ജലവിതരണ പൈപ്പ് നന്നാക്കാൻ കാന പൊട്ടിച്ചു
text_fieldsതകരാറിലായ പൈപ്പ് ലൈന്‍ നന്നാക്കാൻ എരമല്ലൂര്‍ കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രത്തിന് സമീപം കാന പൊട്ടിക്കുന്നു
അരൂര്‍: എരമല്ലൂര്‍ കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രത്തിന് സമീപം ദേശീയപാതയിൽ കാന പൊട്ടിച്ച് തകരാറിലായ പൈപ്പ് ലൈന്‍ നന്നാക്കി. തിങ്കളാഴ്ച രാത്രിയോടെയാണ് ജോലികള്‍ പൂര്‍ത്തീകരിച്ചത്. പ്രദേശത്ത് ജലവിതരണത്തിന് ഉപയോഗിക്കുന്ന നാലിഞ്ച് വലിപ്പമുള്ള പൈപ്പാണ് ഞായറാഴ്ച പൊട്ടിയത്. പൈപ്പ് ലൈനിന്റെ മുകളില്‍ കാന പണിഞ്ഞതാണ് പണിയായത്.
പൈപ്പിനു മുകളിൽ കാന പണിയുന്നതില്‍ ജനങ്ങളും ജനപ്രതിനിധികളും പ്രതിഷേധിച്ചിരുന്നതാണ്.
പൈപ്പ് മാറ്റുന്നതിനുള്ള നിര്‍ദേശം അവഗണിച്ചാണ് ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പിനിയും കാന നിര്‍മിച്ചത്. പലയിടത്തും കാനക്കും ടൈല്‍-ടാര്‍ റോഡുകള്ക്കുമടിയിലാണ് ജലവിതരണ പൈപ്പ്. ആദ്യഘട്ടത്തില്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന ദേശീയപാതക്കിരുവശവുമായി 17.6 കിലോമീറ്റര്‍ ദൂരത്തിലെ പൈപ്പ് മാറ്റണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഇതില്‍ 2.5 കിലോമീറ്റര്‍ ദൂരം മാത്രമായിരുന്നു മാറ്റിയത്. പിന്നീട് 6.32 കോടി രൂപയുടെ എസ്റ്റിമേറ്റ് പൈപ്പ് മാറ്റത്തിനായി കൈമാറിയെങ്കിലും അത് പരിഗണിച്ചുപോലുമില്ല. ഉയരപ്പാത നിര്‍മാണം അവസാനഘട്ടത്തോടടുക്കുമ്പോള്‍ കാനക്കടിയിലെ പൈപ്പ് ജനങ്ങളിൽ കടുത്ത ആശങ്കയാണ് സമ്മാനിക്കുന്നത്.


