ഓടുമേഞ്ഞ ഷെഡ് തകർന്നുവീണു; ഏഴംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു
text_fieldsതകർന്നുവീണ ഷെഡിനരികിൽ കുടുംബാംഗങ്ങൾ
അരൂര്‍: കുട്ടികള്‍ ഉള്‍പ്പടെയുള്ള കുടുംബം താമസിച്ചിരുന്ന ഓട് മേഞ്ഞ ഇടിഞ്ഞുവീണു. തലനാരിഴക്കാണ് കുടുംബത്തിലെ ഏഴു പേർ രക്ഷപ്പെട്ടത്. എഴുപുന്ന ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് നീണ്ടകര നരിയാണ്ടി പുതുവല്‍ നികര്‍ത്തില്‍ സലിയുടെ വീടാണ് വീണത്. 30 വര്‍ഷത്തോളം പഴക്കമുള്ള ഷെഡ് കോണ്‍ക്രീറ്റ് തൂണുകളിലാണ് ഉറപ്പിച്ചിരുന്നത്.
ഭാര്യ സനിതക്ക് പല്ലുവേദനയായിരുന്നതിനാല് ദമ്പതികള്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. മുകളില്‍ നിന്ന് എന്തോ ഞെരിയുന്ന ശബ്ദം കേട്ട ഉടനെ തൻ സലി കുടുംബാംഗങ്ങളെ എല്ലാവരേയും പുറത്തിറക്കി. രണ്ട് മിനിറ്റിനകം മേല്‍ക്കൂരയടക്കം നിലംപൊത്തി. വീട്ടിലുണ്ടായിരുന്ന സകല സാധനസാമഗ്രികളും തകര്‍ന്ന് തരിപ്പണമായി.കാലപ്പഴക്കമുള്ള വീടിന് അറ്റകുറ്റപ്പണി യഥാസമയം നടത്തുന്നതിന് തീരദേശപരിപാലന നിയമം തടസ്സമായിരുന്നു. ലൈഫ് പദ്ധതിയില്‍ ഇവര്‍ക്കനുവദിച്ച വീടും ഇതേകുരുക്കില്പെട്ടു കിടക്കുകയാണ്. ഇതിനിടെയാണ് അപകടം.
രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഷാജി പഞ്ചായത്തംഗത്തിനൊപ്പം സന്ദര്‍ശിച്ചു. തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ പരാതി നല്കി. കെട്ടിടം പണിക്കാരനാണ് സലി. ദമ്പതികളും സരയു, സാരംഗി, സായ് കൃഷ്ണ എന്നീ മൂന്നുമക്കളും സലിയുടെ അമ്മ സുകുമാരി, അമ്മയുടെ അമ്മ സരോജിനി എന്നിവരാണ് രണ്ട് മുറികളുള്ള ഷെഡിലെ താമസക്കാര്‍.


