അപകട മരണങ്ങൾ തുടർക്കഥയാകുന്നു; വിറങ്ങലിച്ച് അരൂർ
text_fieldsസേവ്യറിനെ കണ്ടെയ്നർ ലോറിയുടെ അടിയിൽനിന്ന് എടുത്തുമാറ്റുന്നു
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചവർ അമ്പതോളമാകുന്നു. ബുധനാഴ്ച വൈകീട്ട് നാലിന് ദേശീയപാതയിൽ എരമല്ലൂർ കൊച്ചുവെളി കവലക്കു സമീപം സൈക്കിൾ യാത്രികൻ കണ്ടൈനർ ലോറിയിടിച്ച് മരിച്ചു. എരമല്ലൂർ പടിഞ്ഞാറെ കണ്ടേക്കാട് സേവ്യറാണ് (77) മരിച്ചത്. ആവർത്തിച്ചുള്ള അപകടങ്ങൾ നാട്ടുകാരെ നിസ്സഹായാവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. അപകടങ്ങളും മരണങ്ങളും ഉണ്ടാകുമ്പോൾ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുന്നത് പതിവായിരുന്നു.
എന്നാൽ, ഇപ്പോൾ അപകടങ്ങൾ നിത്യമാകുമ്പോൾ, നാട്ടുകാർ സാക്ഷികളായി വെറുതെ നിൽക്കുക മാത്രമാണിപ്പോൾ. അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ തന്നെ നിർദേശിച്ച നിബന്ധനകൾ ഒന്നും പാലിക്കാൻ നിർമാണ കമ്പനിയും വാഹനങ്ങളെകൊണ്ട് നിർദേശങ്ങൾ പാലിപ്പിക്കാൻ സർക്കാർ സംവിധാനങ്ങളും ശ്രമിക്കുന്നില്ല. ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്നാണ് നാട്ടുകാർ പറയുന്നത്.
എറണാകുളം ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ടാണ് സേവ്യർ മരിച്ചത്. കണ്ടെയ്നർ പോലുള്ള വലിയ വാഹനങ്ങളെ നിർമാണം നടക്കുന്ന ദേശീയപാതയിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ, ഇത്തരം വാഹനങ്ങളെ വഴിതിരിച്ചുവിടാനോ നിയന്ത്രിക്കാനോ സംവിധാനങ്ങൾ ഇല്ലാത്തത് തുടരെ തുടരെയുള്ള അപകടങ്ങൾക്കിടയാക്കുന്നു.