പഠനത്തോടൊപ്പം കാലിത്തൊഴുത്തില്‍ ആനന്ദം പങ്കിട്ട് അനുഗ്രഹയും ആര്‍ദ്രയും
text_fieldsഅമ്പലപ്പുഴ: കോവിഡ്കാലത്ത് സമയം ചെലവഴിക്കാന്‍ കണ്ട മാര്‍ഗം ഇന്ന് ഹരമായിരിക്കുകയാണ് പുറക്കാട് പഞ്ചായത്ത് 16ാം വാര്‍ഡില്‍ കമ്മത്തിപ്പറമ്പ് മഠം ഗിരീഷ്-സംഗീത ദമ്പതികളുടെ മക്കളായ പത്താം ക്ലാസുകാരി അനുഗ്രഹക്കും എട്ടാംക്ലാസുകാരി ആര്‍ദ്രക്കും. കിടാങ്ങൾ ഉള്‍പ്പെടെ ഇവർ പരിപാലിക്കുന്നത് 12ഓളം പശുക്കളെയാണ്.
കോവിഡ്കാലം അടച്ചിട്ട മുറിക്കുള്ളില്‍ ഇരിക്കേണ്ടിവന്നപ്പോള്‍ സമയംപോക്കാൻ പശുവിനെ വാങ്ങി. പിന്നെ അതൊരു ഹരമായി മാറി. ഇന്ന് രണ്ടുപേരുടെയും ദിനചര്യയുടെ ഭാഗമാണ് പശുപരിപാലനം. ഇരുവരും അഞ്ചുമണിയോടെ ഉണർന്നെത്തുന്നത് വീട്ടുമുറ്റത്തെ കാലിത്തൊഴുത്തിലാണ്. തൊഴുത്ത് വൃത്തിയാക്കലും പുല്‍ക്കൂട്ടില്‍ തീറ്റ ഇട്ടശേഷം പശുക്കളെ കറക്കുന്നതും ഇവർതന്നെ. ഒരാള്‍ സൊസൈറ്റിയില്‍ പാല് കൊണ്ടുപോകുമ്പോള്‍ മറ്റൊരാള്‍ പശുവിന് പുല്ല് ചെത്താന്‍ പോകും. സ്കൂള്‍വിട്ടു വന്നാല്‍ പിതാവിനോടൊപ്പം പുല്ല് ശേഖരിക്കാന്‍ ഒരാള്‍ പോകും.
നീര്‍ക്കുന്നം രക്തേശ്വരി ക്ഷേത്രത്തിലെ പൂജാരിയാണ് പിതാവ് ഗിരീഷ്. പാരമ്പര്യം നിലനിര്‍ത്തി കുറച്ച് നെല്‍കൃഷിയും ചെയ്യുന്നുണ്ട്. ഇവിടേക്ക് ആവശ്യമായ വളം, വീട്ടില്‍ ഉണക്കിയെടുത്ത ചാണകമാണ്. കുട്ടികള്‍ക്ക് തീറ്റപ്പുല്‍കൃഷിയുമുണ്ട്. വീട്ടില്‍ സ്ഥലക്കുറവുള്ളതിനാല്‍ ഇളയച്ഛന്റെ പുരയിടത്തിലാണ് കൃഷി.
കാലിവളര്‍ത്തൽ ഹോബിയിൽ മാത്രമല്ല, ശാസ്ത്രീയ സംഗീതത്തിലും പിന്നിലാക്കാനാകില്ല. കഴിഞ്ഞ അമ്പലപ്പുഴ റവന്യൂ കലോത്സവത്തില്‍ ആര്ദ്രക്കാണ് ഒന്നാംസ്ഥാനം. കാലികളുടെ കാര്യം നോക്കാന്‍ ഒരാള്‍ വേണ്ടതിനാല്‍ അനുഗ്രഹ മത്സരത്തില്‍നിന്ന് ഒഴിവായി. പുറക്കാട് എസ്.എന്‍.എം.എച്ച്.എസ്.എസിലെ വിദ്യാർഥികളായ ഇരുവരും 2021ല്‍ കൊല്ലം, ആലപ്പുഴ ജില്ലകളുടെ ഡെയറി ക്വിസ് മത്സരത്തിലും 2022ല്‍ നടന്ന അമ്പലപ്പുഴ ബ്ലോക്ക് തലമത്സരത്തിലും ഒന്നാംസ്ഥാനം നേടി.