കർഷകരോട് നിർദയം മില്ലുടമകൾ; മില്ലുകൾ നിശ്ചയിച്ച വിലയ്ക്ക് നെല്ലു സംഭരണം തുടങ്ങി
text_fieldsപുന്നപ്ര വെട്ടിക്കരി പാടശേരത്തില്നിന്ന് നെല്ലെടുക്കുന്നു
അമ്പലപ്പുഴ: മില്ലുടമകളുടെ പിടിവാശിക്ക് മുന്നിൽ തോറ്റ് കർഷകർ. മില്ലുകാർ നിശ്ചയിച്ച 15 കിലോ പ്രകാരം കിഴിവുനല്കി നെല്ലെടുപ്പ് ആരംഭിച്ചു. പുഞ്ചകൃഷിയില്‍ ആഴ്ചകളായി കൊയ്തുകൂട്ടിയ നെല്ല് മില്ലുടമകള്‍ സംഭരിക്കാന്‍ തയാറായിരുന്നില്ല. അപ്രതീക്ഷിത വേനല്‍മഴ കര്‍ഷകരെ ആശങ്കയിലാക്കിയിരുന്നു. തുടർന്ന് മില്ലുടമകളുടെ പിടിവാശിക്ക് വഴങ്ങി 15 കിലോ കിഴിവ് അംഗീകരിക്കാൻ കര്‍ഷകര്‍ നിർബന്ധിതരായി. മില്ലുടമകൾക്ക് ഒത്താശയുമായി സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും നിന്നതാണ് കര്‍ഷകരെ വഴങ്ങാൻ നിർബന്ധിതരാക്കിയത്.
ബുധനാഴ്ച മുതല്‍ പുന്നപ്ര വെട്ടിക്കരി പാടശേഖരത്തെ നെല്ല് മില്ലുകാര്‍ ശേഖരിച്ച് തുടങ്ങി. ഒരു ക്വിന്റല്‍ നെല്ലെടുക്കുമ്പോള്‍ 15 കിലോ കിഴിവ് വരുത്തുന്നതിനാൽ 85 കിലോ നെല്ലിന്റെ വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ചുമട്, കയറ്റിയിറക്ക് ഇനത്തില്‍ കര്‍ഷകര്‍ ഒരു ക്വിന്റലിന്റെ കൂലി തന്നെ നല്‍കണം. അപ്പര്‍കുട്ടനാട് മേഖലയില്‍ ഏക്കറിന് മൂന്ന് മുതല്‍ നാല് ക്വിന്റല്‍ വരെ വിളവ് ലഭിക്കാറുണ്ട്. എന്നാല്‍, ഓരുവെള്ളം കയറിയതോടെ ഏക്കറിന് ഒന്നര ക്വിന്റല്‍ നെല്ലാണ് ലഭിച്ചത്. കൃഷിച്ചെലവ് പതിവിലും ഇരട്ടിയായി. ഇതിനിടെയാണ് നെല്ലിന്റെ നിലവാരം കുറവാണെന്നതിന്റെ പേരില്‍ പാഡി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മില്ലുകാര്‍ തൂക്കത്തില്‍ കുറവ് വരുത്തി നെല്ലെടുപ്പ് നടത്തിയത്.
അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, നാലുപാടം, കപ്പാംവേലി, ഒറ്റവേലി, നാനേകാട് പാടശേഖരങ്ങളിൽ കൊയ്ത്തു കഴിഞ്ഞ് കൂട്ടിയിട്ട നെല്ലാണ് എടുക്കാനുണ്ടായിരുന്നത്. വെട്ടിക്കരി പാടശേഖരത്തിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് തന്നെ ഇവിടെ കൊയ്ത്ത് പൂർത്തിയാക്കിയിരുന്നു. ഒരേക്കർ കൊയ്യുന്നതിന് 2100 രൂപ നിരക്കിൽ യന്ത്രമുപയോഗിച്ചാണ് കൊയ്ത്ത് പൂർത്തിയാക്കിയത്. കൃഷിച്ചെലവിനത്തില്‍ ഏക്കറിന് ഇത്തവണ 30,000 രൂപ മുതല്‍ 40,000 രൂപ വരെ ചെലവ് വന്നതായി പല കര്‍ഷകരും പറയുന്നു. കാര്‍ഷിക വായ്പയും പലിശക്ക് പണം വാങ്ങിയുമാണ് കൃഷിചെയ്തത്.
ഉദ്യോഗസ്ഥരും മില്ലുകാരും ഒത്തുകളിക്കുന്നു
പാടശേഖരങ്ങളിലെ നെല്ലെടുക്കാൻ സിവിൽ സപ്ലൈസ് മൂന്ന് മില്ലുകളെയാണ് ചുമതലപ്പെടുത്തിയത്. ഇതിൽ ഒരു മില്ല് തുടക്കത്തിൽത്തന്നെ സംഭരണത്തിൽനിന്ന് പിൻമാറി. മറ്റ് രണ്ട് മില്ലുകാരിൽ ഒരു മില്ലിന്റെ ഏജന്റ് ഇവിടെയെത്തി നെല്ല് നോക്കിയ ശേഷം മടങ്ങിപ്പോയി. വേനൽ മഴ ഇടക്കിടെ ശക്തമാകുന്നതിനാൽ കൊയ്ത നെല്ലെല്ലാം മഴയിൽ നശിക്കുമെന്ന ആശങ്കയിലായിരുന്നു കർഷകർ. തുടര്‍ന്നാണ് മില്ലുകാർ ആവശ്യപ്പെട്ട കിഴിവിൽ നെല്ല് നൽകാൻ കർഷകർക്ക് തയാറാകേണ്ടി വന്നത്.
ഓരുവെള്ളം വിനയായി
ഇതിനിടെയാണ് കര്‍ഷകരെ ആശങ്കയിലാക്കി ഓരുവെള്ളം കയറിയത്. ഡാം തുറന്ന് ഒരുവെള്ളം നിയന്ത്രിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് കര്‍ഷകര്‍ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ല.
തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങളും കലക്ടറേറ്റ് ഉപരോധം ഉള്‍പ്പെടെ നടത്തിയശേഷമാണ് നടപടിയായത്. അപ്പോഴേക്കും ഓരുവെള്ളം കയറി പല പാടശേഖരങ്ങളിലെയും നെല്ല് നാശത്തിന്റെ വക്കിലെത്തി. ഇതിന് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമാണ്. സർക്കാർ കനിഞ്ഞെങ്കിലേ നഷ്ടപരിഹാരം ലഭിക്കൂ.