തൃക്കുന്നപ്പുഴയിൽ മുണ്ടിനീര് വ്യാപിക്കുന്നു; 50ലേറെ കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു
text_fieldsആറാട്ടുപുഴ: തൃക്കുന്നപ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മുണ്ടിനീര് വ്യാപിക്കുന്നു. വിവിധ സ്കൂളുകളിൽ പഠിക്കുന്ന 50 ലേറെ കുട്ടികൾക്ക് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കുന്നപ്പുഴ ഗവ. എൽ.പി. സ്കൂളിലെ കുട്ടികൾക്കാണ് ജൂലൈ ആദ്യം മുണ്ടിനീര് ബാധ കണ്ടത്. ഒന്ന്, രണ്ട് ക്ലാസുകൾ പഠിക്കുന്ന കുട്ടികൾക്കാണ് രോഗബാധ ഏറെയും ഉണ്ടായത്. ഓണാഘോഷത്തിനുശേഷം രോഗബാധ കണ്ടതിനെ തുടർന്ന് 12 മുതൽ സ്കൂളിന് അവധി നൽകിയിരിക്കുകയാണ്. ഇപ്പോൾ പല്ലന ഗവ. എൽ.പി സ്കൂളിലെ കുട്ടികൾക്കാണ് രോഗബാധിച്ചിരിക്കുന്നത്. കാർത്തികപ്പള്ളിയിലും ഹരിപ്പാട്ടും സമീപത്തെ വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നര വയസ്സുകാരൻ മുതൽ 13 വയസ്സ് വരെയുള്ളവർക്കാണ് ബാധിച്ചിട്ടുണ്ട്.
രോഗ വ്യാപനം തടയാൻ ഊർജിതമായ പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ കൂടുതൽ ഊർജിതമാക്കുന്നതിനായി ആരോഗ്യപ്രവർത്തകരുടെയും ആശാവർക്കർമാരുടെയും അടിയന്തരയോഗം വെള്ളിയാഴ്ച നടക്കും. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാർ വഴി പ്രദേശത്ത് ബോധവത്കരണ നോട്ടീസ് വിതരണം ചെയ്യാനും അനൗൺസ്മെന്റ് നടത്താനും തീരുമാനിച്ചു.
ഗവ.എൽ.പി സ്കൂളിന് 21 ദിവസം അവധി
തൃക്കുന്നപ്പുഴ: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന തൃക്കുന്നപ്പുഴ ഗവ.എല്‍.പി സ്കൂളിൽ മുണ്ടിനീര് സ്ഥിരീകരിച്ചതിനാൽ വെള്ളിയാഴ്ച മുതല്‍ 21 ദിവസം സ്കൂളിന് അവധി അനുവദിച്ച് കലക്ടർ ഉത്തരവായി. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി ആരോഗ്യ-തദ്ദേശ വകുപ്പുമായി ചേര്‍ന്ന് നടത്തണമെന്ന് കലക്ടർ നിർദേശിച്ചു