പുറക്കാട് ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ്; ഡോക്ടറായും ഫാര്‍മസിസ്റ്റായും മെഡിക്കൽ ഓഫിസർ മാത്രം
text_fieldsപുറക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. ഷിബു സുകുമാരന്‍ ഫാർമസിയിൽനിന്ന്മരുന്ന് വിതരണം ചെയ്യുന്നു
അമ്പലപ്പുഴ: ഒരേസമയം ഡോക്ടറായും ഫാര്‍മസിസ്റ്റായും സേവനം ചെയ്യുകയാണ് ഡോ. ഷിബു സുകുമാരന്‍. പുറക്കാട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറായ ഇദ്ദേഹം രോഗികളെ പരിശോധിക്കുന്നതിനൊപ്പം ഫാർമസിയിൽനിന്ന് രോഗികൾക്കുള്ള മരുന്ന് നൽകുകയും ചെയ്യുന്നു. ഫാർമസിസ്റ്റ് അവധിയിലായതോടെ രോഗികൾക്ക് മരുന്നു വിതരണം ചെയ്യാൻ ആളില്ലാതായി. തുടര്‍ന്നാണ് രണ്ട് ജോലിയും ഡോക്ടര്‍ക്ക് ചെയ്യേണ്ടിവരുന്നത്.
രോഗികളെ പരിശോധിച്ച ശേഷം കുറിക്കുന്ന മരുന്ന് ഡോക്ടര്‍ ഫാര്‍മസിയിലെത്തി നല്‍കും. ഡോക്ടറുടെ നിരീക്ഷണത്തിൽ നഴ്സിന് മരുന്ന് വിതരണം ചെയ്യാമെന്ന് ഹൈകോടതി ഉത്തരവുണ്ടെങ്കിലും ഇവിടെ ഇതിനായി ആവശ്യത്തിന് നഴ്സുമാർ ഇല്ല. ഒരു സ്റ്റാഫ് നഴ്സ് പ്രസവാവധിക്ക് പോയതിന് പിന്നാലെ കഴിഞ്ഞ 31ന് ഒരു നഴ്സിങ് അസിസ്റ്റൻറ് വിരമിക്കുകയും ചെയ്തു. നിലവിൽ ഒരു നഴ്സിന്റെ സേവനം മാത്രമാണുള്ളത്.
രോഗികളുടെ ദുരിതം പരിഹരിക്കാൻ ഒരു ഫാർമസിസ്റ്റിനെക്കൂടി നിയമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത്, എൻ.എച്ച്.എം, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർക്ക് പലതവണ കത്ത് കൈമാറിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
ജില്ലയിൽത്തന്നെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പുറക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെത്തുടർന്ന് പ്രവർത്തനം താളം തെറ്റുകയാണ്.