂറുകൾ കാത്തിരുന്നിട്ടും നടപടിക്ക് ഉദ്യോഗസ്ഥർ തയാറാകാതിരുന്നതിനാൽ പ്രതിഷേധം ശക്തമായിരുന്നു. തുടർന്നാണ് മത്സ്യവും വള്ളവും പിടിച്ചെടുത്തത്.
പിടിച്ചെടുത്ത കണവ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കിലോ 300 രൂപ പ്രകാരമാണ് ലേലം ചെയ്തത്. ഹാർബറിൽ 650 രൂപ കിലോ വിലയുള്ളപ്പോഴാണ് പകുതിവില പോലും കിട്ടാത്ത തരത്തിൽ ലേലം ഉറപ്പിച്ചത്. അനധികൃത മത്സ്യബന്ധനത്തിന് കൂട്ടുനിന്നവർ തന്നെയാണ് ലേലത്തിൽ പങ്കെടുത്തതെന്ന ആരോപണവും ഉയർന്നിരുന്നു. ഇത് വാക്കേറ്റത്തിന് കാരണമായി. തുടർന്ന് അമ്പലപ്പുഴ പൊലീസിന്റെ നിയന്ത്രണത്തിലാണ് ലേലം നടന്നത്.
കമീഷൻ ഇനത്തിൽ മാത്രം ഇടനിലക്കാരൻ ലക്ഷങ്ങൾ കൈക്കലാക്കിയെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. അനധികൃത മത്സ്യബന്ധനത്തിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുമ്പോഴും തീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ചുള്ളതും ഡബിൾനെറ്റ് മത്സ്യബന്ധനവും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തീവ്രതയേറിയ ലൈറ്റുകൾ ഉപയോഗിച്ച് പിടികൂടിയ കണവ തോട്ടപ്പള്ളി ഹാർബറിൽ കൊണ്ടുവരാതെ സമീപത്തെ തീരങ്ങളിലാണ് എത്തിച്ച് വിൽപന നടത്തിയത്.
വിവരം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവരെത്തിയപ്പോഴേക്കും ലേലം പൂർത്തിയാക്കി മത്സ്യം തീരത്തുനിന്നു നീക്കിയിരുന്നു. ഫിഷറീസ് വകുപ്പ് രാത്രിയിൽ ഉൾക്കടലുകളിൽ പരിശോധന നടത്തണമെന്ന നിർദേശം ഉണ്ടെങ്കിലും പ്രവർത്തികമാക്കുന്നില്ല. മതിയായ അടിസ്ഥന സൗകര്യങ്ങളും ആവശ്യമായ ജീവനക്കാരും ഇല്ലെന്ന കാരണമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യങ്ങളെ ആകര്‍ഷിച്ച് കൂട്ടത്തോടെ പിടികൂടുന്ന രീതിയാണിത്. വള്ളത്തിന്റെ ചുറ്റിലും തീവ്രതയേറിയ പ്രത്യേകതരം നിറത്തിലുള്ള ലൈറ്റുകള്‍ കടലില്‍ രണ്ട് മീറ്ററോളം താഴ്ചയില്‍ ഇടും. ലൈറ്റ് ആകര്‍ഷിച്ച് കണവപോലുള്ള മീനുകള്‍ വള്ളത്തിന് ചുറ്റും എത്തും. ഇവയെ കൂട്ടത്തോടെ പിടികൂടുകയാണ് ചെയ്യുന്നത്. എന്നാല്‍, ഈ വെളിച്ചത്തില്‍ മത്തിപോലുള്ള മറ്റ് മീനുകള്‍ തീരംവിട്ട് പോകുകയും ചെയ്യും.
ഇങ്ങനെ മത്സ്യസമ്പത്ത് കുറയാനിടയാക്കുന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വെറും കൈയോടെയാണ് തീരത്തെത്തുന്നത്. 12 വാട്സിന് താഴെ വെളിച്ച സംവിധാനം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി 3200 വാട്ട് ലൈറ്റ് ഉപയോഗിച്ചാണ് അനധികൃത മീന്‍പിടിത്തം. ഫിഷറീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മത്സ്യബന്ധനം തുടരുന്നത്.
സർക്കാറുകൾ നിരോധിച്ച മറ്റൊന്നാണ് ഡബിൾ നെറ്റ് മത്സ്യബന്ധനം. ഉൾക്കടലുകളിൽ ബോട്ടുകളിലാണ് ഇത്തരം മത്സ്യബന്ധനം നടത്തിവരുന്നത്. രണ്ട് ബോട്ടുകളിൽ നീളവും ആഴമേറിയതുമായ വല ഉപയോഗിച്ച് മത്സ്യം കോരിയെടുക്കുന്നതാണ് ഈ രീതി. ഇത്തരത്തിലുള്ള മത്സ്യബന്ധനത്തിലൂടെ ചെറിയമത്സ്യങ്ങൾ പോലും വലയിൽ അകപ്പെടും. ഇത് കടലിൽ മത്സ്യസമ്പത്ത് കുറയാൻ ഇടയാക്കും. ട്രോളിങ് നിരോധനം കഴിഞ്ഞതോടെ ബോട്ടുകളിൽ ഡബിൾനെറ്റ് മത്സ്യബന്ധനം വ്യാപകമായി തുടരുകയാണ്. ഇതിനെതിരെ നടപടി എടുക്കാനും ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു.