ആറുവർഷമായിട്ടും പാലം പണി പൂർത്തിയായില്ല; തൃക്കുന്നപ്പുഴയിൽ ജനരോഷം ശക്തം
text_fieldsനിർമാണത്തിലിരിക്കുന്ന തൃക്കുന്നപ്പുഴ പാലം
ആറാട്ടുപുഴ: ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി 2018ൽ ആരംഭിച്ച തൃക്കുന്നപ്പുഴ ചീപ്പ് പാലത്തിന്റെ പുനർനിർമാണം വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാകാതെ ജനത്തെ ദുരിതത്തിലാഴ്ത്തുന്നു. 2020 ഫെബ്രുവരിയിൽ പൂർത്തിയാകേണ്ടിയിരുന്ന 20 മീറ്റർ നീളമുള്ള പാലം ഇന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന കലക്ടറുടെ അവസാന ഉറപ്പും പാഴ്വാക്കായി. ഇതോടെ, ആറു വർഷത്തിലേറെ കാത്തിരുന്ന തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ ജനങ്ങളിൽ രോഷം അണപൊട്ടുകയാണ്.
മേയ് രണ്ടിന് കലക്ടറേറ്റിൽ രമേശ് ചെന്നിത്തല എം.എൽ.എയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ, മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരനും ജൂലൈ 31നകം പാലം പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, പുരോഗതിയില്ലാത്ത സാഹചര്യം കണക്കിലെടുത്ത് കലക്ടർ ഒരു മാസം കൂടി സമയം അനുവദിച്ച് ആഗസ്റ്റ് 31 എന്ന അന്തിമ തീയതി നിശ്ചയിച്ചു. ഇത് അവസാനത്തെ ഉറപ്പാകണമെന്ന മുന്നറിയിപ്പോടെ എക്സി. എൻജിനീയറിൽനിന്ന് രേഖാമൂലം ഉറപ്പ് വാങ്ങുകയും ചെയ്തു. എല്ലാ വർഷവും ആഗസ്റ്റ് 31 ഉണ്ട് എന്ന മറുപടി മാത്രമാണ് അധികാരികൾക്ക് ഇനി നൽകാൻ കഴിയുക.
നിർമാണത്തിലെ കാലതാമസവും അശാസ്ത്രീയതയും 34.12 കോടിക്ക് ചീരൻസ് കൺസ്ട്രക്ഷൻ ഏറ്റെടുത്ത പദ്ധതി, കോവിഡ് കാരണം വൈകിയതോടെ 41.78 കോടിയായി വർധിപ്പിച്ചു. എന്നാൽ, പാലത്തിന്റെ കോൺക്രീറ്റിങ് മാത്രമാണ് പൂർത്തിയായത്. അപ്രോച് റോഡിന്റെ ഡിസൈൻ ഇതുവരെ മേജർ ഇറിഗേഷൻ വകുപ്പ് കരാറുകാരന് കൈമാറാത്തതാണ് പണി വൈകാൻ കാരണമെന്ന് ആക്ഷേപമുണ്ട്. നിർമാണത്തിലെ അശാസ്ത്രീയതയും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
പാലം പൊളിച്ചതോടെ തീരവാസികൾക്ക് ദേശീയപാതയിലേക്കും മറ്റ് പ്രധാന സ്ഥലങ്ങളിലേക്കും എത്താനുള്ള പ്രധാന മാർഗം തടസ്സപ്പെട്ടു. താൽക്കാലികമായി ഏർപ്പെടുത്തിയ ജങ്കാർ സർവിസ് യാത്രക്കാരെ വലക്കുന്നു. ജങ്കാർ സർവിസിന് പ്രതിമാസം 13 ലക്ഷം രൂപ വാടകയായി ചെലവഴിക്കുന്നു. അധികാരികളുടെ ജനദ്രോഹ നിലപാടിൽ പ്രതിഷേധിച്ച് തൃക്കുന്നപ്പുഴയിലെ വ്യാപാരികൾ ഞായറാഴ്ച ഉച്ചവരെ കടകളടച്ച് ഹർത്താൽ ആചരിക്കും. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കരിദിനം ആചരിക്കും. കൂടാതെ പാലത്തിന്റെ സൈറ്റ് ഓഫിസിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.