തൃക്കുന്നപ്പുഴ പാലം; അവസാന ഉറപ്പും പാളി; മൗനം പാലിച്ച് അധികാരികൾ
text_fieldsനിർമാണത്തിലിരിക്കുന്ന തൃക്കുന്നപ്പുഴ പാലം
ആറാട്ടുപുഴ: തൃക്കുന്നപ്പുഴ ചീപ്പ് പാലത്തിന്റെ പൂർത്തീകരണ കാര്യത്തിൽ അധികാരികൾ ഇനി എന്ത് ഉറപ്പു നൽകുമെന്ന് കാതോർത്തിരിക്കുകയാണ് ജനം. ആഗസ്റ്റ് 31ന് ഉദ്ഘാടനം ചെയ്യുമെന്ന അവസാന ഉറപ്പും പാഴ് വാക്കായി മാറിയതോടെ ജനരോഷം ശക്തമാണ്. 2018 ൽ ആരംഭിച്ച 20 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണമാണ് ഏഴുവർഷം തികയുമ്പോഴും ഇഴഞ്ഞു നീങ്ങുന്നത്. കഴിഞ്ഞ മെയ് രണ്ടിന് കലക്ടറുടെ സാന്നിധ്യത്തിൽ രമേശ് ചെന്നിത്തല എം.എൽ.എ വിളിച്ച യോഗത്തിലാണ് നിർമാണം ആഗസ്റ്റ് 31ന് പൂർത്തീകരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്.
എന്ന് പൂർത്തീകരിക്കാൻ കഴിയും എന്ന കലക്ടറുടെ ചോദ്യത്തിന് ജൂലൈ 31നകം പൂർത്തീകരിക്കുമെന്ന ഉറപ്പാണ് കരാറുകാരനും പി.ഡബ്ല്യു.ഡി അധികാരികളും യോഗത്തിൽ നൽകിയത്. എന്നാൽ നിലവിലെ അവസ്ഥ ചോദിച്ചറിഞ്ഞ കലക്ടർ ഒരു മാസം കൂടി അധികം നൽകി ആഗസ്റ്റ് 31ന് പണി പൂർത്തീകരിക്കണമെന്ന് നിർദേശിച്ചു. ഇത് അവസാനത്തെ ഉറപ്പാകണമെന്നും മുന്നറിയിപ്പ് നൽകി. എക്സിക്യൂട്ടീവ് എൻജിനീയറിൽനിന്നു ഉറപ്പ് എഴുതിയും വാങ്ങി. തീരാനുള്ള പണിയെക്കുറിച്ച് ധാരണയില്ലാതെ ഉറപ്പുനൽകി കരാറുകാരനും ഉദ്യോഗസ്ഥരും കലക്ടറെയും എം.എൽ.എയെയും കബളിപ്പിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ആഗസ്റ്റ് 31നു ശേഷം കലക്ടറോ എം.എൽ.എയോ ഇക്കാര്യം മിണ്ടിയിട്ടുമില്ല.
പണി ഉടനെയെങ്ങും തീരില്ല
തൃക്കുന്നപ്പുഴ പാലത്തിന്റെ നിർമാണം അടുത്തകാലത്തെങ്ങും തീരില്ല എന്നതാണ് യാഥാർഥ്യം. പാലത്തിലൂടെ വണ്ടിയോടാൻ ഒരു വർഷം എങ്കിലും കാത്തിരിക്കേണ്ടിവരും. കോൺക്രീറ്റ് പണികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. അപ്രോച്ച് റോഡ് നിർമിക്കണമെങ്കിൽ ഇരുവശത്തും 16 വീതം പൈലിങ് നടത്തണം. ഇത് പൂർത്തിയാകാൻ ഏറെനാൾ വേണ്ടിവരും എന്നാണ് കരാറുകാർതന്നെ പറയുന്നത്.
പൈലിങ് പണി ഇനിയും ആരംഭിച്ചിട്ടില്ല. പാലം ഗതാഗതത്തിന് തുറന്നു കൊടുത്താലും ഓരുവെള്ളം കടക്കുന്നത് തടയാനുള്ള ഷട്ടർ സ്ഥാപിക്കുന്നത് അടക്കം പ്രധാന പണികൾ പിന്നെയും ശേഷിക്കും.
