ആറാട്ടുപുഴ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ചട്ടം ലംഘിച്ച് കട നിർമാണം
text_fieldsആറാട്ടുപുഴ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ചട്ടം ലംഘിച്ച് നടക്കുന്ന കട നിർമാണം
ആറാട്ടുപുഴ: പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടക്കുന്ന കട നിർമാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. നിർമാണം അനധികൃതമാണെന്നാണ് ആക്ഷേപം. ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കളാണ് നിർമാണത്തിന് ഒത്താശ ചെയ്യുന്നത്. റവന്യൂ ഭൂമി കൈയേറാൻ നീക്കമുണ്ടെന്നും ആരോപണമുണ്ട്. ആറാട്ടുപുഴ ബസ്സ്റ്റാൻഡ്-വെട്ടത്ത് കടവ് റോഡിൽ വെട്ടത്ത് കടവിലെ പുതിയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ തൊട്ടുമുന്നിൽ റോഡിന്റെ മറുവശത്തായാണ് പുതിയ നിർമാണ പ്രവർത്തനം നടക്കുന്നത്. കെട്ടിട നിർമാണ ചട്ടപ്രകാരം റോഡിന്റെ അതിർത്തിൽനിന്ന് മൂന്നു മീറ്റർ അകലെ മാത്രമേ നിർമാണ പ്രവർത്തനം നടത്താൻ കഴിയുകയുള്ളൂ. റോഡിൽനിന്ന് മൂന്നു മീറ്റർ വീതിയുള്ള സ്ഥലത്താണ് നിർമാണത്തിന് ഒരുങ്ങുന്നത്. ഇതിനായി പില്ലറുകൾ സ്ഥാപിച്ചു കഴിഞ്ഞു. റോഡിനോട് ചേർന്നാണ് പില്ലറുകൾ നിൽക്കുന്നത്.
അവധി ദിവസമായ രണ്ടാം ശനിയാഴ്ചയാണ് പില്ലർ സ്ഥാപിക്കുന്ന ജോലികൾ നടന്നത്. പ്രദേശത്തെ പ്രമുഖ സി.പി.എം നേതാക്കളുടെ ഒത്താശയോടെയാണ് ഈ നിയമലംഘനം നടക്കുന്നത്. പ്രദേശവാസികൾ ഇതിനെതിരെ രംഗത്ത് വരുകയും നിർമാണം തടസ്സപ്പെടുത്തുകയും ചെയ്തു. ഗതാഗതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഭാവിയിലെ റോഡ് വികസനത്തിന് തടസ്സമാകുമെന്നും പ്രതിഷേധക്കാർ പറയുന്നു. എന്നാൽ, സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കൾ നിർമാണത്തിന് അനുകൂലമായി രംഗത്ത് വരുകയും നിർമാണം പൂർത്തിയാക്കുമെന്ന് വെല്ലുവിളി നടത്തുകയും ചെയ്തിരിക്കുകയാണ്.
സൂനാമി കോളനിക്കായി റവന്യൂ വകുപ്പ് ഏറ്റെടുത്ത സ്ഥലത്തോട് ചേർന്നാണ് കടമുറി പണിയുന്നത്. നിർമാണത്തിന്റെ മറവിൽ റവന്യൂ ഭൂമി കൈയേറാനും സാധ്യതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്ത് അധികൃതരുടെ മൂക്കിനു താഴെ ഗുരുതര ചട്ടലംഘനം നടത്തുന്നതിനെതിരെ അധികാരികൾ എന്തു നടപടി കൈക്കൊള്ളുമെന്ന് കാത്തിരിക്കുകയാണ് നാട്ടുകാർ. വെട്ടത്ത് കടവിലെ പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം വാങ്ങിയ വിഷയത്തിൽ വിവാദം ഇനിയും അടങ്ങിയിട്ടില്ല. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളുടെ കടബാധ്യത തീർക്കാനാണ് ഓഫിസിന് അനുയോജ്യമല്ലാത്ത കെട്ടിടം വാങ്ങിയെന്നാണ് ആരോപണം. ഈ വിവാദത്തിന് പിന്നിലുള്ളവർൾ തന്നെയാണ് പുതിയ വിവാദത്തിന് പിന്നിലുള്ളത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കാൻ നേതാക്കൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പാർട്ടിക്കും തലവേദനയാവുകയാണ്.


