കടല്‍ ജീവികൾ ചത്തടിയുന്നു; ആശങ്കയിൽ തീരം
text_fieldsകഴിഞ്ഞദിവസം പുറക്കാട് തീരത്തടിഞ്ഞ കൂറ്റന്‍ നീലത്തിമിംഗലത്തിന്റെ ജഡം
അമ്പലപ്പുഴ: അറബിക്കടലിൽ കപ്പൽ അപകടത്തിന് പിന്നാലെ നീലത്തിമിംഗലം ഉൾപ്പെടെയുള്ള കടൽജീവികൾ തീരത്ത് അടിയുന്നു. മുങ്ങിയകപ്പലിലെ ലൈഫ് ബോട്ടും ടാങ്കും അമ്പലപ്പുഴ തീരങ്ങളില്‍ അടിഞ്ഞതിന് പിന്നാലെയാണ് അടിത്തട്ടിലെ ജീവികളും കരക്കടിയുന്നത്.
ട്രോളിങ് സമയങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൊണ്ടുവരുന്ന മീനുകൾക്ക് മതിയായ വിലകിട്ടുന്ന സമയമാണിത്. എന്നാല്‍ കപ്പല്‍ കത്തിയും കണ്ടൈയ്നറുകള്‍ മുങ്ങിയും രാസവസ്തുക്കള്‍ കടലില്‍ വ്യാപിച്ചത് മത്സ്യങ്ങളെ ബാധിക്കുമെന്ന അഭ്യൂഹമാണ് മേഖലക്ക് തിരിച്ചടിയായത്. തീരത്തടിയുന്ന വസ്തുക്കളില്‍ തൊടരുതെന്നും അകലം പാലിക്കണമെന്ന അധികൃതരുടെ മുന്നറിയിപ്പ് തീരത്തെ ആശങ്കയിലാക്കിയിരുന്നു.
കോവിഡിന്റെ തുടക്കത്തിലെ പോലുള്ള നിയന്ത്രണങ്ങളാണ് പൊലീസ് തീരത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് കടലില്‍ വ്യാപിച്ച രാസവസ്തുക്കള്‍ കടല്‍ജീവികളെയും ബാധിക്കാനിടയുണ്ടെന്ന അഭ്യൂഹം പ്രചരിച്ചത്. ഇതോടെ കൊണ്ടുവരുന്ന മീനിന് വില കിട്ടാതായി. മൊത്തവ്യാപാരികള്‍ മീന്‍ എടുക്കാതായതാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്.
കിഴക്കന്‍ ജില്ലകളില്‍ മീനിന്റെ ഉപയോഗം കുത്തനെ കുറഞ്ഞു. കിട്ടുന്ന വിലക്ക് മത്സ്യം വില്‍ക്കേണ്ടിവന്നെങ്കിലും മുതലെടുത്തത് ചെറുകിട കച്ചവടക്കാരാണ്. ഹാര്‍ബറില്‍നിന്ന് കിലോക്ക് 160 മുതല്‍ 200 രൂപ വിലക്കെടുത്ത മീന്‍ ചെറുകിട കച്ചവടക്കാര്‍ 400 മുതല്‍ 420 രൂപ വരെ വാങ്ങി. ഇറച്ചി വ്യാപാരികളും കിട്ടിയ അവസരം പ്രയോജനപ്പെടുത്തി വില കൂട്ടി.
കപ്പലില്‍ നിന്നുള്ള രാസവസ്തുക്കള്‍ മത്സ്യസമ്പത്തിന് ആഘാതമേല്പ്പിച്ചില്ലെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കിയതിന് പിന്നാലെയാണ് നീലത്തിമിംഗലത്തിന്റെ ജഡം ഉള്‍പ്പെടെയുള്ളവ തീരത്തടിഞ്ഞത്. ഇവയുടെ അവയവങ്ങള്‍ രാസപരിശോധനക്കയച്ചെങ്കിലും ദിവസങ്ങള്‍ പിന്നിട്ടിട്ടും ഫലം വെളിപ്പെടുത്താന്‍ അധികൃതർ തയാറായിട്ടില്ല. ഇത് കിട്ടിയാല്‍ മാത്രമെ മരണ കാരണം വ്യക്തമാകൂ.
കഴിഞ്ഞ 14നാണ് പുന്തല തീരത്ത് അഴുകിയ നിലയില്‍ തിമിംഗലത്തിന്റെ ജഡം ആദ്യം അടിയുന്നത്. ഇതിന്റെ ശരീരഭാഗങ്ങള്‍ പരിശോധനക്കായെടുത്തെങ്കിലും 10 ദിവസം പിന്നിട്ടിട്ടും ഫലം ലഭിച്ചിട്ടില്ല. കഴിഞ്ഞ 17നാണ് പുറക്കാട് പഴയങ്ങാടി തീരത്ത് 30 മീറ്റർ നീളമുള്ള മറ്റൊരു തിമിംഗലത്തിന്റെ ജഡം അടിഞ്ഞത്. ഇതും അഴുകിയ നിലയിലായിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച പുന്നപ്ര ചള്ളിയില്‍ ഡോള്‍ഫിന്റെ ജഡവും അടിഞ്ഞു. ഇതിന്റെ ശരീരഭാഗങ്ങളും പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിനിടെ, കടല്‍ ജീവികള്‍ ചത്ത് പൊങ്ങാനിടയായതിന്റെ കാരണം വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ഫോറന്‍സിക് പരിശോധന ഫലം ലഭിച്ചിട്ടില്ല- വനംവകുപ്പ്
അമ്പലപ്പുഴ: അമ്പലപ്പുഴയുടെ തീരങ്ങളില്‍ അടിഞ്ഞ ചത്ത കടല്‍ ജീവികളുടെ ഫോറന്‍സിക് ലാബിലെ പരിശോധനഫലം ലഭിച്ചിട്ടില്ലെന്ന് വനംവകുപ്പ് റാന്നി റേഞ്ച് ഓഫീസര്‍ ബി.ആര്.ജയന് പറഞ്ഞു. സ്വാഭാവികമായി ചത്തതാണെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ആന്തരികാവയവങ്ങളുടെ പരിശോധനഫലം കിട്ടിയാലെ കാരണം വ്യക്തമാകൂ. പോസ്റ്റ് മോർട്ടം നടത്തി നിയമനടപടികള്‍ സ്വീകരിച്ച് ആന്തരികാവയവങ്ങള്‍ കോടതി മുഖേനയാണ് ഫോറന്‍സിക് ലാബിന് കൈമാറുന്നത്. അതിലുള്ള കാലതാമസമാണ്. അടുത്ത ദിവസം പരിശോധനഫലം കിട്ടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചള്ളി ഫിഷ് ലാൻഡ് തീരത്ത് അടിഞ്ഞ ഡോൾഫിൻ
പുന്നപ്രയില്‍ വീണ്ടും ഡോൾഫിൻ അടിഞ്ഞു
അമ്പലപ്പുഴ: പുന്നപ്ര ചള്ളി ഫിഷ് ലാൻറ് തീരത്ത് വീണ്ടും ഡോൾഫിന്റെ ജഡം അടിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. ഏകദേശം ഒരു മീറ്റർ നീളമുണ്ട്. തലക്ക് പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് ജഡം പാറക്കൂട്ടത്തിനിടയിൽ അടിഞ്ഞത്. കഴിഞ്ഞ ദിവസം ഇവിടെതന്നെയാണ് മറ്റൊരു ഡോള്ഫിനും അടിഞ്ഞത്.