അനധികൃത മത്സ്യബന്ധനം തുടരുന്നു; പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് ഭീഷണി
text_fieldsഅനധികൃതമായി കൊണ്ടുവന്ന മത്സ്യം തോട്ടപ്പള്ളി ഹാർബറില്‍നിന്ന് ഫിഷറീസ് വകുപ്പ് പിടിച്ചെടുക്കുന്നു
അമ്പലപ്പുഴ: പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് ഭീഷണിയായി ജില്ലയുടെ തീരക്കടലിൽ അനധികൃത മത്സ്യബന്ധനം തുടരുന്നു. പ്രതിഷേധം ശക്തമാകുമ്പോള്‍ പേരിനൊരു നടപടി എടുത്ത് അധികൃതര്‍ കൈയൊഴിയുകയാണ്. തീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ചും ഡബിള്‍നെറ്റ് വലകള്‍ ഉപയോഗിച്ചുമുള്ള മത്സ്യബന്ധനമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയായത്. കൂടാതെ മത്സ്യസമ്പത്തും ഇല്ലാതാകുകയാണ്.
തിരുവനന്തപുരം കുളച്ചൽ, കൊല്ലം വാടി ഭാഗങ്ങളിൽനിന്ന് എത്തുന്ന വള്ളങ്ങളാണ് നിരോധിത മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നത്. കഴിഞ്ഞ ദിവസം തോട്ടപ്പള്ളി ഭാഗത്തുനിന്ന് രണ്ട് വള്ളങ്ങൾ പിടികൂടിയിരുന്നു. ഫിഷറീസ് ഉദ്യോഗസ്ഥരും തീരദേശ പൊലീസും നടത്തിയ പരിശോധനയിലാണ് കേരള സമുദ്രമത്സ്യ ബന്ധന നിയമത്തിന് വിരുദ്ധമായി മീൻ പിടിച്ച വള്ളവും മത്സ്യവും പിടികൂടി പിഴയീടാക്കിയത്. വഞ്ചിയിലുണ്ടായിരുന്ന മീൻ ലേലം ചെയ്തു പിഴത്തുകയിലേക്ക് വരവുവെച്ചു. രണ്ടാഴ്ച മുമ്പ് തോട്ടപ്പള്ളിയിൽ അനധികൃത മത്സ്യബന്ധനത്തിനെതിരെ സംഘർഷമുടലെടുത്തിരുന്നു. വള്ളങ്ങള്‍ക്ക് ചുറ്റും കടലില്‍ തീവ്രതയേറിയ ലൈറ്റുകള്‍ രണ്ട് മീറ്ററോളം താഴ്ത്തിയാണ് മത്സ്യബന്ധനം നടത്തുന്നത്. സാധാരണ മത്സ്യങ്ങള്‍ പ്രകാശം കണ്ട് തീരംവിട്ട് പോകും. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ് ബാധിക്കുന്നത്.
കൃത്രിമമായി സൃഷ്ടിക്കുന്ന പ്രകാശവലയത്തിൽ കണവ പിടിച്ച ഇതര സംസ്ഥാന വള്ളങ്ങളെ തോട്ടപ്പള്ളിയിൽനിന്ന് പോയ വള്ളങ്ങൾ തടഞ്ഞു. തുടർന്നു കടലിലും കരയിലുമായി മണിക്കൂറോളം സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. അമിത വൈദ്യുതി വെളിച്ചം പ്രവഹിക്കുമ്പോൾ കണവ ഒഴിച്ചുള്ള മറ്റു മത്സ്യങ്ങൾ കടലിന്റെ കൂടുതൽ ആഴങ്ങളിലേക്കു പോകുമെന്നും അതിനാൽ തങ്ങളുടെ വലയിൽ ഇവ കിട്ടില്ലെന്നുമാണ് ചെറുകിട വള്ളക്കാർ പറയുന്നത്. നിരോധിത മത്സ്യബന്ധനത്തിന് ചില കമീഷൻ ഏജന്റുമാരും ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായും ആരോപിച്ചു.
കൂടാതെ രണ്ട് ബോട്ടുകള്‍ ഓടിച്ച് കൂറ്റന്‍ വല ഉപയോഗിച്ച് മീന്‍ കോരിയെടുക്കുന്ന രീതിയാണ് ഡബിള്‍നെറ്റ്. ഇതും നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍, അന്യസംസ്ഥനത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് ഡബിള്‍നെറ്റ് മത്സ്യബന്ധനം നടത്തുന്നതും തുടര്‍ന്ന് വരുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട ഫിഷറീസ് വിഭാഗം തിരിഞ്ഞുനോക്കുന്നില്ല.


