ഒടുവിൽ പൂട്ടുതുറന്ന് പുന്നപ്ര മാര്‍ക്കറ്റ്
text_fieldsഅമ്പലപ്പുഴ: ഒടുവിൽ തടസ്സങ്ങളുടെ നൂലാമാലകൾ കടന്ന് പുന്നപ്ര മാർക്കറ്റ് കെട്ടിടം തുറക്കാൻ നടപടികളായി. മാർക്കറ്റ് കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് വർഷം പിന്നിട്ടിട്ടും മീൻ, പച്ചക്കറി വിൽപന ദേശീയപാതക്കരികിലായിരുന്നു. ഒരു അപകടം മുന്നില്‍കണ്ടാല്‍ ഓടിരക്ഷപ്പെടാനുള്ള ഇടം പോലുമില്ലാതെയാണ് ഇവര്‍ കച്ചവടം ചെയ്തിരുന്നത്. തുടര്‍ന്ന് ചുവപ്പ് നാടയില്പ്പെട്ട് പൂട്ട് തുറക്കാനാകാതെ പുന്നപ്ര മാര്‍ക്കറ്റ് കെട്ടിടം എന്ന തലക്കെട്ടില്‍ മാധ്യമം വാര്‍ത്ത നൽകിയിരുന്നു. പിന്നീട് പഞ്ചായത്തിന്റെ ഇടപെടലിലാണ് നിയമതടസ്സങ്ങള്‍ മാറ്റാനായത്.
കടമുറികളുടെയും മാര്‍ക്കറ്റിന്റെയും മൂല്യനിര്‍ണയം നടത്താതിരുന്നതിനാല്‍ വാടക നിശ്ചയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതായിരുന്നു തടസ്സം. പുതിയ ഭരണസമിതി ഇടപെട്ടാണ് അടിയന്തിരമായി മൂല്യനിര്‍ണയം നടത്താൻ നടപടിയായത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടാണ് 46 വര്‍ഷത്തോളം പഴക്കമുണ്ടായിരുന്ന രണ്ട് നില മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചു നീക്കിയത്. പുതുതായി നിർമിച്ച കെട്ടിടത്തിൽ എട്ട് കട മുറികളും മത്സ്യ കച്ചവടത്തിനുള്ള സൗകര്യവും ഉള്‍പ്പെടെ 12 മുറികളുണ്ട്. ടോയ്ലറ്റ്, വേസ്റ്റ് വാട്ടർ മാനേജ്മെന്റ്, വേസ്റ്റ് ബയോഗ്യാസ് പ്ലാൻ്റ്, ബോട്ടിൽ ബൂത്ത് എന്നിവയും ഒരുക്കിയിട്ടുണ്ട്.
നിർമാണം പൂർത്തിയായ പുന്നപ്ര മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് ആഗസ്റ്റ് നാലിന് പൊതു ലേലത്തിൽ ഗുണ ഭോക്താക്കൾക്ക് നൽകും. ഇതിനായി ചേർന്ന പഞ്ചായത്ത് കൗൺസിൽ യോഗത്തിൽ, പ്രസിഡന്റ് റാണി ഹരിദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്, കെ.എഫ്. തോബിയാസ്, സ്റ്റാന്റ്റിങ് കമ്മിറ്റി ചെയർ പേഴ്സന്മാരായ മുംതാസ് സെമീർ, പി. ഉണ്ണികൃഷ്ണൻ, ഇന്ദുലേഖ, പഞ്ചായത്ത് അംഗങ്ങളായ, ജി. രതീഷ്, രശ്മി ഷാജി, ജയ. സി, ജെസ്സി സോണി, ജെസീറ അൻസിൽ, മധു. ടി, ആശ സാദിക്, എം. ഷീജ, സുധർമ, ഫ്രാൻസിസ് ആന്റണി, ഗീതാ ബാബു, പുഷ്പ്പരാജൻ, മധുലാൽ, ജയശ്രീ ഗോപൻ, സെക്രട്ടറി, സ്മിത എസ് എന്നിവർ പങ്കെടുത്തു. ലേല നടപടികളെകുറിച്ചുള്ള വിവരങ്ങള്‍ പഞ്ചായത്ത് ഓഫിസില്‍ നിന്നും ലഭിക്കും.


