ദേശീയപാത നിര്‍മാണം തകൃതി; അപകടം പെരുകി
text_fields1.കഴിഞ്ഞ ദിവസം പറവൂരില്‍ ദേശീയപാതയിലെ കുഴിയിലേക്ക് മറിഞ്ഞ ഓട്ടോ. 2.കഴിഞ്ഞ ദിവസം ദേശീയപാതയിൽ അമ്പലപ്പുഴ വടക്ക്
പഞ്ചായത്തിന് സമീപം കുഴിയെടുക്കുന്നതിനിടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നു
അമ്പലപ്പുഴ: ദേശീയപാത നിര്‍മാണം പുരോഗമിക്കുന്നതോടൊപ്പം അപകടങ്ങളും പെരുകുന്നു. ഗതാഗതനിയന്ത്രങ്ങളുടെ ഭാഗമായി ഒരുക്കിയ കൂറ്റന്‍ സംരക്ഷണഭിത്തികളാണ് പ്രധാന വില്ലന്‍. പലയിടത്തും അപകടകരമാകുന്ന തരത്തിലാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ വാഹനങ്ങള്‍ ഗതിമാറി സഞ്ചരിക്കേണ്ടിടത്ത് ദിശാസൂചനകളോ ഡിമ്മര്‍ലൈറ്റുകളോ സ്ഥാപിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ അപകടങ്ങള്‍ അധികവും സംഭവിച്ചിട്ടുള്ളത് രാത്രിയാണ്. സര്‍വിസ് റോഡിന് വീതിയില്ലാത്തതും തകർന്നുകിടക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.ഒരുമാസത്തിനിടെ തോട്ടപ്പള്ളിക്കും കളര്‍കോടിനും ഇടയില്‍ ഇത്തരത്തില്‍ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവും ഒടുവിലത്തേതാണ് പറവൂര്‍ പഴയപബ്ലിക് ലൈബ്രറിക്ക് സമീപത്തെ അപകടം.
അലക്ഷ്യമായി സ്ഥാപിച്ചിരുന്ന സംരക്ഷഭിത്തിയില്‍ തട്ടി ഓട്ടോ കുഴിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് തൊട്ടുമുമ്പാണ് ഇതേസ്ഥലത്ത് കാര്‍ സംരക്ഷണഭിത്തിയില്‍ ഇടിച്ച് തകര്‍ന്നത്.
കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി ബസ് സംരക്ഷണ ഭിത്തിയില്‍ ഇടിച്ചത് പുന്നപ്ര മാര്‍ക്കറ്റിന് സമീപത്തെ അടിപ്പാതയോട് ചേര്‍ന്നാണ്. സ്വകാര്യബസ് വണ്ടാനം മെഡിക്കല്‍ കോളജിന് മുന്നില്‍ യാത്രക്കാരെ കയറ്റി ഇറക്കുന്നതിനിടെ മറികടക്കാന്‍ ഇടമില്ലാതെ നിര്‍ത്തിയിട്ട ഓട്ടോക്ക് പിന്നില്‍ ഇന്‍സുലേറ്റഡ് ലോറി ഇടിച്ച് പിന്നാലെ വന്ന നാലോളം വാഹനങ്ങള്‍ അപകടത്തിൽപെട്ടിരുന്നു.
ഫുട്പാത്ത് കൈയേറ്റം മരണക്കെണി ഒരുക്കുന്നു
എട്ട് മീറ്റര്‍ മാത്രം വീതിയുള്ള സര്‍വിസ് റോഡിലെ ഫുട്പാത്ത് കൈയേറിയുള്ള കച്ചവടവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വാടകയും വൈദ്യുതിബില്ലും നല്‍കി കച്ചവടം നടത്താന്‍ നിവൃത്തിയില്ലാത്തവരാണ് പാതയോരങ്ങളില്‍ ലോട്ടറിതട്ടും ചായക്കച്ചവടവും മീന്‍ തട്ടും നടത്തി ഉപജീവനം നടത്തുന്നത്.
ഇത്തരം കൈയേറ്റങ്ങള്‍ മനുഷ്യജീവന്‍ കുരുതികൊടുക്കാതെ നോക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളും പൊലീസുമാണ്.കഴിഞ്ഞ ദിവസം നിയന്ത്രണം തെറ്റിയ കാറിടിച്ച് സൈക്കിളിൽ സഞ്ചരിച്ച ഒമ്പത് വയസ്സുകാരൻ മരിച്ചിരുന്നു. നീർക്കുന്നം വെളിംപറമ്പിൽ അബ്ദുൽസലാം-സമീന ദമ്പതികളുടെ മകൻ മുഹമ്മദ് സാഹിലാണ് (9) മരിച്ചത്.
കുടിവെള്ളം മുട്ടിച്ച് കുഴിയെടുപ്പ്
ദേശീയപാത നിര്‍മാണത്തിന്‍റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള കുഴിയെടുപ്പില്‍ പൈപ്പ് ലൈന്‍ പൊട്ടുന്നത് കുടിവെള്ളം മുട്ടിക്കാറുണ്ട്. മുന്‍കരുതലില്ലാതെയുള്ള കുഴിയെടുപ്പാണ് പൈപ്പ് ലൈന്‍ പൊട്ടുന്നത്. വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സാന്നിധ്യത്തില്‍ കുഴിയെടുക്കുകയാണെങ്കില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഭാഗങ്ങള്‍ അറിഞ്ഞ് കുഴിയെടുക്കാനാകും. പൊട്ടിയ ലൈനിൽ ദിവസങ്ങള്‍ പിന്നിട്ടാലും അറ്റകുറ്റപ്പണി നടത്താറില്ല.


