കണ്ണീരോർമയിൽ ആറാട്ടുപുഴ ഗ്രാമം; സൂനാമിയുടെ നടുക്കം മാറാതെ രണ്ടു പതിറ്റാണ്ട്
text_fields1. കടൽക്ഷോഭ സമയത്തെ വലിയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡിന്റെ അവസ്ഥ 2. പാതിവഴിയിൽ നിലച്ച രാമഞ്ചേരി ഫിഷ് മീൽ പ്ലാന്റ്
ആറാട്ടുപുഴ: തീരവാസികളെ കണ്ണീരിലാഴ്ത്തിയ സൂനാമി ദുരന്തത്തിന്റെ കണ്ണീർ ഓർമകൾക്ക് വ്യാഴാഴ്ച രണ്ട് പതിറ്റാണ്ട്. 2004 ഡിസംബർ 26ന് ലോകത്തെ നടുക്കിയ സൂനാമി ദുരന്തത്തിന്റെ കെടുതികൾ ഏറെ അനുഭവിച്ച ആറാട്ടുപുഴ തീരഗ്രാമത്തിന്റെ സങ്കടങ്ങൾക്ക് ഇനിയും അറുതിയായില്ല. ദുരന്തത്തിൽ നഷ്ടമായവരുടെ കണ്ണീർഓർമകളും അധികാരികൾ കാട്ടിയ വഞ്ചനയുടെ നോവും ആറാട്ടുപുഴ ഗ്രാമം വ്യാഴാഴ്ച അനുസ്മരിക്കും. സ്ത്രീകളും കുട്ടികളുമടക്കം 29 പേരാണ് ആറാട്ടുപുഴയിൽ മാത്രം പൊലിഞ്ഞത്. ചേർത്തല അന്ധകാരനഴിയിൽ ഏഴ് പേരും മരിച്ചു. ആറാട്ടുപുഴ നിവാസികൾക്ക് സൂനാമി താങ്ങാനാകാത്ത നഷ്ടങ്ങളാണ് വരുത്തിവെച്ചത്.
മത്സ്യത്തൊഴിലാളികളും കയർ തൊഴിലാളികളുമായ നൂറുകണക്കിന് പാവങ്ങളുടെ ജീവിത സമ്പാദ്യങ്ങൾ മുഴുവൻ കടലെടുത്തു. പെരുമ്പള്ളി, തറയിൽകടവ്, വലിയഴീക്കൽ തകർന്നടിഞ്ഞത്. ആവശ്യത്തിലധികം സൂനാമി ദുരന്തഭൂമിയുടെ പുനരധിവാസത്തിനായി എത്തിയെങ്കിലും പ്രദേശവാസികൾ കാലങ്ങളായി അനുഭവിക്കുന്ന കടൽക്ഷോഭ ദുരന്തത്തിന് പോലും പരിഹാരം കാണാൻ കഴിഞ്ഞില്ല.
ആറാട്ടുപുഴ ഗ്രാമത്തിന്റെ പുനർനിർമാണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതികൾ ഏറെയും രണ്ട് പതിറ്റാണ്ട് പൂർത്തിയാകുമ്പോഴും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്.
കൃത്യമായ ആസൂത്രണമില്ലാതെ തുലച്ചുകളഞ്ഞ കോടികൾക്ക് കൈയും കണക്കുമില്ല. ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത ഒരുപിടി പദ്ധതികളുടെ ശവപ്പറമ്പായി ആറാട്ടുപുഴ മാറി. കോടികൾ മുതൽ മുടക്കി നിർമിച്ച നിരവധി പദ്ധതികളാണ് പ്രയോജനപ്പെടാതെ നോക്കുകുത്തിയായി നിൽക്കുന്നത്.
ആയുർവേദ ആശുപത്രിയിലെ കിടത്തിച്ചികിത്സാ വാർഡ് (35 ലക്ഷം) വലിയഴീക്കൽ ഗവ.എച്ച്.എസ്.എസ് സ്കൂൾ കെട്ടിടം (46 ലക്ഷം), മംഗലം ഗവ.എച്ച്.എസ്.എസിൽ നിർമിച്ച ക്ലാസ് മുറികൾ (23 ലക്ഷം), ഫിഷറീസ് ആശുപത്രി വളപ്പിൽ നിർമിച്ച ഒ.പി കെട്ടിടം, പെരുമ്പള്ളി കുറിയപ്പശേരി ക്ഷേത്രത്തിന് സമീപം നിർമിച്ച ക്ലസ്റ്റർ പ്രോഡക്ഷൻ യൂനിറ്റ് തുടങ്ങി പദ്ധതികളാണ് പാതിവഴിയിൽ നിലച്ചുപോയത്.
മൽസ്യഫെഡിന്റെ മേൽനോട്ടത്തിൽ രാമഞ്ചേരിയിൽ നിർമിച്ച ഫിഷ് മീൽ പ്ലാന്റ് ഉദ്ഘാടനം പലത് കഴിഞ്ഞിട്ടും ഇന്നും പ്രവർത്തനം തുടങ്ങിയിട്ടില്ല. മണിവേലിക്കടവ് സൂനാമി കോളനിയിലെ വീടുകളിൽ മരണം മുന്നിൽകണ്ടാണ് ആളുകൾ അന്തിയുറങ്ങുന്നത്. ദുരന്ത ബാധിതരോട് അധികാരികൾ തുടരുന്ന കടലോളം പോന്ന വഞ്ചനയുടെ പ്രതിഷേധവും ഓർമപ്പെടുത്തലും കൂടിയാണ് ആറാട്ടുപുഴയിലെ ഓരോ സൂനാമി അനുസ്മരണ ദിനവും.