പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്ത നാട്ടുകാരെ മർദിച്ചവർ അറസ്റ്റിൽ
text_fieldsഅജാസ് മുഹമ്മദ്, ബാസിത്, അൻവർ അനസ്
അമ്പലപ്പുഴ: പരസ്യമായി മദ്യപിച്ചത് ചോദ്യംചെയ്തതിന് നാട്ടുകാരെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പാനൂർ പല്ലന സ്വദേശികളായ ആഞ്ഞിലത്തറ ഹൗസിൽ അജാസ് മുഹമ്മദ് (21), വെട്ടുതറ കാട്ടിൽ ഹൗസിൽ ബാസിത് (19), പേരേത്ത് ഹൗസിൽ അൻവർ അനസ് (23) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ആയിരുന്നു സംഭവം. അമ്പലപ്പുഴ കായിപ്പള്ളി അമ്പലത്തിന് സമീപമിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ആളെ ബൈക്ക് തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപിക്കുകയായിരുന്നു.
ഹെൽമെറ്റ് കൊണ്ടടിക്കുകയും തടസ്സം പിടിക്കാൻ ചെന്ന സഹോദരിയെ മുടിക്ക് കുത്തിപ്പിടിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്തു. പ്രതികളെ അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർ തൃക്കുന്നപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുരുമുളക് സ്പ്രേ അടിച്ചു ആക്രമിച്ച കേസിലും കഞ്ചാവ് കൈവശം വെച്ച കേസിലും കെ.എസ്.ആർ.ടി.സി കണ്ടക്ടറെയും ഡ്രൈവറെയും ആക്രമിച്ച കേസിലെയും പ്രതികളാണന്ന് പൊലീസ് പറഞ്ഞു.
അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ് കെ. ദാസ്, ജി.എസ്.ഐമാരായ വേണുഗോപാലൻ, നവാസ്, പ്രബേഷൻ എസ്.ഐ നിധിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നൗഷാദ്, ജോസഫ് ജോയി, സിവിൽ പൊലീസ് ഓഫിസർ തൻസിം ജാഫർ, ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർമാരായ വിഷ്ണു, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.