ആറാട്ടുപുഴ കള്ളിക്കാട്ട് കുടിവെള്ള ക്ഷാമം രൂക്ഷം; പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
text_fieldsലോറിയിൽ വിതരണം ചെയ്യുന്ന വെള്ളത്തിനായി പാത്രങ്ങളുമായി കാത്തുനിൽക്കുന്ന വീട്ടമ്മമാർ
ആറാട്ടുപുഴ: പഞ്ചായത്തിലെ തീരദേശ പ്രദേശമായ കള്ളിക്കാട് ഭാഗത്ത് കുടിവെള്ള ക്ഷാമം രൂക്ഷം. പഞ്ചായത്തിലെ 11, 12 വാർഡുകളിലെ ജനങ്ങളാണ് കുടിവെള്ളം കിട്ടാതെ നെട്ടോട്ടമോടുന്നത്.
ഈ പ്രദേശങ്ങളിൽ കുടിവെള്ളം നിലച്ചിട്ട് രണ്ടാഴ്ചയിൽ ഏറെയായി. നല്ലാണിക്കൽ ഭാഗത്തെ കുഴൽക്കിണർ തകരാറിലായതാണ് കാരണം. 12ാം വാർഡിൽ പൂർണമായും 11ാം വാർഡിൽ ഭാഗികമായുമാണ് കുടിവെള്ളം നിലച്ചത്. ഇവിടത്തെ കുളങ്ങളും കിണറുകളും ഓരു നിറഞ്ഞതായതിനാൽ ഉപയോഗയോഗ്യമല്ല.
പൈപ്പു വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ജനങ്ങൾ ഇതുമൂലം കടുത്ത ദുരിതത്തിലായി. കലക്ടറുടെ ഉത്തരവ് പ്രകാരം വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത് മാത്രമാണ് നേരിയ ആശ്വാസം.
കഴിഞ്ഞ വാർഷിക പദ്ധതിയിലാണ് നല്ലാണിക്കൽ ഭാഗത്ത് മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽപെടുത്തി നല്ലാണിക്കൽ ബഡ്സ് സ്കൂൾ വളപ്പിൽ കുഴൽക്കിണർ സ്ഥാപിച്ചത്.
ഇവിടെ നിലനിന്നിരുന്ന കുഴക്കിണർ പൊട്ടിയതിനെ തുടർന്നാണ് പകരം സംവിധാനം ഒരുക്കിയത്. എന്നാൽ, ഈ കുഴൽക്കിണറുകൊണ്ട് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. ഇതുമൂലം ഭാഗികമായി തകരാറിലായ പഴയ ടൂബ് വെൽ കൂടി ഉപയോഗപ്പെടുത്തിയാണ് കുടിവെള്ള പ്രശ്നം ഒരുവിധം പരിഹരിച്ചുവന്നത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി രണ്ട് കുഴൽക്കിണറുകളും തകരാറിലായി.
പുതിയ ടൂബ് വെല്ലിൽനിന്നും മണ്ണും ചേറും കലർന്നതും ദുർഗന്ധവുമുള്ള വെള്ളവും കിട്ടിയതോടെ അതും ഇല്ലാതായി. ഫലത്തിൽ ലക്ഷങ്ങൾ മുടക്കി മാസങ്ങൾക്ക് മുമ്പ് നിർമിച്ച ഈ കുഴൽക്കിണർ പ്രയോജനപ്പെടാത്ത അവസ്ഥയാണുള്ളത്. ഭൂജലവകുപ്പിന്റെ നിർമാണത്തിലെ അപാകതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. പുതിയ കുഴൽ സ്ഥാപിക്കാൻ ജില്ല പഞ്ചായത്തിന്റെ പദ്ധതിയിൽപെടുത്തി 13 ലക്ഷം രൂപ അനുവദിച്ചെങ്കിലും തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ നിർമാണത്തിന് അനുമതി ലഭിച്ചിട്ടില്ല.
ഇതിനെതിരെ പഞ്ചായത്ത് അംഗം ബിനു പൊന്നൻ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ റവന്യൂ അധികാരികളുടെ നേതൃത്വത്തിൽ വാഹനത്തിൽ വെള്ളമെത്തിച്ച് വിതരണം ചെയ്യുന്ന പ്രവർത്തനത്തിന് തിങ്കളാഴ്ച മുതൽ തുടക്കമായി. പൈപ്പ് ജലത്തെ മാത്രം ആശ്രയിക്കുന്ന ജനങ്ങൾക്ക് ഈ വെള്ളം അപര്യാപ്തമാണ്. പ്രശ്നപരിഹാരം വൈകിയാൽ സ്ഥിതി രൂക്ഷമാകും.
വലിയ വിലകൊടുത്താണ് ആളുകൾ വീട്ടാവശ്യത്തിനുള്ള വെള്ളം ശേഖരിക്കുന്നത്. വയോധികരും രോഗികളും കടുത്ത പ്രയാസമാണ് അനുഭവിക്കുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.