അത്യപൂര്‍വ രോഗം; മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയില്‍ രോഗിക്ക് പുതുജീവന്‍
text_fieldsരോഗിക്കും ബന്ധുക്കൾക്കുമൊപ്പം ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘംരോഗിക്കും ബന്ധുക്കൾക്കുമൊപ്പം ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം
അമ്പലപ്പുഴ: അത്യപൂര്‍വ രോഗം ബാധിച്ചയാൾക്ക് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയില്‍ പുതുജീവന്‍. കാർത്തികപ്പള്ളി പുത്തൻ മണ്ണേൽ രണദേവിനാണ് (66) അത്യപൂർവ ശസ്ത്രക്രിയയിലൂടെ ജീവന് നിലനിര്‍ത്താനായത്. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയക്ക് സർക്കാറിന്റെ ആരോഗ്യ സംരക്ഷണ പദ്ധതിയിൽ ഇവിടെ മൂന്നുലക്ഷം മാത്രമാണ് ചെലവായത്.
ശബ്ദവ്യത്യാസത്തെ തുടർന്നാണ് രണദേവ് ഇ.എൻ.ടി ഒ.പിയിലെത്തിയത്. പരിശോധനയുടെ ഭാഗമായി നടത്തിയ സി.ടി സ്കാനിൽ ഹൃദയത്തിൽനിന്ന് ശുദ്ധരക്തം ശരീരഭാഗങ്ങളിലേക്ക് എത്തിക്കുന്ന മഹാധമനിയിൽനിന്ന് തലച്ചോറിലേക്കുള്ള രക്തം വഹിക്കുന്ന രക്തധമനിക്ക് സമീപത്ത് വീക്കം (അയോർട്ടിക് ആർച്ച് അന്യൂറിസം) കണ്ടെത്തി. തുടർന്ന് രണദേവിനെ സൂപ്പർ സ്പെഷാലിറ്റിയിലെ ഹൃദയശസ്ത്രക്രിയ വിഭാഗത്തിലേക്ക് മാറ്റി.
ജൂൺ 30ന് ശസ്ത്രക്രിയ നടത്തി. ഹൃദയത്തിന്റെ പ്രവർത്തനം നിർത്തി ഹാർട്ട് ലങ് മെഷീന്റെ സഹായത്താൽ തലച്ചോറിലേക്കും ശരീരഭാഗങ്ങളിലേക്കും ശരീര ഊഷ്മാവ് കുറച്ച് രക്തചംക്രമണം സാധ്യമാക്കുക എന്നതായിരുന്നു ശസ്ത്രക്രിയയിലെ പ്രധാന വെല്ലുവിളി. തുടർന്ന് വീക്കം വന്ന ഭാഗം നീക്കംചെയ്ത് കൃത്രിമ രക്തധമനി വെച്ചുപിടിപ്പിക്കുകയായിരുന്നു. അഞ്ചുദിവസത്തെ തീവ്രപരിചരണത്തിനു ശേഷം രണദേവ് ആശുപത്രി വിട്ടു.
ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. വി. സുരേഷ് കുമാർ, അസോ. പ്രഫസർമാരായ ഡോ. കെ.ടി. ബിജു, ഡോ. ആനന്ദക്കുട്ടൻ, അസി. പ്രഫ. ഡോ. കൊച്ചുകൃഷ്ണൻ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. വീണ, ആശുപത്രി സൂപ്രണ്ടും അസോ. പ്രഫസറുമായ ഡോ. എ. ഹരികുമാർ, അസി. പ്രഫ. ഡോ. ബിട്ടു, ജൂനിയർ റെസിഡന്റുമാരായ ഡോ. അനാമിക, ഡോ. ചോംങ്, പെർഫ്യൂഷനിസ്റ്റുമാരായ പി.കെ. ബിജു, അൻസു മാത്യു, സീനിയർ നഴ്സിങ് ഓഫിസർ രാജിമോൾ, നഴ്സിങ് ഓഫിസർമാരായ സരിത വർഗീസ്, രാജലക്ഷ്മി, അർച്ചന, ഉബീന, ഹാഷിദ്, അനസ്തേഷ്യ ടെക്നിഷൻ ശ്രീജിത്, നഴ്സിങ് അസിസ്റ്റന്റുമാരായ സുധർമ, സീന, വിനോദ് എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.