വയോധികയുടെ കൊലപാതകം പൊലീസ് അന്വേഷണം ഊർജിതം; പ്രതികൾ ഉടൻ പിടിയിലാകുമെന്ന് സൂചന
text_fieldsആറാട്ടുപുഴ: മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായും രണ്ട് ദിവസത്തിനുള്ളിൽ അറസ്റ്റുണ്ടാകുമെന്നുമാണ് പൊലീസ് നൽകുന്ന സൂചന. കൊല്ലപ്പെട്ട തങ്കമ്മയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഞായറാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന.
പ്രാഥമിക റിപ്പോർട്ട് പ്രകാരം മുങ്ങിമരണമാണെന്നാണ് വ്യക്തമാകുന്നത്. തങ്കമ്മയുടെ തലയുടെ പിന്നിൽ ശക്തമായി അടിയേറ്റ തരത്തിലുള്ള പരിക്കുകളുണ്ട്. അടിയേറ്റ് അബോധാവസ്ഥയിലായ ഇവരെ ജീവനോടെ തന്നെ കായലിൽ കെട്ടിത്താഴ്ത്തിയതാകാമെന്നാണ് പൊലീസ് ബലമായി സംശയിക്കുന്നത്.
മോഷണശ്രമത്തിനിടയിലാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്. തങ്കമ്മയെയും ഇവരുടെ വീടിനെയും കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഒന്നിൽ കൂടുതൽ ആളുകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംശയമുള്ള നിരവധി പേരെ ഇതിനകം തന്നെ പൊലീസ് ചോദ്യം ചെയ്തു കഴിഞ്ഞു.
പ്രദേശവാസിയായ ഒരാളെ ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. അയൽവാസികളുടെ മൊഴിയും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ മുതലാണ് ഒറ്റയ്ക്ക് താമസിച്ചു വന്ന തങ്കമ്മയെ കാണാതായത്. തുടർന്ന് കനകക്കുന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ ആറോടെ ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്ക് സമീപം കായലിൽ മൃതദേഹം കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി എം.പി. മോഹന ചന്ദ്രന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ മൂന്ന് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് നിലവിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.