പണി വൈകുംതോറും നഷ്ടങ്ങൾ ഏറെ
പാലത്തിന്റെ പൂർത്തീകരണം വൈകുംതോറും ഖജനാവിന് ഭീമമായ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതി മാസം 13 ലക്ഷം രൂപയാണ് ജങ്കാർ സർവിസിനായി സർക്കാർ ചെലവഴിക്കുന്നത്. ഇതിനോടകം മൂന്ന് കോടി രൂപ ജങ്കാർ വാടകയായി ചെലവഴിച്ചു. നിർമാണത്തെ തുടർന്ന് ഷട്ടർ തുറന്നു കിടക്കുന്നതിനാൽ കുട്ടനാട് അപ്പർ കുട്ടനാട് പാടശേഖരങ്ങൾ ഓരു വെള്ള ഭീഷണി നേരിടുന്നു. പാലത്തിൽ സ്ഥാപിക്കാനായി വർഷങ്ങൾക്കു മുമ്പ് ഇവിടെ എത്തിച്ച ഷട്ടറുകൾ തുരുമ്പെടുത്ത് നശിക്കുകയാണ്. ഇത് കൃഷിയെ ഗുരുതരമായി ബാധിക്കും എന്ന് ആശങ്കയുണ്ട്. ഇതുവഴിയുള്ള ജല ഗതാഗതവും പൂർണമായും തടസ്സപ്പെട്ട അവസ്ഥയിലാണ്.
ജനങ്ങളുടെ ദുരിതം ആരും കാണുന്നില്ല
തൃക്കുന്നപ്പുഴ-മാവേലിക്കര പാതയിലെ ഈ പാലം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ നിവാസികൾക്ക് ദേശീയപാത, സ്കൂളുകൾ, കോളജുകൾ, ഹരിപ്പാട് താലൂക്ക് ആശുപത്രി, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന മാർഗമാണ്. ഗതാഗതം മുടങ്ങിയതോടെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. രാത്രി ഒൻപത് മണിവരെ മാത്രമാണ് ജങ്കാർ സർവിസ് ഉള്ളത്. ഇത് മൂലം അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുന്നു. കച്ചവടക്കാരും വലിയ ദുരിതത്തിലാണ്. അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് 12 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ട ദുരവസ്ഥയാണ് ജനങ്ങൾ അനുഭവിക്കുന്നത്.
നിർമാണത്തിന്റെ നാൾവഴികൾ
കേന്ദ്ര ഉൾനാടൻ ജലഗതാഗത വകുപ്പും കേരള ജലസേചന വകുപ്പും ചേർന്നുള്ള തൃക്കുന്നപ്പുഴചീപ്പ് പാലത്തിന്റെ പുനർനിർമാണ പദ്ധതി ചീരൻസ് കൺസ്ട്രക്ഷൻ 34.12 കോടി രൂപക്ക് 2018-ൽ ഏറ്റെടുത്തു. 2020 ഫെബ്രുവരിയിൽ പൂർത്തിയാകേണ്ടിയിരുന്ന പാലം കോവിഡ് കാരണം വൈകി. തുടർന്ന്, എസ്റ്റിമേറ്റ് 41 കോടിയായി വർധിപ്പിക്കുകയും 2022 മാർച്ചിൽ പൂർത്തീകരിക്കാൻ കാലാവധി നീട്ടുകയും ചെയ്തു. എന്നിട്ടും, ഷട്ടർ ലോക്കിന്റെ നാല് തൂണുകൾ മാത്രമാണ് പൂർത്തിയായത്. 2022 ഒക്ടോബറിൽ കലക്ടറുടെയും രമേശ് ചെന്നിത്തല എം.എൽ.എയുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ 2023 ഡിസംബറിൽ പണി പൂർത്തിയാക്കുമെന്ന് കരാറുകാർ ഉറപ്പുനൽകി. ഈ വാഗ്ദാനവും പാലിക്കപ്പെട്ടില്ല.
ജങ്കാർ സർവിസ് മാത്രം ഏർപ്പെടുത്തി നിലവിലുള്ള പാലം പൊളിച്ച് നിർമാണം തുടരാനുള്ള നീക്കം ജനങ്ങൾ തടഞ്ഞതിനെ തുടർന്ന് 20 ലക്ഷം രൂപ ചെലവിൽ 12 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമുള്ള ഇരുമ്പുപാലം ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കുമായി നിർമിച്ചു. 2024 മെയിൽ പഴയ പാലം പൊളിച്ചപ്പോൾ ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കും എന്നായിരുന്നു അധികാരികൾ ഉറപ്പുനൽകിയത്. ഒരു വർഷവും നാലുമാസവും പിന്നിട്ടിട്ടും പാലം പണി എന്ന് തീരുമെന്ന് ഉറപ്പ് പറയാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.


